പശ്ചിമേഷ്യയിലെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ താങ്ങി നിര്‍ത്തുന്നത് ഫലത്തില്‍ പാശ്ചാത്യ രാജ്യങ്ങളാണ്. ഇത് പശ്ചിമേഷ്യയുടെ മാത്രം പ്രശ്നമല്ല, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഫ്രാന്‍സ് ചെയ്ത് കൂട്ടുന്ന മനുഷ്യാവകാശ ലംഘനങ്ങളും കൊള്ളയടിയും ഭീകരമാണ്. അതിന്റെ വേരുകള്‍ വംശീയതയിലാണ്.
ഖത്തര്‍ ഫുട്ബാളിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട പേര് ഏതെങ്കിലും കളിക്കാരന്റേത് ആയിരിക്കില്ല. അതൊരു ശത കോടീശ്വരനായ സംഘാടകന്റെ പേരാണ് – മുഹമ്മദ് ബിന്‍ ഹമ്മാം. നിര്‍മാണ രംഗത്ത് നിന്നും ഫുട്‌ബോള്‍ സംഘാടകന്റെ റോളിലേക്ക് മാറിയ മുഹമ്മദ്, ഖത്തറിലെ അല്‍ റയ്യാന്‍ ക്ലബിന്റെ പ്രസിഡന്റായി ക്ലബിനെ നിര്‍ണായക നേട്ടങ്ങളിലേക്ക് നയിച്ചു.
പിന്നീട് 1992 ല്‍ ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്റെ പ്രസിഡന്റായി മാറിയ മുഹമ്മദ് 1996 ല്‍ ഫിഫയുടെ അധികാര കേന്ദ്രമായ എക്‌സിക്യൂട്ടീഫ് കമ്മിറ്റിയില്‍ അംഗമായി. 1998 ല്‍ സെപ് ബ്ലാറ്റര്‍ ഫിഫാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നിര്‍ണായക പിന്തുണയുമായി മുഹമ്മദ് കൂടെയുണ്ടായിരുന്നു. ഖത്തറിനപ്പുറത്ത് മുഹമ്മദിന്റെ കരിയര്‍ തിളങ്ങാന്‍ തുടങ്ങിയതുതൊട്ട് ആരോപണങ്ങളും ഉയര്‍ന്ന് വന്ന് തുടങ്ങി. ആഫ്രിക്കയില്‍ നിന്നുള്ള ചില ഫിഫാ അംഗങ്ങള്‍ക്ക് പാരീസിലേക്കുള്ള യാത്രാ ചിലവ് നല്‍കിയതായി മുഹമ്മദ് തന്നെ സമ്മതിച്ചു.
പിന്നീട് 2002 ല്‍ സുപ്രധാനമായ ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് 2011 വരെ സ്ഥാനത്ത് തുടര്‍ന്നു. ഈ കാലയളവിലാണ് ഖത്തര്‍ അമീറുള്‍പ്പെടുന്ന ഭരണാധികാരികളുടെ മനസ്സിലേക്ക് ലോകകപ്പ് ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ കടന്നു വരുന്നത്. സ്വാഭാവികമായും നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനുള്ള ചുമതല അമീറിന്റെ വിശ്വസ്തനായ മുഹമ്മദിനായിരുന്നു.
മുഹമ്മദാണെങ്കില്‍ 2011 ല്‍ ഫിഫാ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാനൊരുങ്ങി. അതും സെപ് ബ്ലാറ്റര്‍ക്കെതിരെ. ഫിഫയെ ‘ശുദ്ധീകരിക്കാനും’ ‘കൂടുതല്‍ സുതാര്യമാക്കാനുമാണ്’ താന്‍ മല്‍സരിക്കുന്നതെന്ന് ഒരു പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരന്റെ മെയ് വഴക്കത്തോടെ മുഹമ്മദ് തട്ടി വിട്ടു.
പക്ഷേ വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് മുഹമ്മദ് ഞെട്ടിച്ചു. തൊട്ടുടനെ ഫിഫയുടെ എതിക്‌സ് കമ്മിറ്റി മുഹമ്മദിനെ സസ്‌പെന്റ് ചെയ്തു. 25 കരീബിയന്‍ ഫുട്‌ബോള്‍ യൂണിയന്‍ (CFU) അംഗങ്ങള്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണമായിരുന്നു കാരണം.
ഇതിനായി 40,000 ഡോളര്‍ വീതമുള്ള കൈക്കൂലി തുക വിതരണം ചെയ്തത് എക്‌സിക്യൂട്ടീവ് അംഗമായ ജാക് വാര്‍ണര്‍ ആണെന്നായിരുന്നു ആരോപണം. ആരോപണം വന്നയുടനെ വാര്‍ണര്‍ രാജിവെച്ചു. പോവുന്ന പോക്കില്‍ ഫിഫക്കുള്ളിലെ ‘അഴിമതിയുടെ സുനാമി’ താന്‍ തുറന്ന് വിടുമെന്ന് മൂപ്പരും തട്ടി വിട്ടു. അത് വെറും ഭീഷണിയായി ഒതുങ്ങിയെന്നത് പിന്നീടത്തെ ചരിത്രം.
പക്ഷേ ഫിഫാ ജനറല്‍ സെക്രട്ടറി ജെറോം വാക്കെയുടെ ഇ-മെയില്‍ ചോര്‍ത്തപ്പെട്ടു. ഈ മെയിലില്‍ ‘ഖത്തര്‍ ലോകകപ്പ് വാങ്ങി (Qatar bought the world cup )’ എന്ന പരാമര്‍ശമുണ്ടായിരുന്നു. പരാമര്‍ശം വിവാദമായപ്പോള്‍ ഇത് താന്‍ ആലങ്കാരികമായി പറഞ്ഞതാണെന്ന് പറഞ്ഞ് ജെറോം കൈ കഴുകി. പക്ഷേ 19 CFU അംഗങ്ങള്‍ക്കെതിരില്‍ ഫിഫ ബാന്‍ അടക്കമുള്ള നടപടികളെടുത്തു.
പിന്നീട് 2012 ല്‍ മുഹമ്മദിനെതിരില്‍ ഫിഫ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ഇതിനെതിരെ മുഹമ്മദ് കോടതി വിധി സമ്പാദിച്ചു. ‘മുഹമ്മദിനെ പണവുമായി ബന്ധിപ്പിക്കുന്ന നേരിട്ടുള്ള തെളിവുകളുടെ അഭാവമായിരുന്നു” വിധി പ്രകാരം മുഹമ്മദിന് തുണയായത്.
