national news
ഉപരാഷ്ട്രപതിയ്ക്ക് ഒരുക്കിയ വിരുന്ന് മാറ്റിവെച്ച് ഖത്തര്‍; അമീറിന് കൊവിഡ് സമ്പര്‍ക്കം ഉണ്ടായതുകൊണ്ടെന്ന് വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 06, 08:30 am
Monday, 6th June 2022, 2:00 pm

ന്യൂദല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് വേണ്ടി ഒരുക്കിയിരുന്ന വിരുന്ന് ഖത്തര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍. നായിഡുവിനായി ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ഒരുക്കിയ വിരുന്നാണ് മാറ്റിവെച്ചത്. ഡെപ്യൂട്ടി അമീറിന് കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിരുന്ന് മാറ്റിവെച്ചത്.

പ്രവാചകനെതിരായ ബി.ജെ.പി വക്താവിന്റെ പരാമര്‍ശത്തില്‍ ബി.ജെ.പി ഇന്ത്യന്‍ അംബാസഡറെ ഖത്തര്‍ നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിരുന്ന് മാറ്റിവെച്ച വിവരവുമെത്തുന്നത്.

എന്നാല്‍ വിരുന്ന് മാറ്റിവെച്ച വിവരം വെങ്കയ്യ നായിഡു ഖത്തറിലെത്തുന്നതിന് മുന്‍പ് തന്നെ ഇന്ത്യയെ അറിയിച്ചിരുന്നതായി ഖത്തര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ടൈംസ്‌നൗവില്‍ നടന്ന ചര്‍ച്ചയില്‍ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇതിന് പിന്നാലെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

അതേസമയം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ വിമര്‍ശനത്തിനെതിരെ ഇന്ത്യ മറുപടി നല്‍കിയിരുന്നു.

ഒ.ഐ.സി സെക്രട്ടറിയേറ്റിന്റെ അനാവശ്യവും ഇടുങ്ങിയതുമായ ചിന്താഗതികളെ പൂര്‍ണമായി നിരസിക്കുന്നുവെന്നായിരുന്നു ഇന്ത്യന്‍ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഒ.ഐ.സി വീണ്ടും രാജ്യത്തിനെതിരായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ ഖേദമുണ്ട്. ഇത് തുറന്നുകാട്ടുന്നത് ഒ.ഐ.സിയുടെ വിഭാഗീയതയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Qatar cancelled Dinner for Venkaiah Naidu claiming Emir had contact with covid patient