| Friday, 25th November 2022, 9:02 pm

ചരിത്രം സൃഷ്ടിച്ച് ഖത്തര്‍; മാനെക്കായി ഗോളടിച്ചുകൂട്ടി സെനഗല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ ഖത്തറിനെ നിഷ്പ്രഭമാക്കി ആഫ്രിക്കന്‍ സിംഹങ്ങള്‍. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സെനഗല്‍ ഖത്തറിനെ പരാജയപ്പെടുത്തിത്. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ സെനഗലിനെ അത്ര പെട്ടെന്നൊന്നും ജയിക്കാന്‍ വിടാതെ പിടിച്ചുനിര്‍ത്താന്‍ ഖത്തറിന് സാധിച്ചിരുന്നു.

ഖത്തറിന്റെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്തുകൊണ്ടായിരുന്നു സെനഗല്‍ തങ്ങളുടെ ആദ്യ ഗോള്‍ നേടിയത്. ബൗലായേ ഡിയയായിരുന്നു സെനഗലിനായി ആദ്യം വലകുലുക്കിയത്.

ഹാഫ് ടൈമിന് മുമ്പ് 1-0 എന്ന ലീഡുമായി കളം വിട്ട സെനഗല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അടുത്ത വെടിയും പൊട്ടിച്ചു.

ഇത്തവണ ഫമാറ ഡൈഡ്ഹിയോവുവാണ് സെനഗലിനായി ഗോളടിച്ചത്. ജേക്കബ്സിന്റെ പാസ് സ്വീകരിച്ച ഫമാറ തകര്‍പ്പന്‍ ഫിനിഷിലൂടെ ഗോള്‍ നേടുകയായിരുന്നു. ഇതോടെ മത്സരത്തില്‍ കൃത്യമായ ആധിപത്യം പുലര്‍ത്താനും സെനഗലിനായി.

എന്നാല്‍ രണ്ട് ഗോള്‍ വഴങ്ങിയതോടെ ഖത്തറും ആക്രമണത്തിന് തുടക്കമിട്ടു. 66ാം മിനിറ്റില്‍ ഖത്തറിന്റെ ഖൗക്കി ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും തകര്‍പ്പന്‍ സേവിലൂടെ ഗോള്‍കീപ്പര്‍ മെന്‍ഡി അത് തടഞ്ഞിട്ടു.

അതിനുശേഷം ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങളാണ് ഖത്തര്‍ പാഴാക്കിയത്. ഒടുവില്‍ ആ ആക്രമണങ്ങള്‍ക്ക് ഫലം കണ്ടു. 78-ാം മിനിട്ടില്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ഖത്തര്‍ തങ്ങളുടെ പേരും എഴുതിച്ചേര്‍ത്തു.

ഫിഫ ഫുട്ബോള്‍ ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോളാണിത്. മുന്‍ടാരിയാണ് ഖത്തറിനായി ചരിത്രമെഴുതിയത്. മുഹമ്മദിന്റെ ക്രോസിന് അളന്നുമുറിച്ച് തലവെച്ച മുന്‍ടാരി തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി.

ഇതോടെ സെനഗലും കളമറിഞ്ഞു കളിച്ചു. 84ാം മിനിട്ടില്‍ സെനഗല്‍ തങ്ങളുടെ മൂന്നാം ഗോള്‍ നേടി. ഇത്തവണ ബാംബ ഡെയിങ്ങാണ് ആഫ്രിക്കന്‍ സിംഹങ്ങള്‍ക്കായി വലകുലുക്കിയത്.

ഇക്വഡോറിനോടാണ് ഗ്രൂപ്പ് ഘട്ടത്തില്‍ സെനഗലിന്റെ അവസാന മത്സരം. നവംബര്‍ 29ന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക.

അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ വെച്ച് നവംബര്‍ 29ന് നെതര്‍ലന്‍ഡ്‌സിനെതിരെ ഖത്തര്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം കളിക്കും. ഒരു പക്ഷേ ലോകകപ്പിലെ ടീമിന്റെ അവസാന മത്സരവും ഇത് തന്നെയാകും.

Content Highlight: Qatar creates history by scoring their first goal in World Cup, Senegal defeats Qatar

We use cookies to give you the best possible experience. Learn more