ടെഹ്‌റാന്‍: ഇറാന്‍ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതില്‍ ബ്രിട്ടീഷ് സെക്യൂരിറ്റി സ്ഥാപനത്തിനും ജര്‍മ്മന്‍ എയര്‍ബേസിനും പങ്കുണ്ടെന്ന ആരോപണവുമായി ഇറാന്‍ പ്രോസിക്യൂട്ടര്‍. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച് ഒരു വര്‍ഷം പിന്നിടവെയാണ് ആരോപണവുമായി ഇറാന്‍ രംഗത്തെത്തിയത്.
വാര്‍ത്താസമ്മേളനത്തിലാണ് ഇറാനിലെ പ്രോസിക്യൂട്ടറായ അലി അല്‍ക്വാഷ്മിര്‍ ബ്രിട്ടനും ജര്‍മ്മനിക്കുമെതിരെ തെളിവുകള്‍ നിരത്താതെ ആരോപണം ഉന്നയിച്ചത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ കമ്പനി ജി4എസ് പങ്കുവഹിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം.
ജനറല്‍ സുലൈമാനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ദേഹം എയര്‍പോര്‍ട്ടില്‍ എത്തിയതിന് പിന്നാലെ ബ്രിട്ടീഷ് കമ്പനി ചോര്‍ത്തിക്കൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം കനക്കുന്നതിനിടെയാണ് പുതിയ ആരോപണവുമായി ഇറാന്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഇറാന്റെ വിദേശകാര്യമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.
എയര്‍പോര്‍ട്ടില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ട ആക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെടുന്നത്. അതേസമയം ബ്രിട്ടീഷ് കമ്പനി ഇറാന്റെ ആരോപണങ്ങള്‍ നിഷേധിച്ചു.
ഖാസിം സുലൈമാനിയുടെ വധത്തില്‍ ട്രംപിനെതിരെ ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ട്രംപിന് പുറമെ ഡ്രോണ്‍ ആക്രമണം നടത്തിയ 30 പേര്‍ക്കെതിരെയും ഇറാന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യു.എസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും കേസുമായി മുന്നോട്ട് പോകുമെന്നും നേരത്തെ തന്നെ ഇറാന്‍ പറഞ്ഞിരുന്നു.
ഇറാനിലെ സായുധ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡിന്റെ കമാന്‍ഡറായ ഖാസിം സുലൈമാനി ഇറാഖില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് ധപി.എം.എഫ്പ ഡെപ്യൂട്ടി കമാന്‍ഡര്‍ അല്‍ മഹ്ദിയും കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിനു പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സുലൈമാനിയെ വകവരുത്താന്‍ ഉത്തരവിട്ടതെന്ന് പെന്റഗണ്‍ അറിയിച്ചിരുന്നു. 2011 ല്‍ സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന് സൈനിക പിന്തുണ നല്‍കല്‍, ഇറാഖിലെ ഷിയ സഖ്യവുമായി കൈകോര്‍ക്കല്‍, ലെബനനിലെ ഹിസ്ബൊള്ള സേനയുമായുള്ള സൗഹൃദം തുടങ്ങി തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളുടെ അമരക്കാരനുമായിരുന്നു സുലൈമാനി.
ഇറാന്‍ സേനയായ ഖുദ്സ് ഫോഴ്സിന്റെ തലപ്പത്തേക്ക് 1998 ലാണ് സുലൈമാനി വരുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇറാന്റെ പശ്ചിമേഷ്യയിലുള്ള ദ്രുത വളര്‍ച്ചയില്‍ ഇസ്രഈലും സൗദി അറേബ്യയും ആശങ്കയിലായിരുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നിരവധി തവണ ഇദ്ദേഹത്തെ വകവരുത്താന്‍ നിരവധി തവണ ശ്രമങ്ങള്‍ നടന്നിരുന്നു.