പക്ഷേ അപ്പോഴും മുഹമ്മദിനെതിരായ സംശയങ്ങളെ പൂര്‍ണമായും തള്ളിക്കളയാത്തതായിരുന്നു കോടതി വിധി. അധികം വൈകാതെ മുഹമ്മദ് എല്ലാ സ്ഥാനത്ത് നിന്നും രാജിവെച്ചു. പിന്നീട് മൈക്കല്‍ ഗാര്‍സ്യായുടെ നേതൃത്വത്തില്‍ ഫിഫയുടെ എതിക്‌സ് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ‘Conflict of interests’ മുഹമ്മദിന്റെ കാര്യത്തില്‍ ‘നിരന്തരം ലംഘിക്കപ്പെട്ടതായി’ കണ്ടെത്തി.
ഈ കാലഘട്ടങ്ങളിലുടനീളം നിരവധി യൂറോപ്യന്‍ മാധ്യമങ്ങള്‍ ഫിഫയിലെ കൈക്കൂലി സംബന്ധമായ വാര്‍ത്തകള്‍ പുറത്തുവിട്ടു, പലതും ഇ മെയില്‍ അടക്കമുള്ള തെളിവുകളുടെ പിന്‍ബലത്തില്‍.
ഇതില്‍ ശ്രദ്ധേയമായ കാര്യം ഈ ആരോപണങ്ങള്‍ ഏതെങ്കിലും ഒരു വ്യക്തിയിലോ ഒരു രാജ്യത്തിലോ ഒരു സംഭവത്തിലോ മാത്രമായി ഒതുങ്ങിയിരുന്നില്ല എന്നതാണ്. സെപ് ബ്ലാറ്റര്‍, മുഹമ്മദ്, ജര്‍മന്‍ ഫുട്ബാള്‍ ഇതിഹാസമായ ഫ്രാന്‍സ് ബെക്കന്‍ബോവര്‍ തുടങ്ങിയ നിരവധി വ്യക്തികളും രാജ്യങ്ങളും ആരോപണവും അന്വേഷണങ്ങളും നേരിട്ടു.
ഖത്തര്‍ ലോകകപ്പ് മാത്രമല്ല റഷ്യന്‍ ലോകകപ്പിന് പിന്നിലെ അഴിമതികളും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഒരുപാട് ഫിഫ ഒഫീഷ്യലുകള്‍ നടപടി നേരിട്ടു. അമേരിക്ക അടക്കം പല രാജ്യങ്ങളിലും കേസുകള്‍ വന്നു. പലതിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടു. ചില കേസുകള്‍ ഇപ്പോഴും തുടരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ബെല്‍ജിയം പൊലീസ് ഇതുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്തത്. സെപ് ബ്ലാറ്റര്‍ 6 വര്‍ഷത്തെ നിരോധനവും ഭീമമായ പിഴയും നേരിട്ടു. ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട പലതും ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഖത്തര്‍ ലോകകപ്പ് ശ്രമങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത് ഖത്തര്‍ ശ്രമങ്ങളുടെ ഭാഗമായ വിസില്‍ ബ്ലോവര്‍ ഫിത്‌റ അല്‍ മാജിദ് ആയിരുന്നു. പക്ഷേ ഇവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം തള്ളിക്കളഞ്ഞ് ഖത്തര്‍ ഭരണകൂടത്തെ പിന്തുണച്ച് പിന്നീട് രംഗത്ത് വന്നു.
എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് അവസാനം ഖത്തര്‍ ലോകകപ്പ് നേടി. പക്ഷേ ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന മുഹമ്മദും നിര്‍ണായക പിന്തുണ നല്‍കി ഖത്തറിനെ സഹായിച്ച സെപ് ബ്ലാറ്ററും അഴിമതിയുടെ പേരില്‍ നടപടി നേരിട്ടു. ഖത്തറിന് ലോകകപ്പ് വേദി നല്‍കാന്‍ നടത്തിയ അഴിമതി ആരോപണങ്ങളായിരുന്നു രണ്ട് പേരും നേരിട്ട പ്രധാന ആരോപണങ്ങളില്‍ ഒന്ന്. കൃത്യമായ ഈ അഴിമതിയുടെ പശ്ചാത്തലത്തിലാണ് ഖത്തര്‍ ലോകകപ്പ് ജനിക്കുന്നത് തന്നെ. ഖത്തറിനെതിരായ ആരോപണങ്ങളുടെ തുടക്കവും ഇതില്‍ നിന്നായിരുന്നു. ഇപ്പോള്‍ ലോകകപ്പ് നടന്ന അവസരത്തില്‍ രണ്ട് പേരുടേയും അഭാവവും ശ്രദ്ധേയം.
പിന്നീട് ഖത്തര്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ ഭീഷണി സൗദി-യു.എ.ഇ സഖ്യം നടത്തിയ ഏകപക്ഷീയവും ന്യായീകരണത്തിന്റെ കണിക പോലും അര്‍ഹിക്കാത്തതുമായ ഉപരോധമായിരുന്നു.
രാഷ്ട്രീയ, തീവ്രവാദ ആരോപണങ്ങളായിരുന്നു പ്രത്യക്ഷത്തില്‍ പറഞ്ഞ കാരണങ്ങളെങ്കിലും ലോകകപ്പ്, അല്‍ ജസീറ പോലുള്ള ഖത്തറിന്റെ അന്താരാഷ്ട്ര തലത്തിലെ നേട്ടങ്ങളും സൗദി-യു.എ.ഇ അച്ചുതണ്ടിന് വഴങ്ങാത്ത സ്വഭാവവുമായിരുന്നു യഥാര്‍ത്ഥ കാരണം.
ഉപരോധം വഴി ഞെട്ടിപ്പിക്കാനും വഴങ്ങുന്നില്ലെങ്കില്‍ അക്രമിച്ച് കീഴടക്കാനുമായിരുന്നു പരിപാടി. മരുമകന്‍ ക്രൂഷ്‌നര്‍ വഴി ട്രംപിന്റെ മേലുള്ള നിര്‍ണായക സ്വാധീനമായിരുന്നു പിടിവള്ളി. അന്താരാഷ്ട്ര തലത്തിലെ തിരിച്ചടി, എണ്ണക്കമ്പനിയായ എക്‌സോണ്‍ മൊബിലിന്റെ പഴയ സി.ഇ.ഒ കൂടിയായിരുന്ന അന്നത്തെ യു.എസ് വിദേശകാര്യ മന്ത്രി റെക്‌സ് റ്റിലേഴ്‌സന്റെ നിര്‍ണായക ഇടപെടല്‍, ഖത്തര്‍ ഭരണ കൂടത്തിന്റെ പക്വമായ പ്രതികരണം, ഖത്തറിനുള്ള തുര്‍ക്കി പിന്തുണ തുടങ്ങിയ പല കാരണങ്ങളാലും ഉപരോധം ചീറ്റിപ്പോയി. സ്വതന്ത്ര ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ പ്രതിസന്ധിക്ക് കാരണം ഈ രണ്ട് ‘അറബ്/മുസ്‌ലിം’ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഉപരോധമായിരുന്നു.
