അമേരിക്കയില്‍ നിന്നും സ്വന്തമാക്കുന്നത് 36 യുദ്ധ വിമാനങ്ങള്‍; ഉപരോധം തുടരുമ്പോഴും വ്യോമസേനയെ ശക്തിപ്പെടുത്താന്‍ ഖത്തര്‍
Middle East
അമേരിക്കയില്‍ നിന്നും സ്വന്തമാക്കുന്നത് 36 യുദ്ധ വിമാനങ്ങള്‍; ഉപരോധം തുടരുമ്പോഴും വ്യോമസേനയെ ശക്തിപ്പെടുത്താന്‍ ഖത്തര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th August 2018, 8:49 pm

ദോഹ: ജി.സി.സി രാജ്യങ്ങളുടെ ഉപരോധ നടപടികള്‍ തുടരുന്നതിനിടെ വ്യോമസൈനികരംഗത്ത് ശക്തി വര്‍ധിപ്പിക്കാനൊരുങ്ങി ഖത്തര്‍. ഇതിന്റെ ഭാഗമായി പുതിയ യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണം അമേരിക്കയിലെ മിസൗറിയില്‍ തുടങ്ങി.

എഫ് 15 ഇനത്തില്‍ പെട്ട 36 യുദ്ധ വിമാനങ്ങളാണ് ഖത്തര്‍ അമേരിക്കയില്‍ നിന്നും സ്വന്തമാക്കുന്നത്. മിസൗറിയിലെ ബോയിങ് പ്ലാന്റില്‍ വിമാനങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഖത്തര്‍ പ്രതിരോധ വകുപ്പ് മന്ത്രി ഡോ ഖാലിദ് മുഹമ്മദ് ബിന്‍ അത്വിയ്യയാണ് ബോയിങ് പ്ലാന്റ് സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നതാണ് ഈഗിള്‍ എന്ന് വിളിപ്പേരുള്ള എഫ് 15 യുദ്ധവിമാനങ്ങള്‍.


Read Also :മുസ്‌ലിം യുവതിയെ കയ്യേറ്റം ചെയ്ത് നിഖാബ് വലിച്ചു കീറാന്‍ ശ്രമം; പൊതുസ്ഥലത്ത് മുഖം മറച്ചെത്തിയതിന് പിഴ ചുമത്തി പൊലീസ്


 

2017 ജൂണിലാണ് ഇത് സംബന്ധിച്ച കരാറില്‍ ഖത്തറും അമേരിക്കയും ഒപ്പുവെച്ചത്. 1200 കോടി ഡോളറാണ് പുതിയ വിമാനങ്ങള്‍ക്കായി ഖത്തര്‍ മുടക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടപ്പില്‍ വന്ന ഉപരോധം ഖത്തറിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളുടെ വിമാനങ്ങള്‍ ഖത്തറിലേക്ക് പറക്കാറില്ല. ഖത്തറിന്റെ വിമാനത്തിന് ഇവിടങ്ങളിലേക്കും പ്രവേശനമില്ല. വ്യോമപാതയും തുറന്നുകൊടുത്തിട്ടില്ല. അത്യാവശ്യത്തിന് മാത്രമാണ് ചിലതില്‍ ഇളവ് നല്‍കുന്നത്.

സൗദി, യു.എ.ഇ. എന്നിവിടങ്ങളില്‍ നിന്നുള്ള വാണിജ്യകരാറുകളാണ് ഖത്തറിന് വലിയതോതില്‍ നഷ്ടമായത്. ഈ വര്‍ഷത്തോടെ ഗള്‍ഫ് നാടുകള്‍ മൂല്യവര്‍ധിത നികുതിപ്രാബല്യത്തില്‍ കൊണ്ടുവരുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം. സൗദിയും യു.എ.ഇ.യും അത് നടപ്പാക്കിയെങ്കിലും ഖത്തര്‍ ഇപ്പോള്‍ അതിനെക്കുറിച്ച് കാര്യമായൊന്നും പറയുന്നില്ല. കുവൈത്ത് അടുത്തവര്‍ഷം നടപ്പാക്കുമെന്ന സൂചന നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇതിനെയൊന്നും വകവെക്കാതെയാണ് ഇപ്പോള്‍ ഖത്തര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.