| Friday, 10th January 2020, 9:11 am

ഖാസിം സുലൈമാനിയുടെ കൊലയില്‍ ഭയന്ന് കേന്ദ്രം?; ഇന്ത്യയിലെ ഡ്രോണ്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലെ ഡ്രോണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ച് കേന്ദ്രം. രാജ്യത്തിന്റെ ഡ്രോണ്‍ പോളിസിയില്‍നിന്നും പിന്നാക്കം പോകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നീക്കം.

ഡ്രോണ്‍ നിര്‍മ്മാതാക്കളെയും ഓപ്പറേറ്റര്‍മാരെയും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്ലാറ്റ്‌ഫോമായ ‘ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോ’മിലൂടെ ആരൊക്കെയാണ് പുതുതായി രജിസ്‌ട്രേഷന് ശ്രമിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കും. കടുത്ത നിയന്ത്രണങ്ങളോടുകൂടി ഡിജിറ്റല്‍ സ്‌കൈ പോളിസി നടപ്പാനാണ് തീരുമാനം.

രാജ്യത്തിന്റെ ഡ്രോണ്‍ പോളിസിയില്‍ ആവശ്യമായ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും സുരക്ഷാ സംവിധാനങ്ങള്‍ അടിയന്തിരമായി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു.

ലോകവ്യാപകമായി ഡ്രോണ്‍ വ്യവസായത്തില്‍ വന്‍ കുതിപ്പാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റിലും ഡ്രോണ്‍ വില്‍പനയില്‍ വര്‍ധനവുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡ്രോണ്‍ ഉപയോഗങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സില്ലാതെ രാജ്യത്തിന്റെ ഒരു ഭാഗത്തും, ഡ്രോണ്‍ പറത്താന്‍ അനുവാദമില്ല. ഭരണ സിരാ കേന്ദ്രങ്ങളിലും ഡ്രോണ്‍ വേണ്ടെന്നാണ് നിയമം. ഇവയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം. കര്‍ശന നിയന്ത്രണങ്ങളോടുകൂടിയ ഡ്രോണ്‍ പോളിസി 2.0 പുറത്തിറക്കും.

കഴിഞ്ഞ ദിവസമാണ് ഇറാനിലെ സൈനിക കമാന്‍ഡര്‍ ഇറാഖില്‍ വെച്ച് കൊല്ലപ്പെട്ടത്. ഇറാനിലെ സായുധ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡിന്റെ കമാന്‍ഡറായ ഖാസിം സുലൈമാനിയാണ് കൊല്ലപ്പെട്ടത്. ബാഗ്ദാദിലെ എയര്‍പോര്‍ട്ടിലേക്ക് യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.

We use cookies to give you the best possible experience. Learn more