ലോകകപ്പിനോട് അടുത്തപ്പോള്‍ പക്ഷേ ആരോപണങ്ങളുടെ ഫോക്കസ് പതുക്കെ മാറി തുടങ്ങി. ഖത്തറിലെ രാഷ്ട്രീയ സാഹചര്യം കൂലങ്കഷമായി വിലയിരുത്തപ്പെട്ടു, പ്രത്യേകിച്ചും തൊഴില്‍ സാഹചര്യവും എല്‍.ജി.ബി.ടി അവകാശ(നിഷേധ)ങ്ങളും.
ലോകകപ്പ് പോലുള്ള മെഗാ ഇവന്റുകള്‍ നടക്കുന്ന വേദികള്‍ കര്‍ശനമായ ഓഡിറ്റിങ്ങിന് വിധേയമാവാറുണ്ടെങ്കിലും ഒട്ടും ആനുപാതികമല്ലാത്ത തോതിലുള്ളതും ചിലപ്പോഴെങ്കിലും അടിസ്ഥാന രഹിതവുമായ ആരോപണങ്ങള്‍ ഖത്തറിനെതിരെ വന്നു. ബ്രിട്ടീഷ് മാധ്യമങ്ങളായിരുന്നു ഇതില്‍ മുന്‍പന്തിയില്‍. ‘ഗാഡിയന്‍’ പോലുള്ള താരതമ്യേന ഭേദപ്പെട്ട നിലവാരം പുലര്‍ത്തുന്ന പത്രങ്ങള്‍ കൂടി ഇതിന്റെ ഭാഗമായി. ആരോപണങ്ങള്‍ക്ക് പലപ്പോഴും വംശീയ മാനങ്ങള്‍ വന്നു.
മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറേക്കൂടി ഭേദപ്പെട്ട പൗരാവകാശങ്ങളും തൊഴില്‍ സാഹചര്യങ്ങളും ഒരുക്കാനുള്ള ഖത്തര്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളെ മുഖവിലക്കെടുക്കാതെയുള്ള ഏകപക്ഷീയ വിമര്‍ശനങ്ങള്‍ ജൈവികമായും സ്വാഭാവികമായും ഉണ്ടാവേണ്ട ക്രിയാത്മക വിമര്‍ശനങ്ങളെ ഇല്ലാതാക്കി.
ആനുപാതികമല്ലാത്തതും ഉദ്ദേശശുദ്ധി ഇല്ലാത്തതും വംശീയ മാനങ്ങള്‍ ഉള്ളതുമായ ആരോപണങ്ങള്‍ ചേര്‍ന്നപ്പോള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി. ഇരുപക്ഷത്തും തീവ്ര നിലപാടുകാര്‍ക്ക് മേല്‍കൈ കിട്ടി.
ഗള്‍ഫുമായും ഫുട്‌ബോളുമായും ഒരേപോലെ അടുത്ത ബന്ധം പുലര്‍ത്തുന്ന കേരളത്തില്‍ ഈ പ്രചാരണങ്ങള്‍ കൊഴുത്തു. യൂറോപ് ഇപ്പോഴും ഭീകരമായ വംശീയതയുടെ പിടിയിലാണെന്നും ഖത്തറിനെതിരായ വിമര്‍ശനങ്ങളെല്ലാം ആ വംശീയ താല്‍പര്യങ്ങളുടെ പുറത്തുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാത്രമാണെന്നും ഒരു വിഭാഗം ബോധപൂര്‍വം പ്രചരിപ്പിച്ചു.
ഇസ്‌ലാമിസ്റ്റുകളായിരുന്നു ഈ പ്രചാരണത്തിന്റെ മുന്‍പന്തിയിലെങ്കിലും വലിയൊരു വിഭാഗം, പ്രത്യേകിച്ചും മുസ്‌ലിങ്ങള്‍, ഇതേറ്റ് പിടിച്ചു. വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു പോസ്റ്റ് ഖത്തറില്‍ വന്ന് വെള്ളമൊഴിച്ച് ശൗച്യം ചെയ്യാന്‍ പഠിച്ചെന്ന് പറയുന്ന ഒന്നായിരുന്നു. കക്കൂസിലൊഴിക്കുന്ന വെള്ളത്തിന്റെ അളവെടുത്ത് വരെ ഒരു വിഭാഗത്തെ കേമന്‍മാരാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചു. വൃത്തിയും സംസ്‌കാരവും കുറഞ്ഞ പാശ്ചാത്യര്‍ അതെല്ലാം അറബികളില്‍ നിന്ന് കണ്ട് പഠിക്കണമെന്ന വംശീയ വാദം അഴിച്ചു വിട്ടു.
മറ് വശത്ത് ഖത്തറും പശ്ചിമേഷ്യയുമെല്ലാം പ്രാകൃതരും ഒരു നിലക്കുള്ള പുരോഗമന ആശയങ്ങള്‍ക്കും ഇടം നല്‍കാത്ത പിന്തിരിപ്പന്‍മാരുമാണെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. ഒരുപാട് മെച്ചപ്പെട്ട വശങ്ങളുണ്ടായിരുന്ന ഈ ലോകകപ്പിന്റെ സംഘാടനത്തെ ഏകപക്ഷീയ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കാന്‍ ചിലര്‍ ശ്രമിച്ചു.
നേരിട്ട് ലോകകപ്പ് ആരവങ്ങളുടെ ഭാഗമാകാന്‍ ഇതുവരേ അവസരം കിട്ടാത്ത വലിയൊരു വിഭാഗം മൂന്നാം ലോക രാജ്യത്തെ ജനങ്ങള്‍ക്ക്, അതിന് അവസരമൊരുക്കിയെന്നതൊക്കെ ഈ വിഭാഗം അവഗണിച്ചു, ഖത്തറിനെതിരെ നിരന്തര ആക്രമണമഴിച്ചുവിട്ടു. മോശം തൊഴില്‍ സാഹചര്യങ്ങളും എല്‍.ജി.ബി.ടി വിഭാഗം ഈ നാടുകളില്‍, പ്രത്യേകിച്ച് ഖത്തറില്‍, നേരിടേണ്ടി വരുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകളുമായിരുന്നു പ്രധാന ആയുധങ്ങള്‍.
ഈ രണ്ട് ആരോപണങ്ങളും തീര്‍ത്തും അടിസ്ഥാന രഹിതമല്ല എന്നത് യാഥാര്‍ത്ഥ്യം. പക്ഷേ വിമര്‍ശനങ്ങള്‍ ആനുപാതികമോ ചരിത്രപരവും രാഷ്ട്രീയവുമായ യാഥാര്‍ത്ഥ്യങ്ങളെ പരിഗണിക്കാത്തതുമായിരുന്നു പലപ്പോഴും.
