ദോഹ: ഖത്തറിനൊപ്പമായിരിക്കും വരും ദിവസങ്ങളില്‍ ലോകത്തിന്റെ ചലനം. ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്ന ആദ്യ അറബ് രാജ്യമായ ഖത്തറിലേക്ക് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഒഴുകുകയാണ്.
എന്നാല്‍ ലോകകപ്പുമായി ബന്ധപ്പെട്ട് പാശ്ചാത്യ മാധ്യമങ്ങളില്‍ നിന്നും നിരവധി വ്യാജ പ്രചരണങ്ങളാണ് രാജ്യത്തിന് നേരിടേണ്ടി വരുന്നതെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഖത്തറിലെ പ്രമുഖര്‍.
കഴിഞ്ഞ ദിവസം ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ തെരുവുകളില്‍ വിവിധ ടീമുകളുടെ ആരാധകര്‍ കൊടികളും ബാന്റുമേളവുമായെത്തി ആഘോഷിക്കുന്നതിന്റെ വീഡിയോകള്‍ ടിക് ടോക്കില്‍ നിറഞ്ഞിരുന്നു.
ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ബ്രസീല്‍, അര്‍ജന്റീന, ഘാന, കാമറൂണ്‍ തുടങ്ങി നിരവധി രാജ്യങ്ങളുടെ ജേഴ്‌സികളണിഞ്ഞെത്തിയ ആരാധകര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. വിവിധ രാജ്യങ്ങളുടെ ഫാന്‍സായ ഖത്തറിലെ പ്രവാസികളായിരുന്നു ഈ വീഡിയോകളില്‍ നിറഞ്ഞുനിന്നത്. ഖത്തറിലെ പ്രവാസികളിലെ ഭൂരിഭാഗവും ഇന്ത്യയടക്കമുള്ള സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
എന്നാല്‍ ഇവര്‍ വിവിധ രാജ്യങ്ങളുടെ ടീമുകളുടെ ആരാധകരല്ലെന്ന വാദവുമായി നിരവധി പാശ്ചാത്യ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും രംഗത്തെത്തുകയായിരുന്നു. ഖത്തര്‍ പ്രവാസികളെ പണം നല്‍കി രംഗത്തിറക്കിയിരിക്കുകയാണെന്ന് സംശയമുണ്ടെന്നായിരുന്നു ഇവരുടെ ആരോപണം. ഈ വാദങ്ങള്‍ക്കെതിരെയാണ് ഖത്തറിലെ നിരവധി പേര്‍ പ്രതികരിച്ചരിക്കുന്നത്.
പരസ്പരവിരുദ്ധമായ വാദങ്ങളാണ് ഈ മാധ്യമങ്ങള്‍ ഖത്തറിനെതിരെ ഉയര്‍ത്തുന്നതെന്നാണ് ഖത്തറിലെ സോഷ്യല്‍ മീഡിയ സ്റ്റാറും റാഖിമി ടി.വിയുടെയും സോഷ്യല്‍ സ്റ്റുഡിയോയുടെയും സ്ഥാപകനുമായ ഖലീഫ അല്‍ ഹാറൂണ്‍ (Khalifa Al Haroon) പറയുന്നത്.
ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ആയിരങ്ങളാണ് ഖത്തറിലേക്ക് എത്തുന്നത്. അവിടെയുള്ള പ്രവാസികളും കാല്‍പന്തുകളിയുടെ ആവേശത്തിലാണ്. എന്നാല്‍ ഇങ്ങനെ ആരാധകരെത്തുന്നതിനെയും ടിക്കറ്റ് വില്‍പന കുതിച്ചുയരുന്നതിനെയും പാശ്ചാത്യമാധ്യമങ്ങള്‍ ഏറെ വക്രീകരിച്ചാണ് ചിത്രീകരിക്കുന്നതെന്നാണ് ഖലീഫ അല്‍ ഹാറൂണ്‍ പറയുന്നത്.
‘ഏറ്റവും അറപ്പുളവാക്കുന്ന ഒരു കാര്യം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ. അത് പാശ്ചാത്യ മാധ്യമങ്ങളുടെ പുതിയ റിപ്പോര്‍ട്ടാണ്. സൗത്ത് ഏഷ്യക്കാര്‍ക്ക് ഖത്തര്‍ അങ്ങോട്ട് പണം കൊടുത്ത് കൊണ്ടുവരികയാണെന്നാണ് അവര്‍ പറയുന്നത്.
ഫാന്‍ സോണുകളില്‍ സൗത്ത് ഏഷ്യക്കാരെ അനുവദിക്കുന്നില്ലെന്നായിരുന്നു ആദ്യം ഖത്തറിനെതിരെ ഇവരുടെ പരാതി. എന്നിട്ട് ഇപ്പോള്‍ പറയുന്നു അവരെ ഖത്തര്‍ ക്ഷണിക്കുക മാത്രമല്ല, കാശ് കൂടി കൊടുക്കുന്നുണ്ടെന്ന്. എന്ത് അസംബന്ധമാണിത്.
മറ്റേത് രാജ്യത്തെയും മനുഷ്യരെ പോലെ ഇന്ത്യക്കാരും ലോകകപ്പ് കാണുമെന്നും ആസ്വദിക്കുമെന്നും ആഘോഷിക്കുമെന്നും വിശ്വസിക്കാന്‍ എന്താണ് ഇവര്‍ക്ക് ഇത്ര ബുദ്ധിമുട്ട്. സ്വന്തം രാജ്യത്തിന്റെ ടീം മത്സരത്തിനില്ലെങ്കില്‍ നമ്മള്‍ ഇഷ്ടമുള്ള മറ്റൊരു രാജ്യത്തെ തെരഞ്ഞെടുക്കും. അവര്‍ക്ക് വേണ്ടി കയ്യടിക്കും. എല്ലാവരും ചെയ്യുന്ന കാര്യമാണത്,’ ഖലീഫ അല്‍ ഹാറൂണിന്റെ ട്വീറ്റില്‍ പറയുന്നു.
പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നതൊന്നും സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫാന്‍സ് ഗൗരവമായി എടുക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഏറ്റവും പ്രിയപ്പെട്ട സൗത്ത് ഏഷ്യക്കാരെ, അവര്‍ പറയുന്നതിനൊന്നും വില കൊടുക്കാനേ പോകരുത്. നാളെയെന്നതൊന്നില്ലെന്ന മട്ടില്‍ അടിച്ചുപൊളിച്ച് ആഘോഷിക്കൂ. ഈ രാജ്യത്തിന് വേണ്ടി ഒരുപാട് അധ്വാനിച്ചവരാണ് നിങ്ങള്‍, ഇത് നിങ്ങള്‍ക്ക് ആഘോഷിക്കാനുള്ള സമയമാണ്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫുട്ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
ലോകകപ്പ് ആതിഥേയ ചരിത്രത്തില്‍ മുമ്പൊരിക്കലുമില്ലാത്ത വിമര്‍ശനങ്ങളാണ് ഖത്തറിനെതിരെ ഉയര്‍ന്നതെന്നാണ് അമീര്‍ ശൈഖ് തമീം പറഞ്ഞത്. നിഗൂഢ താല്‍പര്യങ്ങളുടെ പുറത്ത് കെട്ടിച്ചമച്ച ആരോപണങ്ങളാണിതെന്നും ലോകകപ്പിന് വേദിയായ മറ്റൊരു രാജ്യവും ഇത്തരമൊരു പ്രതിസന്ധി നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിമര്‍ശനങ്ങളെ നല്ല മനസോടെയാണ് തുടക്കത്തില്‍ ഞങ്ങള്‍ സ്വീകരിച്ചത്. മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഞങ്ങള്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. എന്നാല്‍ എത്ര മാറ്റങ്ങള്‍ വരുത്തിയിട്ടും ചിലര്‍ വിമര്‍ശനം തുടര്‍ന്നു. കെട്ടിച്ചമച്ച വിവരങ്ങള്‍ പുറത്തുവിട്ടു. ഇരട്ട നിലപാടാണ് പലരും സ്വീകരിച്ചതെന്നും ഖത്തര്‍ അമീര്‍ പറഞ്ഞിരുന്നു.
ലോകകപ്പ് മത്സരത്തിനുള്ള വേദിയായി 2010ലാണ് ഫിഫ ഖത്തറിനെ തെരഞ്ഞെടുത്തത്. ഖത്തര്‍ കൈക്കൂലി കൊടുത്താണ് വേദി കൈവശപ്പെടുത്തിയത്, ചില കരാറുകള്‍ക്ക് പകരമാണ് ഇത് സ്വന്തമാക്കിയത് തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെല്ലാമാണ് അമീര്‍ പരോക്ഷമായി അന്ന് സൂചിപ്പിച്ചത്.
നേരത്തെ ഖത്തര്‍ ദേശീയ ടീമിന്റെ കളിക്കാരെ മോശമായി ചിത്രീകരിക്കുന്ന, വംശീയവും
ഇസ്‌ലാമോഫോബിക്കുമായ ഫ്രഞ്ച് കാര്‍ട്ടൂണിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.
ഫ്രഞ്ച് പത്രമായ ലെ കനാര്‍ഡ് എന്‍ചൈന്‍ (Le Canard enchaîné) ഒക്ടോബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണില്‍ അറബ് വംശജരെ സ്റ്റീരിയോടൈപ്പ് ചെയ്യുകയായിരുന്നു. നീണ്ട താടിയുള്ള, മുഖംമൂടി ധരിച്ച, ദേഷ്യക്കാരായ, ആയുധങ്ങള്‍ (വടിവാളുകളും തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും) കയ്യിലേന്തിയ ആളുകളായാണ് അറബ് (ഖത്തര്‍) പുരുഷന്മാരെ കാരിക്കേച്ചറില്‍ ചിത്രീകരിച്ചിരുന്നത്.
ഇതില്‍ തന്നെ പ്രശസ്തമായ 10ാം നമ്പര്‍ ജേഴ്സിയണിഞ്ഞ താരത്തെ ഒരു സൂയ്സൈഡ് വെസ്റ്റ് (suicide vest) ധരിച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മുസ്‌ലിം സ്ത്രീകളെ കറുത്ത വസ്ത്രം കൊണ്ട് ശരീരം മൊത്തം മൂടിയവരായും കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരുന്നു.
ഫ്രഞ്ച് പത്രത്തിന്റെ മുസ്‌ലിം വിരുദ്ധതയും വംശീയ-വിദ്വേഷ മനോഭാവവുമാണ് ഈ കാര്‍ട്ടൂണിലൂടെ വെളിപ്പെടുന്നതെന്നും പാശ്ചാത്യരുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് അറബികളെ, പ്രത്യേകിച്ച് ഖത്തര്‍ വംശജരെ തീര്‍ത്തും വംശീയമായി ചിത്രീകരിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്നുമായിരുന്നു അന്നുയര്‍ന്ന വിമര്‍ശനം.
Content Highlight: Qatar against fake news from western media