| Monday, 28th November 2022, 2:13 am

ജര്‍മനിക്ക് മുമ്പില്‍ ഓസിലിനെ ഓര്‍മിപ്പിച്ച് ഗ്യാലറിയില്‍ പ്രതിഷേധം

സ്പോര്‍ട്സ് ഡെസ്‌ക്

കളിക്കളത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഫിഫയുടെ നടപടിക്കെതിരെ ആദ്യ മത്സരത്തിന് മുമ്പ് വാ പൊത്തിക്കൊണ്ട് ജര്‍മന്‍ ടീം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകളാണ് നടന്നിരുന്നത്. ജര്‍മന്‍ ടീമിന്റെ ഈ പ്രതിഷേധം ഇരട്ടത്താപ്പാണന്ന് വിമര്‍ശനമുണ്ടായിരുന്നു.

മെസ്യൂട് ഓസിലിനെ പോലുള്ള ഒരു ലോകോത്തര താരത്തിന് വംശീയമായ കാരണങ്ങളാല്‍ ജര്‍മന്‍ ടീം ഉപേക്ഷിക്കേണ്ടി വന്നതായിരുന്നു വിമര്‍ശകര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്. ആ ജര്‍മനിയാണ് ആം ബാന്‍ഡിനെതിരെയുള്ള വിലക്കുകളില്‍ പ്രതിഷേധിക്കുന്നതെന്നും ഇത് പ്രഹസനമാണെന്നും ഇവര്‍ പറഞ്ഞിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ സ്‌പെയ്ന്‍- ജര്‍മനി മത്സരം നടക്കുന്നതിനിടെ ഗ്യാലറിയില്‍ ചിലര്‍ മെസ്യൂട് ഓസിലിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഖത്താറികളായ കാണികളാണ് ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് ചില ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ പറയുന്നത്.

2018 ലോകകപ്പില്‍ ജര്‍മനിയുടെ ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം ടീമിനുള്ളിലെ വംശീയ അധിക്ഷേപങ്ങളില്‍ മനംനൊന്താണ് മെസ്യൂട് ഓസില്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചത്. ജര്‍മന്‍ ഫുട്‌ബോള്‍ പ്രസിഡന്റ് റൈന്‍ഹാര്‍ഡ് ഗ്രിന്‍ഡല്‍ തുടര്‍ച്ചയായി തന്നോട് വംശീയമായ വിവേചനം കാണിക്കുന്നു എന്ന് വിരമിക്കല്‍ തീരുമാനത്തിന് പിന്നാലെ ഓസില്‍ തുറന്നുപറഞ്ഞിരുന്നു.

‘ഞങ്ങള്‍ ജയിക്കുമ്പോള്‍ ഞാന്‍ ജര്‍മന്‍ പൗരനാണ്. എന്നാല്‍ ഞങ്ങള്‍ പരാജയപ്പെട്ടാല്‍ ഞാന്‍ കുടിയേറ്റക്കാരനാണ്,’ എന്നാണ് വിരമിച്ച ശേഷം ഓസില്‍ പ്രതികരിച്ചിരുന്നത്.

ക്ലോസെ ഉള്‍പ്പടെയുള്ള പോളിഷ് വംശജരായ കളിക്കാരെയൊന്നും ജര്‍മന്‍-പോളിഷ് എന്ന് അഭിസംബോധന ചെയ്യാത്ത ആരാധകര്‍ തന്നെ മാത്രം ജര്‍മന്‍-ടര്‍ക്കിഷ് എന്ന് സംബോധന ചെയ്യുന്നതിലെ പൊരുത്തക്കേട് തനിക്ക് മനസ്സിലാകുന്നിലെന്നും താരം പ്രതികരിച്ചിരുന്നു.

ടര്‍ക്കിഷ് പ്രസിഡന്റും വലതുപക്ഷ നേതാവുമായ റജബ് ത്വയ്യിബ് എര്‍ദോഗന്റെ ഒപ്പമുള്ള ഓസിലിന്റെ ഫോട്ടോകളായിരുന്നു ജര്‍മനിയിലെ നവനാസികളെ ചൊടിപ്പിച്ചിരുന്നത്.

ജര്‍മനിയുടെ തോല്‍വിക്ക് ഉത്തരവാദി ഓസില്‍ ആണെന്ന തരത്തില്‍ വരെ വലിയ പ്രചാരണങ്ങള്‍ തീവ്രവലതുപക്ഷവാദികള്‍ രാജ്യത്ത് നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജര്‍മനിക്കും ആഴ്സണലിനും വേണ്ടി മികച്ച ഫോമില്‍ കളിച്ചിരുന്ന അന്ന് 31 വയസുണ്ടായിരുന്ന താരം വിരമിച്ചത്.

Content Highlight: Qatar fans rising mesut özil’s picture before Germany Vs Spain

We use cookies to give you the best possible experience. Learn more