എല്‍.ജി.ബി.ടി വിഷയത്തില്‍ റഷ്യ പോലുള്ള രാജ്യങ്ങള്‍ ലോകകപ്പിന് വേദിയൊരുക്കിയ സമയത്ത് സമാന വിമര്‍ശനം നേരിട്ടിരുന്നില്ല. മാത്രമല്ല, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എല്‍.ജി.ബി.ടി യുടെ എല്ലാവിധ അവകാശങ്ങളും നിഷേധിക്കുന്ന ഭീകരമായ പുതിയ നിയമം റഷ്യ പാസാക്കി. യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ കടുത്ത റഷ്യന്‍ വിരുദ്ധ വികാരം നില നില്‍ക്കുന്ന അവസരമായിട്ട് പോലും യൂറോപില്‍ ഇത് അര്‍ഹിക്കുന്ന രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല.
പശ്ചിമേഷ്യയിലെ തൊഴില്‍ സാഹചര്യങ്ങള്‍ പരമ ദയനീയമാണെന്നത് വസ്തുതയാണ്. സ്‌പോണ്‍സര്‍ഷിപ്പ് എന്ന് പേരിട്ട് വിളിക്കുന്ന സമ്പ്രദായം ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരു നിലക്കും വെച്ച് പൊറുപ്പിക്കാന്‍ പറ്റാത്തതും ചൂഷണത്തിന് ഒന്നാന്തരം അവസരം ഒരുക്കുന്നതുമാണ്.
അതോടൊപ്പം ഇതിന്റെ മറുവശവും കാണാതിരുന്ന് കൂടാ. ഒന്നാമതായി, ഈ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ അടക്കമുള്ള ചൂഷണ സമ്പ്രദായങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ പാശ്ചാത്യ കമ്പനികളാണ്. എണ്ണ കുഴിച്ചെടുക്കുന്ന സാങ്കേതിക വിദ്യ മാത്രമല്ല ചുരുക്കം ചില ഉല്‍പന്നങ്ങള്‍ ഒഴികെയുള്ള എല്ലാം ഗള്‍ഫില്‍ വിതരണം ചെയ്യുന്നതുവരെ ബഹുരാഷ്ട്ര കുത്തക കമ്പനികളാണ്.
ഏറ്റവും മോശപ്പെട്ട ലേബര്‍ ക്യാമ്പുകളിലുള്ള തൊഴിലാളികള്‍ പണിയെടുക്കുന്നത് പ്രത്യക്ഷമായോ പരോക്ഷമായോ ഇങ്ങനെയുള്ള കമ്പനികള്‍ക്ക് വേണ്ടിയായിരിക്കും. മേഖലയിലെ ജീവിതം നരക തുല്യമാക്കുന്ന യുദ്ധങ്ങള്‍ക്കുള്ള ആയുധം മുഴുവന്‍ വരുന്നത് ഇതേ പാശ്ചാത്യ നാടുകളില്‍ നിന്നാണ്.
പൗരന്‍മാരെ നിരീക്ഷിക്കാനുള്ള സംവിധാനം പോലും ഒരുക്കി കൊടുക്കുന്നത് ഇവരാണ്. എന്തിന്, ഇന്ന് മേഖലയിലുടനീളം ദുരിതം വിതക്കുന്ന കൂലിപ്പട്ടാളങ്ങള്‍ വരെ പാശ്ചാത്യ കമ്പനികളില്‍ നിന്നാണ്. ഒരേസമയം തങ്ങളുടെ നാടുകളില്‍ സമാധാനവും പൗരാവകാശങ്ങളും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും ഒരുക്കുകയും ഇതൊന്നുമില്ലാത്ത നാടുകളിലെ ചൂഷണ സമ്പ്രദായത്തിന്റെ ഗുണഭോക്താക്കളുമാവുന്നത് കാപട്യവും ഇരട്ടത്താപ്പുമാണ്.
ഇത് പശ്ചിമേഷ്യയുടെ മാത്രം കാര്യമല്ല. ഏറ്റവും മോശം തൊഴില്‍ സാഹചര്യം നിലനില്‍ക്കുന്ന മറ്റൊരു നാടാണ് ബംഗ്ലാദേശ്. ഈ ബംഗ്ലാദേശില്‍ നിന്നാണ് പ്രമുഖ പാശ്ചാത്യ ടെക്‌സ്‌റ്റൈല്‍ കമ്പനികളില്‍ പലരും തങ്ങളുടെ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത് എന്നത് യാദൃശ്ചികമല്ല.
ലോകകപ്പിന് ഒരുങ്ങുമ്പോള്‍ ഖത്തര്‍ ഇതിലെ ചില നിയമങ്ങളും രീതികളുമെങ്കിലും തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. രാഷ്ട്രീയാഭിപ്രായത്തിന്റെ പേരില്‍ സൗദി, യു.എ.ഇ ഭരണകൂടങ്ങളെ പോലെ വ്യാപകമായി ആക്റ്റിവിസ്റ്റുകളെ ജയിലിലേക്കയക്കുന്നില്ല. ആംനസ്റ്റിയും ഐ.എല്‍.ഒ പോലുള്ള തൊഴില്‍ സംഘടനകളുമെല്ലാം വിമര്‍ശനങ്ങളോടൊപ്പം തന്നെ ഈ ഗുണപരമായ മാറ്റത്തെ അംഗീകരിച്ചിട്ടുമുണ്ട്.
മേഖലയിലെ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് ഇവര്‍ നല്‍കുന്ന പിന്തുണയാണ് ഏറ്റവും വലിയ ഇരട്ടത്താപ്പ്. വിടുവായി ആയത് കൊണ്ട് ട്രംപ് ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. തങ്ങള്‍ പിന്തുണച്ചില്ലെങ്കില്‍ ഈ ഭരണകൂടങ്ങളുടെ ആയുസ് ആഴ്ചകള്‍ക്കപ്പുറം പോവില്ലെന്ന് ട്രംപ് തുറന്നടിച്ചു.
ഏതാനും വര്‍ഷം മുമ്പ് രസകരമായൊരു സംഭവം നടന്നിരുന്നു. സ്വീഡിഷ് വിദേശകാര്യ മന്ത്രി മാര്‍ഗൊറ്റ് വാള്‍സ്‌ട്രോം, സൗദിയിലെ സ്ത്രീകളുടെ പരിതാപകരമായ അവസ്ഥയെയും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെയും നിശിതമായി വിമര്‍ശിച്ചൊരു പ്രസ്താവനയിറക്കി.
ഉടന്‍ വന്നു, സൗദിയുടെയും അറബ് രാജ്യങ്ങളുടെയും വക ‘ആഭ്യന്തര കാര്യങ്ങളില്‍’ ഇടപെടുന്നതിനെതിരെയുള്ള ഭീഷണി. ഫലസ്തീനെ അംഗീകരിക്കാനും അവരുടെ ന്യായമായ അവകാശങ്ങളെ ലോകശ്രദ്ധയില്‍ കൊണ്ട് വരാനും ഏറ്റവും താല്പര്യമെടുത്ത ആളായിരുന്നു ഇവര്‍ എന്നതൊന്നും ആര്‍ക്കും ഒരു തടസ്സമായില്ല.
