'ഫിഫ റഫറിമാര്‍ക്കും ഫുട്‌ബോളിന്റെ നിയമം അറിയില്ല'; പുറത്തുപോയ പന്തില്‍ ഗോളടിച്ച് ഇന്ത്യയെ തോല്‍പിച്ചു
Sports News
'ഫിഫ റഫറിമാര്‍ക്കും ഫുട്‌ബോളിന്റെ നിയമം അറിയില്ല'; പുറത്തുപോയ പന്തില്‍ ഗോളടിച്ച് ഇന്ത്യയെ തോല്‍പിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th June 2024, 12:40 am

റഫറിയുടെ തെറ്റായ തീരുമാനത്തിന് പിന്നാലെ ഖത്തറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ ഇന്ത്യ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് പുറത്തായി. സുനില്‍ ഛേത്രി ബൂട്ടഴിച്ച ശേഷമുള്ള ആദ്യ മത്സരമെന്ന പ്രത്യേകതയും ഈ മാച്ചിനുണ്ടായിരുന്നു.

ഒരു ഗോളിന് ലീഡ് കൈവശം വെച്ച ഇന്ത്യക്കെതിരേ 73ാം മിനിറ്റിലെ വിവാദ ഗോളില്‍ ഖത്തര്‍ സമനില പിടിക്കുകയും മറ്റൊരു ഗോള്‍ നേടി വിജയിക്കുകയുമായിരുന്നു.

ആദ്യ ഗോള്‍ ലൈനും കടന്ന് മൈതാനത്തിന് പുറത്തുപോയ ശേഷമാണ് വലക്കുള്ളിലെത്തിച്ചതെന്ന് വ്യക്തമായിരുന്നു. പക്ഷേ റഫറി ഗോള്‍ അനുവദിച്ചു. ഇന്ത്യന്‍ താരങ്ങള്‍ റഫറിയോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും റഫറി ഗോളെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു.

പിന്നാലെ 85ാം മിനിറ്റിലും വലകുലുക്കിയ ഖത്തര്‍ ഇന്ത്യയെ കീഴടക്കി.

കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ഇന്ത്യന്‍ ടീമിനെ കളത്തിലിറക്കിയത്. ആദ്യ മിനിറ്റുകള്‍ മുതല്‍ തന്നെ അവസരങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യ കളം നിറഞ്ഞ് കളിച്ചു. ഇന്ത്യയുടെ കുട്ടിപ്പാസുകളില്‍ ഖത്തര്‍ നിന്ന് വിയര്‍ത്തു.

എന്നാല്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കിയ ഖത്തറും ഇന്ത്യന്‍ ഗോള്‍മുഖത്തേക്ക് ആക്രമണമഴിച്ചുവിട്ടു. 11ാം മിനിറ്റില്‍ ഗോളെന്നുറച്ച ഖത്തര്‍ മുന്നേറ്റം ഗോള്‍വരയ്ക്കടുത്തുവെച്ച് മെഹ്താബ് സിങ് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് തിരിച്ചടിച്ച ഇന്ത്യ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.

32ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ ലക്ഷ്യം കാണാനുള്ള സുവര്‍ണാവസരം മന്‍വിര്‍ സിങ്ങിനുണ്ടായിരുന്നെങ്കിലും ഖത്തര്‍ ഗോള്‍കീപ്പര്‍ പ്രതിബന്ധം സൃഷ്ടിച്ചതോടെ ഗോള്‍ നേടാന്‍ താരത്തിനായില്ല.

എന്നാല്‍ അധികം വൈകാതെ ഖത്തറിനെ ഞെട്ടിച്ച് 37ാം മിനിട്ടില്‍ ഇന്ത്യയുടെ ആദ്യ ഗോളെത്തി. ഇടതുവിങ്ങില്‍ നിന്ന് ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് നല്‍കിയ പാസ് ലാലിയന്‍സുവാല ചാങ്‌തെയാണ് ഗോളാക്കി മാറ്റിയത്. 39ാം മിനിറ്റില്‍ മികച്ച സേവുമായി ഗുര്‍പ്രീത് ഇന്ത്യയുടെ രക്ഷക്കെത്തി. ഇതോടെ ആദ്യ പകുതിയില്‍ ഇന്ത്യ 1-0ന്റെ ലീഡ് നേടി.

രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ടാണ് ഖത്തര്‍ ഇറങ്ങിയത്. തുടക്കത്തില്‍ തന്നെ പന്ത് കൈവശം വെച്ച ഖത്തര്‍ മൈതാനത്ത് നിറഞ്ഞു കളിച്ചു. അവസരങ്ങള്‍ മുതലാക്കി ഗോള്‍ മുഖത്തെ വിറപ്പിക്കാനും അവര്‍ക്കായി. പക്ഷേ ഇന്ത്യ മൈതാനം നിറഞ്ഞുകളിച്ചു.

എന്നാല്‍ 73ാം മിനിട്ടിലെ യൂസുഫ് ഐമന്റെ വിവാദ ഗോളില്‍ ഇന്ത്യ തളര്‍ന്നു. പന്ത് വര കടന്ന് മൈതാനത്തിന് പുറത്തുപോയിരുന്നുവെന്നും ഗോള്‍ അനുവദിക്കരുതെന്നും ഇന്ത്യന്‍ താരങ്ങള്‍ വാദിച്ചു. പക്ഷേ ഫലമുണ്ടായില്ല. റിപ്ലേയില്‍ പന്ത് വര കടന്ന് മൈതാനത്തിന് പുറത്തുപോയിരുന്നുവെന്ന് വ്യക്തമായിരുന്നു.

പുറത്തുപോയ പന്ത് ഖത്തര്‍ താരം അല്‍ ഹാഷ്മിയാണ് ബാക് ഹീലിലൂടെ ഐമന് നല്‍കിയത്. റഫറി ഗോള്‍ അനുവദിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി.

85ാം മിനിറ്റില്‍ അഹ്‌മ്മദ് അല്‍ റാവി ഖത്തറിനായി വീണ്ടും വലകുലുക്കിയതോടെ ഇന്ത്യ തീര്‍ത്തും പരുങ്ങി. സമനില നേടാന്‍ ഇന്ത്യ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇന്ത്യ ഒരു ഗോളിന്റെ പരാജയം ഏറ്റുവാങ്ങി.

വിവാദ ഗോളിന് പിന്നാലെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തുകയാണ്. ഐ.എസ്.എല്ലിലേതെന്ന പോലെ റഫറീയിങ്ങിന്റെ നിലവാരം തകര്‍ന്നെന്നും നിയമമറിയാത്ത റഫറിയാണോ കളി നിയന്ത്രിച്ചത് എന്നും അവര്‍ ചോദിക്കുന്നു.

 

Content Highlight: Qatar defeated India in a controversial goal