'മുമ്പൊരിക്കലുമില്ലാത്ത വിമര്‍ശനങ്ങളാണ് ഖത്തറിനെതിരെ ഉയര്‍ന്നത്, എല്ലാം കെട്ടിച്ചമച്ചതാണ്'; തുറന്നടിച്ച് ഖത്തര്‍ അമീര്‍
World News
'മുമ്പൊരിക്കലുമില്ലാത്ത വിമര്‍ശനങ്ങളാണ് ഖത്തറിനെതിരെ ഉയര്‍ന്നത്, എല്ലാം കെട്ടിച്ചമച്ചതാണ്'; തുറന്നടിച്ച് ഖത്തര്‍ അമീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th October 2022, 8:46 pm

ദോഹ: ലോക ഫുട്‌ബോള്‍ പ്രേമികളുടെ കണ്ണുകളെല്ലാം ഇപ്പോള്‍ ഖത്തറിലാണ്. ലോകകപ്പിന് വേദിയാകുന്ന ആദ്യ അറബ് രാജ്യമാണ് ഖത്തര്‍. എന്നാല്‍ വലിയ നേട്ടങ്ങള്‍ക്കിടയിലും ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി.

ലോകകപ്പ് ആതിഥേയ ചരിത്രത്തില്‍ മുമ്പൊരിക്കലുമില്ലാത്ത വിമര്‍ശനങ്ങളാണ് ഖത്തറിനെതിരെ ഉയര്‍ന്നതെന്ന് അമീര്‍ ശൈഖ് തമീം പറഞ്ഞു. ശൂറാ കൗണ്‍സില്‍ (ഖത്തര്‍ നിയമനിര്‍മാണ സഭ) യോഗത്തിലാണ് അമീര്‍ ലോകകപ്പിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ തുറന്നടിച്ചത്.

‘ലോകകപ്പ് ആഥിഥേയ ചരിത്രത്തില്‍ മുമ്പൊരിക്കലുമില്ലാത്ത വിമര്‍ശനങ്ങളാണ് ഖത്തറിനെതിരെ ഉയര്‍ന്നത്. മറ്റൊരു രാജ്യവും ഇത്തരമൊരു പ്രതിസന്ധി നേരിട്ടിട്ടില്ല. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും നിഗൂഢ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണ്,’ അമീര്‍ ശൈഖ് തമീം പറഞ്ഞു.

വിമര്‍ശനങ്ങളെ നല്ല മനസോടെയാണ് തുടക്കത്തില്‍ ഞങ്ങള്‍ സ്വീകരിച്ചത്. മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഞങ്ങള്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. എന്നാല്‍ എത്ര മാറ്റങ്ങള്‍ വരുത്തിയിട്ടും ചിലര്‍ വിമര്‍ശനം തുടര്‍ന്നു. കെട്ടിച്ചമച്ച വിവരങ്ങള്‍ പുറത്തുവിട്ടു. ഇരട്ട നിലപാടാണ് പലരും സ്വീകരിച്ചതെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.

ലോകകപ്പ് മല്‍സരത്തിനുള്ള വേദിയായി 2010ലാണ് ഫിഫ ഖത്തറിനെ തെരഞ്ഞെടുത്തത്. ഖത്തര്‍ കൈക്കൂലി കൊടുത്താണ് വേദി കൈവശപ്പെടുത്തിയത്, ചില കരാറുകള്‍ക്ക് പകരമാണ് ഇത് സ്വന്തമാക്കിയത് തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെല്ലാമാണ് അമീര്‍ പരോക്ഷമായി സൂചിപ്പിച്ചത്.

അതേസമയം, എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയില്‍പ്പെട്ട ആളുകളെ ആളുകളെ ലോകകപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് ഖത്തറില്‍ തടവിലാക്കി ഉപദ്രവിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നേരത്തെ ഖത്തറില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഡെന്‍മാര്‍ക്ക് ഫുട്‌ബോള്‍ ടീമും രംഗത്തെത്തിയിരുന്നു. ലേകകപ്പ് വേദി പ്രഖ്യാപിച്ചതിന് ശേഷം ഖത്തറില്‍ നടത്തിയ അടിസ്ഥാന സൗകര്യ വികസനങ്ങളിലടക്കം തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്നും അവരുടെ അവകാശങ്ങള്‍ പൂര്‍ണമായും നിരാകരിക്കുന്നുവെന്നും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലക്ഷക്കണക്കിന് തൊഴിലാളികള്‍ ഇത്തരത്തില്‍ ചൂഷണം നേരിട്ടെന്നും, പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Qatar faced unprecedented criticism over hosting FIFA World Cup Says emir Sheikh Tamim bin Hamad Al Thani