എല്ലാവരും സൗദിക്ക് പിന്നില്‍ അണിനിരന്നു. പാശ്ചാത്യ രാജ്യങ്ങളാരും മാര്‍ഗറ്റിനെ പിന്തുണച്ചില്ല. സ്വീഡനിലെ 30 പ്രധാന വ്യവസായ പ്രമുഖര്‍ അവരുടെ നിലപാടിലെ ‘അപകടം’ തുറന്ന് കാട്ടി പരസ്യ പ്രസ്താവനയിറക്കി. ഗതികെട്ട മാര്‍ഗൊറ്റ് മാപ്പ് പറഞ്ഞതോടെയാണ് പ്രശ്‌നം തീര്‍ന്നത്. സൗദിയുടെ ഭീഷണിയില്‍ മുഖ്യമായത് സ്വീഡനുമായുള്ള ആയുധ കരാര്‍ റദ്ദാക്കുമെന്നായിരുന്നു.
മനുഷ്യാവകാശ സംരക്ഷണത്തിന്റെ കാര്യത്തിലും സ്ത്രീ മുന്നേറ്റത്തിലും ലോകത്തിന് തന്നെ മാതൃകയായ സ്വീഡന്‍ ആയുധ കയറ്റുമതിയില്‍ ലോകത്തെ 12ാം ശക്തിയാണെന്ന കാര്യം അധികമാരും ശ്രദ്ധിക്കാറില്ല. ഈ ആയുധങ്ങളില്‍ വലിയൊരു വിഭാഗം പോവുന്നത് സൗദി അറേബ്യയിലേക്കാണ്.
അതായത് സൗദി ഭരണകൂടത്തിന്റെ സ്ത്രീ വിരുദ്ധ-മനുഷ്യാവകാശ ലംഘനങ്ങളില്‍ മോശമല്ലാത്തൊരു റോള്‍ ഇപ്പറയുന്ന സ്വീഡനുമുണ്ട് ! സ്വീഡന്റെ സ്ഥിതി ഇതാണെങ്കില്‍ പിന്നെ ബാക്കിയുള്ളവരുടേത് പറയേണ്ടതില്ല.
പാശ്ചാത്യ മൂലധന താല്‍പര്യങ്ങളും അതിന് അനുപൂരകമായ ഏകാധിപത്യ ഭരണകൂടങ്ങളുമാണ് പശ്ചിമേഷ്യയിലുള്ളത്. അത് മാറ്റിയെടുക്കാനുള്ള എല്ലാ ജനകീയ ശ്രമങ്ങളേയും ഭരണകൂടം അടിച്ചമര്‍ത്തുകയാണ്. അതില്‍ ജനപക്ഷത്തല്ല പാശ്ചാത്യ ഭരണകൂടങ്ങള്‍ നില കൊണ്ടതും.
ഈ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ താങ്ങി നിര്‍ത്തുന്നത് ഫലത്തില്‍ പാശ്ചാത്യ രാജ്യങ്ങളാണ്. ഇത് പശ്ചിമേഷ്യയുടെ മാത്രം പ്രശ്നമല്ല, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഫ്രാന്‍സ് ചെയ്ത് കൂട്ടുന്ന മനുഷ്യാവകാശ ലംഘനങ്ങളും കൊള്ളയടിയും ഭീകരമാണ്. അതിന്റെ വേരുകള്‍ വംശീയതയിലാണ്.
ഈ ഇരട്ടത്താപ്പിനെ ആണ് ചോദ്യം ചെയ്യേണ്ടിയിരുന്നത്. അതിനുപകരം പശ്ചിമേഷ്യയിലെ ഭരണകൂടങ്ങളേയും അവിടെ നിലവിലുള്ള മനുഷ്യത്വ വിരുദ്ധ സമ്പ്രദായങ്ങളേയും കിട്ടിയ അവസരത്തില്‍ വെള്ള പൂശിയെടുക്കാനാണ് ഒരു വിഭാഗം ശ്രമിച്ചത്. പാശ്ചാത്യലോകം വംശീയതയുടെ ഹബ്ബായും പശ്ചിമേഷ്യ മനുഷ്യാവകാശങ്ങളുടേയും പുരോഗമന ആശയങ്ങളുടേയും പറുദീസയായും ചിത്രീകരിക്കപ്പെട്ടു.
രണ്ടും തീര്‍ത്തും തെറ്റാണ്. ഒരു കാലത്ത് വംശീയതയുടെയും യുദ്ധങ്ങളുടേയും വിളഭൂമിയായിരുന്ന പാശ്ചാത്യലോകം ഇന്ന് വലിയൊരളവില്‍ അതിനെ അതിജീവിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ തന്നെ അതിനേറ്റവും വലിയ ഉദാഹരണമാണ്. പഴയ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സില്‍ മുച്ചൂടും ആഫ്രിക്കയില്‍ നിന്നും മറ്റുമുള്ള കുടിയേറ്റ പാരമ്പര്യം പേറുന്നവരാണ്.
മറ്റ് യൂറോപ്യന്‍ ടീമുകളിലും വലിയൊരളവില്‍ കുടിയേറ്റക്കാര്‍ ഇടം പിടിച്ചു കഴിഞ്ഞു. മറുഭാഗത്ത് ഉജ്ജ്വല പ്രകടനത്തിലൂടെ ഫുട്‌ബോള്‍ ലോകത്തിന്റെ മനം കവര്‍ന്ന മൊറോക്കന്‍ ടീമില്‍ ഭൂരിപക്ഷം കളിക്കാരും യൂറോപ്പില്‍ ജീവിച്ച് കളി പഠിച്ചവരാണ്. യൂറോപ്പില്‍ ഇവര്‍ പ്രചരിപ്പിക്കുന്ന പോലെ വംശീയത കൊടി കുത്തി വാഴുന്നെങ്കില്‍ ഈ പറഞ്ഞ ആഫ്രിക്കന്‍ വംശജരൊന്നും യൂറോപ്യന്‍ ടീമുകള്‍ക്കായി കളിക്കില്ലായിരുന്നു. നന്നേ ചുരുങ്ങിയത് കരിയറിന് ശേഷമെങ്കിലും തിരിച്ച് പോവാന്‍ നോക്കും. സിദെയ്‌നെ പോലുള്ള നിരവധി താരങ്ങള്‍ ഇപ്പോഴും ഈ യൂറോപ്യന്‍ രാജ്യങ്ങളില്‍ തുടരുന്നു.
ഇത് സ്‌പോര്‍ട്‌സില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രതിഭാസമാണോ? ഒരിക്കലുമല്ല. ഏറ്റവും ശക്തമായ അമേരിക്കയിലെ വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജയായ കമലാ ഹാരിസാണ്. അവിടെ മലയാളികളും അറബികളും സോമാലിയക്കാരുമൊക്കെയായ നിരവധി കുടിയേറ്റക്കാര്‍ രാഷ്ട്രീയത്തില്‍ സജീവ നേതൃത്വം വഹിക്കുന്നു.
