ഖത്തറിൽ ഗതാഗത നിയമലംഘനം ഉണ്ടായാൽ പിഴ അടച്ച് തീർക്കാതെ രാജ്യം വിടാനാകില്ല. ഖത്തർ ട്രാഫിക് വിഭാഗത്തിന്റെതാണ് അറിയിപ്പ്.
പിഴ അടക്കാത്തവരെ സെപ്റ്റംബർ ഒന്ന് മുതൽ കര, വ്യോമ, കടൽ അതിർത്തി വഴി രാജ്യം വിടാൻ അനുവദിക്കില്ല. ട്രാഫിക് പിഴ അടക്കുന്നതിനും വാഹന എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നതിനുമായി പുതുതായി 7 നിയമങ്ങൾ രൂപീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മോട്ടോർ വാഹനങ്ങൾ രാജ്യത്ത് നിന്ന് പുറത്ത് കടക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫികിൽ നിന്ന് പെർമിറ്റ് ലഭിച്ചിരിക്കണം. പെർമിറ്റ് ലഭിച്ച വാഹനങ്ങൾ പിഴ അടച്ച് തീർത്തവരായിരിക്കണം.
വാഹനം പോകുന്ന സ്ഥലം എങ്ങോട്ടാണെന്ന് കൃത്യമായി വ്യക്തമാക്കണം. പെർമിറ്റിന് വേണ്ടി അപേക്ഷിക്കുന്നവർ വാഹനത്തിന്റെ ഉടമ ആയിരിക്കണമെന്നും അല്ലാത്തപക്ഷം രാജ്യത്തിന് പുറത്ത് പോകാൻ ഉടമയുടെ സമ്മത രേഖ ഹാജരാക്കണമെന്നും നിയമത്തിൽ പറയുന്നു.
നിയമങ്ങൾ ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുന്ന നടപടികൾ സ്വീകരിക്കും.
മെട്രാഷ്2 ആപ്പ് വഴിയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും പിഴ അടക്കാവുന്നതാണ്. എല്ലാ മോട്ടോർ വാഹനനങ്ങളുടെയും പിഴ തുകയിൽ ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ 50 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ടെന്നും ഖത്തർ ഗതാഗത വകുപ്പ് അറിയിച്ചു.
Content Highlight: Qatar enforces payment of traffic fines before leaving the country