ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളില്‍ മദ്യം നിരോധിച്ച് ഖത്തര്‍
2022 Qatar World Cup
ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളില്‍ മദ്യം നിരോധിച്ച് ഖത്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th July 2022, 2:11 pm

ഈ വര്‍ഷം നടക്കുന്ന ഖത്തര്‍ ലോകകപ്പില്‍ സ്‌റ്റേഡിയത്തിനകത്ത് മദ്യം നിരോധിച്ചു. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം സ്റ്റേഡിയത്തിനകത്ത് ബിയര്‍ സപ്ലൈ ചെയ്യില്ലെന്നും സ്റ്റേഡിയത്തിന് പുറത്ത് ബിയര്‍ ലഭിക്കുമെന്നും പറയുന്നു.

ആദ്യമായാണ് ഒരു മുസ്‌ലിം ഭൂരിപക്ഷ രാജ്യത്ത് ഫുട്‌ബോള്‍ ലോകകപ്പ് നടക്കാന്‍ പോകുന്നത്. പൊതുസ്ഥലങ്ങളില്‍ കടുത്ത മദ്യ നിരോധനമുള്ള രാജ്യമായതിനാലാണ് ഇത്തരത്തിലുള്ള തീരുമാനം.

ടൂര്‍ണമെന്റില്‍, ആരാധകര്‍ക്ക് പ്രത്യേക സമയങ്ങളില്‍ ബിയര്‍ കുടിക്കാന്‍ നിയുക്ത പ്രദേശങ്ങള്‍ ലഭ്യമാക്കും. തലസ്ഥാന നഗരമായ ദോഹയിലെ അല്‍ ബിദ്ദ പാര്‍ക്കിലെ ഫിഫ ഫാന്‍ സോണ്‍ അതിലൊന്നായിരിക്കും. ആരാധകര്‍ക്ക് മദ്യം നല്‍കുന്നതിന് ദോഹ ഗോള്‍ഫ് ക്ലബ്ബിന്റെ ഒരു ഭാഗവും ലഭ്യമാക്കും.

മത്സരത്തിന് മുമ്പും ശേഷവും സ്‌റ്റേഡിയത്തിന് മുമ്പില്‍ ബിയര്‍ ലഭിക്കുമെന്നും എന്നാല്‍ സ്റ്റേഡിയത്തിനകത്ത് മദ്യ വില്‍പന ഉണ്ടാകില്ലായെന്നും സോഴ്‌സിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

‘പ്ലാനുകള്‍ ഇപ്പോഴും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്, എന്നാല്‍ സ്റ്റേഡിയത്തില്‍ നിന്ന് ഇറങ്ങുമ്പോഴും എത്തുമ്പോഴും ആരാധകരെ ബിയര്‍ കുടിക്കാന്‍ അനുവദിക്കുക എന്നതാണ് നിലവിലെ ചര്‍ച്ച, പക്ഷേ മത്സരത്തിനിടയിലോ സ്റ്റേഡിയം ബൗളിനുള്ളിലോ ബിയര്‍ നല്‍കില്ല.

മുമ്പത്തെ ലോകകപ്പ് ഫാന്‍ സോണുകളില്‍ നിന്ന് വ്യത്യസ്തമായി, ദിവസം മുഴുവന്‍ ബിയര്‍ നല്‍കില്ല, പക്ഷേ നിയന്ത്രിത സമയങ്ങളില്‍ മാത്രമെ ബിയര്‍ നല്‍കുകയുള്ളു,’ സോഴ്‌സ് വ്യക്തമാക്കി.

മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ട് അനുസരിച്ച്, ‘ആരാധകര്‍ക്ക് അവരുടെ നാട്ടില്‍ നിന്നോ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നോ ഖത്തറിലേക്ക് മദ്യം കൊണ്ടുവരാന്‍ അനുവാദമില്ല. എന്നിരുന്നാലും, അവര്‍ക്ക് അംഗീകൃത ഹോട്ടലുകളില്‍ നിന്നും ക്ലബ്ബുകളില്‍ നിന്നും ഒരു പൈന്റിന് 18 ഡോളര്‍ എന്ന വിലയ്ക്ക് മദ്യം വാങ്ങാം,’ ഫിഫ ലോകകപ്പ് സംഘാടകരുടെ വക്താവ് പറഞ്ഞതായി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയതു.

‘ഖത്തറിലെ ഹോട്ടലുകളിലും ബാറുകളിലും നിലവില്‍ മദ്യം ലഭ്യമാണ്, 2022-ല്‍ ഇതിന് മാറ്റമുണ്ടാകില്ല. ലോകകപ്പില്‍ സന്ദര്‍ശകരായ ആരാധകര്‍ക്ക് ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ ടൂര്‍ണമെന്റിനായി അധികമായി നിയമിക്കപ്പെട്ട പ്രദേശങ്ങളില്‍ മദ്യം ലഭ്യമാകും,’ സോഴ്‌സ് കൂട്ടിച്ചേര്‍ത്തു.

ആദ്യമായി വിന്റര്‍ സീസണില്‍ കളിക്കുന്ന ലോകകപ്പാണ് 2022ലേത്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ടൂര്‍ണമെന്റ് നടക്കുക.

Content Highlights: Qatar banned beer at stadiums during qatar worldcup