സോമാലിയന്‍ കുടിയേറ്റ പാരമ്പര്യമുള്ള മുസ്‌ലിമായ ഇല്‍ഹാന്‍ ഉമറിന് തന്റെ മുസ്‌ലിം സ്വത്വം ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും ട്രംപിനെ വരെ വെല്ലുവിളിക്കാനും സാധിക്കുന്നു. ഇംഗ്ലണ്ടില്‍ പോലും ഒരു ഇന്ത്യന്‍ വംശജനായ റിഷി സുനക് ആണ് രാജ്യം ഭരിക്കുന്നത് (ഏറെ കഴിവ് കെട്ടവനായിട്ട് പോലും അവിടെയുള്ള വലതുപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളിലെ കടുത്ത മല്‍സരത്തില്‍ സുനകിന് തന്റെ ഇന്ത്യന്‍ സ്വത്വം വലിയ തടസ്സമായിരുന്നില്ല).
രാഷ്ട്രീയമായി പറയുകയാണെങ്കില്‍ വംശീയതക്കെതിരെ ഏറ്റവും ശക്തമായ നിലപാടെടുത്തിരുന്ന ഇംഗ്ലണ്ടിലെ ജെര്‍മി കോര്‍ബിനും അമേരിക്കയിലെ ബേണീ സാന്റേഴ്‌സുമെല്ലാം അവിടെയുള്ള യുവ തലമുറയില്‍ ഏറ്റവുമധികം സ്വാധീനമുള്ള നേതാക്കളായിരുന്നു. യുവ ജനങ്ങള്‍ക്കിടയില്‍ വംശീയതക്കെതിരില്‍ ശക്തമായ നിലപാടെടുക്കുന്നവരുടെ സ്വാധീനം കൂടിക്കൂടി വരുന്നതായാണ് എല്ലാ വോട്ടെടുപ്പുകളും സൂചിപ്പിക്കുന്നത്.
ഫലസ്തീനികളുടെ അവകാശങ്ങളെ അനുഭാവപൂര്‍വം കാണുന്ന എണ്ണം യുവജൂതര്‍ക്കിടയില്‍ കൂടുന്നതായി സമീപകാല സര്‍വേകള്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ സെനറ്റിലേക്ക് രണ്ട് മാസം മുമ്പ് നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ശക്തമായ വംശീയ വിരുദ്ധതയും ഇടത് രാഷ്ട്രീയവും പറയുന്നവര്‍ കൂടുതലായി വിജയിക്കുന്നതാണ് കണ്ടത്.
ലാറ്റിനോ വംശജയായ അലക്‌സാന്‍ഡ്രിയാ കോര്‍ട്ടസും മുസ്‌ലിം കുടിയേറ്റ പാരമ്പര്യം പേറുന്ന ഇല്‍ഹാന്‍ ഉമറും റഷീദാ താലിബുമൊക്കെ നേതൃത്വം നല്‍കുന്ന ‘സ്‌ക്വാഡ്’ അംഗങ്ങള്‍ ഇത്തവണയും ജയിച്ചു. മാത്രമല്ല, ഇതേ ഗ്രൂപ്പിനോട് ചേര്‍ന്ന് നില്‍ക്കുന്ന കൂടുതല്‍ അംഗങ്ങള്‍ ജയിച്ചിട്ടുമുണ്ട്.
സയണിസ്റ്റ് ലോബിയുടെ ശക്തമായ എതിര്‍പ്പിനേയും ഫണ്ടിങ്ങിനേയും അതിജീവിച്ചാണ് ഇവരെല്ലാം വിജയിക്കുന്നത്. Black lives matter മൂവ്‌മെന്റിന് കിട്ടിയ വ്യാപക പിന്തുണ വ്യക്തമാക്കുന്നത് വംശീയതയില്‍ നിന്നുള്ള തിരിച്ച് പോക്കിനും തിരുത്തലിനും അവിടെയുള്ള കൂടിയ പിന്തുണയാണ്.
അവരുടെ ഭാഷയിലും ശൈലിയിലും വരെ വ്യാപകമായ അഴിച്ചു പണികള്‍ നടക്കുന്നു. സോഫ്റ്റ്‌വെയര്‍ കോഡുകളില്‍ കാലങ്ങളായി ഉപയോഗിച്ച് പോന്നിരുന്ന Black List/White List എന്ന സാങ്കേതിക പദങ്ങള്‍ Allowed List/Denied Listനും Master/Slave എന്നത് Leader/Followerനും ഒക്കെ വഴിമാറി. നിയമങ്ങളും ചട്ടങ്ങളുമൊക്കെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നു.
വിവാഹമാണ് വംശീയതയുടെ തോത് അളക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഉള്ള കറുത്ത വര്‍ഗക്കാരും കുടിയേറ്റക്കാരുമെല്ലാം അവിടെയുള്ള വെളുത്ത വംശജരെ കല്യാണം കഴിക്കുന്നത് സര്‍വ സാധാരണമാണ്. അതിന്റെ പേരില്‍ ‘ദുരഭിമാന കൊലകളോ’ പ്രതികാര നടപടികളോ നേരിടേണ്ടി വരുന്നതും അത്യപൂര്‍വവും.
ഇനി ഇന്ത്യയിലോ ? ഇവിടെ ജാതി മാറി കല്യാണം കഴിച്ചാലുള്ള പുകില്‍ എന്തായിരിക്കും ? അല്ലെങ്കില്‍ ഒരു ബാര്‍ബറെ ? നാല്‍പ്പത് ലക്ഷത്തോളം മലയാളികള്‍ ഗള്‍ഫിലുണ്ടായിട്ടും എന്തുകൊണ്ടാണ് നാല് അറബ്-മലയാളി വിവാഹങ്ങള്‍ പോലും ഒരു വര്‍ഷം കേള്‍ക്കാത്തത് ?
വിവാഹം വിടാം, ഗള്‍ഫിലെ നിയമവ്യവസ്ഥയില്‍ ഒരു മലയാളിക്ക് ഉള്ള അവകാശങ്ങള്‍ യൂറോപ്പിലും യു.എസിലും കുടിയേറി എത്തുന്ന മലയാളിക്ക് കിട്ടുന്ന അവകാശങ്ങളുമായുള്ള അന്തരം ഭീകരമാണ്.
