ദോഹ: ആര്‍.എസ്.എസ് നേതാവും ഭാരതീയ ജനസംഘം മുന്‍ പ്രസിഡന്റുമായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷത്തിന് ചുക്കാന്‍ പിടിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി. ബി.ജെ.പിയുടെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ഇന്ത്യ (ഒ.എഫ്.ഐ ഖത്തര്‍) സംഘടിപ്പിച്ച പരിപാടിയുടെ ചിത്രങ്ങള്‍ എംബസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷണാത്മക രചന നിര്‍വ്വഹിച്ച എഴുത്തുകാരിയുമായ റാണാ അയ്യൂബിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്വകാര്യ ചടങ്ങ് സംഘടിപ്പിക്കരുതെന്ന് നിര്‍ദ്ദേശിച്ച ഖത്തര്‍ എംബസി തന്നെയാണ് ആര്‍.എസ്.എസ് നേതാവിന്റെ ജന്മദിനാഘോഷം ബി.ജെ.പി അനുകൂല സംഘടനയുമായി ചേര്‍ന്ന് സംഘടിപ്പിച്ചത്
“ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐ.സി.സി) സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ നൂറ്റി ഒന്നാമത് ജയന്തി ആഘോഷങ്ങള്‍” എന്ന തലക്കെട്ടോടെയായിരുന്നു ചിത്രങ്ങള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചത്. എന്നാല്‍ ബി ജെ പിയുടെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ഇന്ത്യ (ഒ.എഫ്.ഐ ഖത്തര്‍) ആണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
ഇന്ത്യന്‍ എംബസി നടത്തേണ്ടിയിരുന്ന പരിപാടി തങ്ങളെ കൊണ്ട് സംഘടിപ്പിക്കുകയായിരുന്നെന്നാണ് ഒ.എഫ്.ഐ ഖത്തറിന്റെ വിശദീകരണം. ഒ.എഫ്.ഐയുടെ ക്ഷണക്കത്തില്‍ എംബസിയുമായി സഹകരിച്ച് എന്ന് വ്യക്തമാക്കുന്നില്ലെങ്കിലും. ചടങ്ങിന്റെ ബാനറില്‍ ഇന്‍ അസോസിയേഷന്‍ വിത്ത് എംബസി ഓഫ് ഇന്ത്യ ഖത്തര്‍” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡീന്‍ ആയ ഡോ. കെ എന്‍ മദുസൂദനന്‍ പിള്ളൈ മുഖ്യാതിഥി പങ്കെടുത്ത പരിപാടിയില്‍ ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് മിലന്‍ അരുണ്‍, എംബസി സി എ കോണ്‍സെലര്‍ രാജേഷ് കാംബ്ലെ എന്നിവര്‍ പങ്കെടുത്തു. വ്യാഴാഴ്ച വൈകീട്ട് എട്ടിന് അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
എംബസിക്ക് നേരിട്ട് നടത്താമായിരുന്ന പരിപാടി എന്തുകൊണ്ടാണ് ബി.ജെ.പി സംഘടനയെ ഏല്‍പ്പിച്ചതെന്നും അത് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ പരിപാടിയായി പ്രചരിപ്പിച്ചതൊന്നും വിവിധ കോണുകളില്‍ നിന്ന് ചോദ്യമുയര്‍ന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ ഐ.സി.സിയുടെ സംഘടിപ്പിച്ച് പരിപാടി എന്ന്ത് എഡിറ്റ് ചെയ്ത് ബി.ജെ.പി സംഘടനയായ ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ഇന്ത്യയുടെ പരിപാടി എന്നാക്കി മാറ്റി.
കഴിഞ്ഞ വര്‍ഷം ദോഹയില്‍ വെച്ച് നടത്തേണ്ടിയിരുന്ന ഡോ. എ പി ജെ അബ്ദുല്‍കലാം എണ്‍പത്തിയഞ്ചാമത് ജന്മദിനാചരണചടങ്ങ് റാണാ അയ്യൂബിനെ പങ്കെടുപ്പിച്ച് നടത്തരുതെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യന്‍ നേതാക്കളെ അധിക്ഷേപിച്ചു, എന്ന കാരണം പറഞ്ഞാണ് റാണയെ പങ്കെടുപ്പിച്ചു കൊണ്ട് പരിപാടി നടത്തരുതെന്ന് എംബസി നിര്‍ദ്ദേശിച്ചതെന്ന് ഐ.സി.സിയുടെ ഒരു മാനേജിങ് കമ്മിറ്റിയംഗം വെളിപ്പെടുത്തിയിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ഒളികാമറ ഓപ്പറേഷനിലൂടെയും മറ്റും റാണ പുറത്തുകൊണ്ടുവന്നിരുന്നു. അമിത് ഷാക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും നിരവധി ആരോപണങ്ങള്‍ പുസ്തകം ഉയര്‍ത്തിയിരുന്നു.