നിങ്ങളുടെ രാജ്യം സമ്പന്നമായിരിക്കാം, പക്ഷെ ഫുട്‌ബോളിലെ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്: ഖത്തറിന്റെ സ്വവര്‍ഗാനുരാഗ നയത്തിനെതിരെ വിമര്‍ശനവുമായി ജര്‍മനി
World News
നിങ്ങളുടെ രാജ്യം സമ്പന്നമായിരിക്കാം, പക്ഷെ ഫുട്‌ബോളിലെ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്: ഖത്തറിന്റെ സ്വവര്‍ഗാനുരാഗ നയത്തിനെതിരെ വിമര്‍ശനവുമായി ജര്‍മനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th September 2022, 4:28 pm

സ്വവര്‍ഗാനുരാഗത്തിന് വധശിക്ഷ വിധിക്കുന്ന രാജ്യത്തെ നിയമം മാറ്റാന്‍ ഖത്തര്‍ അംബാസഡറോട് ജര്‍മനി. രണ്ട് മാസങ്ങള്‍ക്കപ്പുറം ഫുട്‌ബോള്‍ ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കാനിരിക്കെയാണ് രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ജര്‍മനി ഖത്തര്‍ അംബാസിഡറോട് ആശങ്ക പ്രകടിപ്പിച്ചത്.

സ്വവര്‍ഗാനുരാഗത്തിനും സ്വവര്‍ഗ ലൈംഗികതക്കും വധശിക്ഷ വിധിക്കുന്നത് നിര്‍ത്തലാക്കണമെന്നാണ് ഉയര്‍ന്ന ആവശ്യം.

ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ആതിഥേയത്വത്തില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വെച്ച് നടന്ന മനുഷ്യാവകാശ കോണ്‍ഗ്രസിലായിരുന്നു വിമര്‍ശനമുയര്‍ന്നത്. ജര്‍മനിയിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍താനിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ഫുട്‌ബോള്‍ ആരാധകരുടെ പ്രതിനിധിയായ ഡാരിയോ മിന്‍ഡന്‍ ആണ് വിമര്‍ശനമുന്നയിച്ചത്.

”ഞാനൊരു പുരുഷനാണ്, ഞാന്‍ പുരുഷന്മാരെ പ്രണയിക്കുന്നു. ഇതില്‍ ദയവായി ഞെട്ടരുത്. മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക.

ഇത് സാധാരണമാണ്. അത് മനസിലാക്കുക. അല്ലെങ്കില്‍ ഫുട്‌ബോളില്‍ നിന്ന് വിട്ടുനില്‍ക്കുക. കാരണം ഫുട്‌ബോള്‍ എന്നത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് എന്നാണ് ഫുട്‌ബോളിലെ ഏറ്റവും പ്രധാനപ്പെട്ട നിയമം.

നിങ്ങള്‍ ലെസ്ബിയന്‍ ആണെങ്കിലും ഗേ ആണെങ്കിലും അത് അങ്ങനെ തന്നെയാണ്. ഫുട്‌ബോള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അതിനിടയിലുള്ളവര്‍ക്കും എല്ലാം,” ഡാരിയോ മിന്‍ഡന്‍ പറഞ്ഞു.

”അതുകൊണ്ട് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തലാക്കുക. സെക്ഷ്വല്‍- ജെന്‍ഡര്‍ ഐഡന്റിറ്റികള്‍ സംബന്ധിച്ച എല്ലാ ശിക്ഷകളും നിര്‍ത്തലാക്കുക. ഫുട്‌ബോള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് എന്ന നിയമം വളരെ പ്രധാനമാണ്.

നിങ്ങളുടെ രാജ്യം എത്ര സമ്പന്നമായാലും ഈ നിയമം തകര്‍ക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല. അന്താരാഷ്ട്ര ഫുട്‌ബോള്‍ കമ്മ്യൂണിറ്റിയില്‍ പങ്കുചേരാനും ഇത്രയും വലിയൊരു ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനും ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

എന്നാല്‍ കായികരംഗത്തെ കാര്യങ്ങള്‍ ഇങ്ങനെയാണ്. നിങ്ങള്‍ നിയമങ്ങള്‍ അംഗീകരിച്ചേ മതിയാകൂ,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിമര്‍ശനത്തോട് അല്‍ താനി നല്‍കിയ മറുപടി റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നില്ല. കാരണം, കോണ്‍ഗ്രസിന്റെ ആദ്യ 90 മിനിറ്റ് മാത്രമാണ് പൊതുജനങ്ങള്‍ക്കായി സംപ്രേക്ഷണം ചെയ്തിരുന്നത്. മാത്രമല്ല, പരിപാടിയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും ക്ഷണമുണ്ടായിരുന്നില്ല.

എന്നാല്‍ ഖത്തറില്‍ സ്വവര്‍ഗ ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമായി തുടരുമെങ്കിലും എല്‍.ജി.ബി.ടി.ക്യു വിഭാഗത്തില്‍ പെട്ടവരെ ലോകകപ്പിനായി ഖത്തറിലേക്ക് സ്വാഗതം ചെയ്യുമെന്നും അവരെ അംഗീകരിക്കുമെന്നും ഖത്തര്‍ അംബാസഡര്‍ വ്യക്തമാക്കി.

2022 നവംബറിലാണ് ഖത്തര്‍ വേള്‍ഡ് കപ്പ് ആരംഭിക്കുന്നത്.

Content Highlight: Qatar ambassador to Germany faces LGBTQ plus rights appeal before World Cup