കഴിഞ്ഞ ആഴ്ചയാണ് കേരളത്തില്‍ ദാരിദ്ര്യത്തോട് പടവെട്ടി കരിയര്‍ കെട്ടിപ്പടുത്ത ഒരു മലയാളി അമേരിക്കയില്‍ ഭാര്യയുടെ തൊഴിലിലൂടെ ലഭിച്ച വിസയുടെ പിന്‍ബലത്തില്‍ എത്തിപ്പെട്ട് ജഡ്ജിയായ വാര്‍ത്ത വായിച്ചത് (കൂട്ടത്തില്‍ പറയാം, സ്വന്തം പങ്കാളിയുടെ കൂടെ ജീവിക്കാനുള്ള അവകാശം പാശ്ചാത്യ നാടുകളില്‍ എളുപ്പത്തില്‍ കിട്ടും. പങ്കാളികളില്‍ ആരെങ്കിലും ഒരാള്‍ എത്തിപ്പെട്ടാല്‍ മറ്റേയാള്‍ക്ക് വേഗം വിസ കിട്ടും. പക്ഷേ ഗള്‍ഫില്‍ മുന്തിയ ശമ്പളം ഉള്ളയാള്‍ക്ക് മാത്രമേ പങ്കാളിയെ കൊണ്ട് വരാന്‍ അവകാശമുള്ളൂ. ‘ഫാമിലി സ്റ്റാറ്റസ്’ വരേണ്യ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ടതാണ്).
യൂറോപ്പിലും അമേരിക്കയിലും സമസ്ത മേഖലയിലും ഇന്ന് കുടിയേറ്റ സാന്നിധ്യമുണ്ട്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയക്കാരായും ഉന്നത ഉദ്യോഗസ്ഥരായും സര്‍ക്കാര്‍/സ്വകാര്യ മേഖലയിലെ ഏറ്റവും മികച്ച ശമ്പളക്കാരായും ബിസിനസ് മേഖലയിലെ അതികായന്‍മാരായുമെല്ലാം അവര്‍ ജീവിക്കുന്നു.
ഗള്‍ഫില്‍ ഇതില്‍ പലതും പ്രവാസികള്‍ക്ക് തീര്‍ത്തും അന്യമാണ്. ഭരണം പോലുള്ള ഉന്നത ശ്രേണിയിലുള്ള കാര്യങ്ങളാണെങ്കില്‍ നമ്മുടെ ജാതിവാല് പോലെ രാജ കുടുംബത്തിന്റെ വാല് പേറുന്നവര്‍ക്കായി ഏറെക്കുറെ മുഴുവനായി തന്നെ സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. കുടുംബ ‘മഹിമയും’ ‘തറവാടിത്തവുമൊക്കെ’ അറബികള്‍ അങ്ങേയറ്റം അഭിമാനത്തോടെ കാണുന്നതുമാണ്.
സാമ്പത്തിക മേഖലയിലാണെങ്കില്‍ അറബി പങ്കാളിയെ കൂടാതെ സ്വന്തമായി വിദേശികള്‍ക്ക് ഭൂമിയും സ്ഥാപനങ്ങളും വാങ്ങണമെങ്കില്‍ വലിയ പാടാണ്. നിയമങ്ങള്‍ മാറി വരുന്നേ ഉള്ളൂ, അതും വളരെ പരിമിതമായ തോതില്‍. പലപ്പോഴും പാര്‍ട്ണര്‍/സ്‌പോണ്‍സര്‍ എന്ന പേരില്‍ ഒരു അറബിയെ കൂടെക്കൂട്ടി അയാള്‍ക്ക് വലിയൊരു സംഖ്യ/വിഹിതം നോക്കുകൂലി നല്‍കുന്നതാണ് നടപ്പ് രീതി.
ഇതും പാശ്ചാത്യ നാടുകളില്‍ താരതമ്യേന എളുപ്പമാണ്. പത്ത് വര്‍ഷത്തോളം ഗള്‍ഫില്‍ ജീവിച്ചതിനിടക്ക് വിരലിലെണ്ണാവുന്ന ആളുകള്‍ക്കേ അവിടെ സ്വന്തം പേരില്‍ എന്തെങ്കിലുമുള്ളത് കണ്ടിട്ടുള്ളൂ. പക്ഷേ യൂറോപ്പിലും യു എസിലുമുള്ള കുട്ടുകാരില്‍ കൂടുതല്‍ പേര്‍ക്കും സ്വന്തമായി വീടുണ്ട്, ചിലര്‍ക്കെങ്കിലും സ്ഥാപനങ്ങളും.
പറഞ്ഞ് വരുന്നത് സ്‌പോര്‍ട്‌സ്, രാഷ്ട്രീയം, ബിസിനസ്, സാമൂഹിക ബന്ധങ്ങള്‍ തുടങ്ങിയ എല്ലാറ്റിലും ഗള്‍ഫിലേക്കാള്‍ കൂടുതല്‍ അവകാശങ്ങള്‍ ഒരു ശരാശരി യൂറോപ്യന്‍/അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്ക് കിട്ടുന്നുണ്ട്. ഏറ്റക്കുറച്ചിലുകളും അപവാദങ്ങളും ഉണ്ടെങ്കിലും ഉന്നത പദവികള്‍ എല്ലാം തന്നെ പൊതുവേ വംശീയ വിവേചനമില്ലാതെ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രാപ്യമാണ്.
ആ രാജ്യങ്ങളിലെ പാര്‍ലമെന്റ് തൊട്ട് ഫുട്‌ബോള്‍ ഫീല്‍ഡ് വരെ വാഴുന്ന കുടിയേറ്റക്കാരുടെയും വിവിധ വംശക്കാരുടേയും സാന്നിധ്യം അതിന് തെളിവാണ്. സമാനമായ പലതും ഗള്‍ഫ് നാടുകളില്‍ ഇല്ല എന്നത് അവരുടെ അസാന്നിധ്യവും കാണിക്കുന്നു. അതിനെ നിഷേധിച്ചിട്ട് കാര്യമില്ല. ചരിത്രപരമായും രാഷ്ട്രീയപരമായുമുള്ള അതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യുകയാണ് വേണ്ടത്.
ലോക മഹായുദ്ധങ്ങളില്‍ നിന്ന് പാഠം പഠിച്ചതും ലിബറല്‍ ആശയങ്ങള്‍ക്ക് വേരോട്ടം ലഭിച്ചതുമെല്ലാം അതിന് കാരണങ്ങളാവും. വംശീയതയുടെ ഭീകര ഫലങ്ങള്‍ ഒരുപാട് അനുഭവിച്ചവരാണ് യൂറോപ്യന്‍ സമൂഹം. അതുകൊണ്ട് തന്നെയാണ് അതിന് വിരുദ്ധമായ ആശയങ്ങളായ ജനാധിപത്യവും കുടിയേറ്റവകാശങ്ങളുമൊക്കെ അവിടെ നിരന്തര ചര്‍ച്ചയാവുന്നതും കൂടുതല്‍ കൂടുതല്‍ പരിഷ്‌കരിക്കപ്പെടുന്നതും.
