ഉക്രൈന് മേലുള്ള റഷ്യയുടെ ആക്രമണങ്ങള്‍ തുടരുന്നതിനിടെ ഖത്തറില്‍ അമീറില്‍ നിന്നും എല്ലാ പിന്തുണയും ലഭിക്കുന്നതായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി.
ട്വീറ്റിലൂടെയാണ് സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്.
”വിവിധ ലോകനേതാക്കളുമായുള്ള കൂടിയാലോചനകള്‍ നടക്കുകയാണ്. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനിയില്‍ നിന്നും എല്ലാ പിന്തുണയും ലഭിച്ചിട്ടുണ്ട്.
ഈ ലോകം ഞങ്ങള്‍ക്കൊപ്പമാണ്,” സെലന്‍സ്‌കി ട്വീറ്റില്‍ പറഞ്ഞു.
ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരുമായി സംസാരിച്ചെന്നും നേരത്തെ വ്‌ളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു.
അതിനിടെ, ഉക്രൈന് നേരെയുള്ള റഷ്യയുടെ ആക്രമണം ഓരോ നിമിഷവും ശക്തിപ്പെട്ട് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉക്രൈനിലെ വിമാനത്താവളങ്ങളെല്ലാം അടച്ചിടുകയും പട്ടാളനിയമം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.
തലസ്ഥാനമായ കീവിലടക്കം ഉക്രൈനിലെ ആറ് പ്രദേശങ്ങളില്‍ ഷെല്ലാക്രമണവും ക്രമറ്റോസ്‌കില്‍ വ്യോമാക്രമണവും നടത്തുകയാണ് റഷ്യ. കരമാര്‍ഗവും ആക്രമണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഉക്രൈന്റെ സൈനിക കേന്ദ്രങ്ങളാണ് റഷ്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഉക്രൈന്‍ സൈന്യം ആയുധങ്ങള്‍ താഴെ വെച്ച് കീഴടങ്ങണമെന്നും അല്ലാത്തപക്ഷം തിരിച്ചടിയുണ്ടാകുമെന്നും പുടിന്‍ നേരത്തെ പറഞ്ഞിരുന്നു.
Content Highlight: Qatar Emir support to Ukraine