തീര്‍ച്ചയായും അവരുടെ വ്യവസ്ഥിതിയില്‍ ഒരുപാട് പരിമിതികളുണ്ട്. അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമൊക്കെ ഇപ്പോഴും നിരവധി പ്രശ്‌നങ്ങളുണ്ട്. പക്ഷേ ആ പ്രശ്‌നങ്ങളെ ഭേദപ്പെട്ട രീതിയില്‍ അഡ്രസ് ചെയ്യാനും കൂടുതല്‍ മെച്ചപ്പെട്ട ഒന്നിലേക്ക് നയിക്കാനുള്ള സാധ്യത നല്‍കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയാണത്. അഥവാ അതാണ് ഒരുപാട് പരിമിതികള്‍ ഉള്ളപ്പോഴും സമത്വത്തിലധിഷ്ഠിതമായ ജനാധിപത്യം എന്ന സംവിധാനത്തിന്റെ മേന്മ. ഈ തിരുത്തലുകളാണ് ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ ശക്തി.
എല്‍.ജി.ബി.ടി അവകാശങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ട് ജര്‍മനി നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ ‘ഹിറ്റ്‌ല**ളി’ വിളി വരെ നേരിട്ടു. ഹിറ്റ്‌ലറുടെ എല്ലാ അടയാളങ്ങളും തുടച്ചു മാറ്റാന്‍ നിരന്തരം ശ്രമിക്കുന്ന ഒരു ജനതയെ ആ പേരിനോട് തന്നെ ചേര്‍ത്തു വെക്കാനുള്ള നീചശ്രമം നടത്തി.
ജര്‍മന്‍ ടീം സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെതിരെ ആക്രോശിച്ചവര്‍ തന്നെ മൊറോക്കോ സ്‌പോര്‍ട്‌സില്‍ ഫലസ്തീന്‍ രാഷ്ട്രീയം കൊണ്ട് വന്നതിന്റെ പേരില്‍ ആവേശം കൊണ്ടു.
തുര്‍കി വംശജനായ ഓസില്‍ താന്‍ വംശീയ വിവേചനം നേരിട്ടെന്ന് തുറന്ന് പറഞ്ഞു. ഏത് ജര്‍മനി? ഏറ്റവുമധികം സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായ ജര്‍മനി (തൊട്ടടുത്തുള്ള സൗദി എത്ര പേരെ സ്വീകരിച്ചു എന്ന ചോദ്യം തല്‍ക്കാലം വിടാം). ഇപ്പോഴും ഒരുപാട് കുടിയേറ്റക്കാരും മുസ്‌ലിങ്ങളും ടീമില്‍ കളിക്കുന്ന ജര്‍മനി.
പക്ഷേ ഇതുകൊണ്ടൊന്നും ഓസില്‍ പറഞ്ഞ അനുഭവങ്ങളെ നിഷേധിക്കേണ്ടതില്ല. ഓസിലിന്റെ വാദങ്ങള്‍ മുഖ വിലക്കെടുക്കാം. പക്ഷേ ഓസില്‍ ഇന്നും സ്വതന്ത്രമായും നിര്‍ഭയമായും ഇക്കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നു, തന്റെ രാഷ്ട്രീയം നിരന്തരമായി പ്രചരിപ്പിക്കുന്നു. പക്ഷേ സ്വന്തം നാട്ടില്‍ നടക്കുന്ന പെണ്ണുങ്ങളുടെ ന്യായമായ പോരാട്ടത്തെ പിന്തുണച്ച ഇറാന്‍ ഫുട്ബാള്‍ താരം ആമിര്‍ നാസര്‍ അസദാനി വിചാരണ നേരിടുകയാണ്.
‘മുഹാറബാ’ അഥവാ ‘ദൈവത്തിനെതിരായ യുദ്ധ പ്രഖ്യാപനം’ ആണ് ചാര്‍ത്തപ്പെട്ട കുറ്റം. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. സമാനമാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും സ്ഥിതി. നിരവധി മലയാളികളും മറ്റ് രാജ്യക്കാരും വംശീയ അധിക്ഷേപങ്ങള്‍ നേരിടാറുണ്ട് ഗള്‍ഫില്‍(അത് പൂര്‍ണമായും ഇല്ലാത്ത ഒരു രാജ്യവും സമൂഹവും ലോകത്തുണ്ടാവില്ല എന്നത് സത്യം). പക്ഷേ ഒരാള്‍ പോലും ഓസിലിനെ പോലെ അതിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ ധൈര്യപ്പെടില്ല. ഈ വ്യത്യാസം പ്രധാനമാണ്. ഈ താരതമ്യം (ബോധപൂര്‍വം) അവഗണിച്ചു കൊണ്ടുള്ള ഏകപക്ഷീയമായ വംശീയ ചാപ്പകള്‍ നീതികേടാണ്. ജര്‍മനിക്കെതിരെ അതാണ് നടന്നതും.
ഖത്തര്‍ ലോകകപ്പിന്റെ രാഷ്ട്രീയം ചര്‍ച്ചയാവേണ്ടിയിരുന്നത് അങ്ങനെയുള്ള ഒരു ജനാധിപത്യ സംവിധാനത്തിലേക്ക് ഭാവി ഖത്തറിനെ നയിക്കാന്‍ ഉതകുന്ന രീതിയിലായിരുന്നു. ഖത്തര്‍ ഭരണകൂടം അങ്ങനെയുള്ള ചില മാറ്റങ്ങളുടെ സൂചനകള്‍ തന്നിരുന്നു. പല നിയമങ്ങളും അവര്‍ ഭേദഗതി ചെയ്തത് നല്ല നീക്കമായിരുന്നു.
ഇതൊരു തുടക്കമായി കണ്ട് കൂടുതല്‍ ക്രിയാത്മകമായ പരിഷ്‌കരണ ശ്രമങ്ങള്‍ക്ക് ഖത്തറിനെ പ്രേരിപ്പിക്കാനുതകുന്ന വിമര്‍ശനങ്ങളാണ് ഉണ്ടാവേണ്ടിയിരുന്നത്. അതുവഴി മെച്ചപ്പെട്ട തൊഴിലിടങ്ങളും പൗരാവകാശങ്ങളുമുള്ള ഒരു പശ്ചിമേഷ്യന്‍ മാതൃക ആയി മാറാന്‍ ഖത്തറിന് സാധിക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ സാധ്യതയെ വലിയ തോതില്‍ പരിക്കേല്‍പ്പിക്കുന്നതായി ഇരുപക്ഷത്തുമുള്ള തീവ്ര നിലപാടുകളുടെ പ്രവര്‍ത്തന ഫലങ്ങള്‍.
ലോകം മാറുകയാണ്. പുതിയ തലമുറ സങ്കുചിത വംശീയ താൽപര്യങ്ങൾക്കപ്പുറത്തുള്ള ചേർത്തുപിടിക്കലിൻ്റെയും ഉൾക്കൊള്ളലിൻ്റെയും ലോകം സ്വപ്നം കാണുകയാണ്. കുടിയേറ്റ ജനതയും ഫുട്ബോളും ഈ മാറ്റത്തിലെ നിർണായക ചാലക ശക്തികളാണ്. ഈ ലോകകപ്പിൻ്റെ രാഷ്ട്രീയ ബാക്കിപത്രവും അതാണ്.