India
ഓക്‌സിജന്‍ എത്തിച്ച വകയിലുള്ള 85 ലക്ഷം രൂപ എനിക്ക് വേണ്ട, റമദാന്‍ മാസത്തിലെ സക്കാത്താണത്: പ്യാരെ ഖാന്‍ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 26, 07:37 am
Monday, 26th April 2021, 1:07 pm

നാഗ്പൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയും ഓക്‌സിജന് വേണ്ടി വിവിധ സംസ്ഥാനങ്ങള്‍ നെട്ടോട്ടമോടുകയും ചെയ്യുന്ന അവസരത്തില്‍ 85 ലക്ഷം രൂപ സ്വന്തം കയ്യില്‍ നിന്നും ചിലവിട്ട് 400 മെട്രിക് ടണ്‍ ഓക്‌സിജന്‍ നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സൗജന്യമായി നല്‍കിയിരിക്കുകയാണ് നാഗ്പൂരിലെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ടറായ പ്യാരെ ഖാന്‍.

ഓക്‌സിജന്‍ നല്‍കിയ വകയിലുള്ള കുടിശ്ശിക തരാമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും ആ തുക തനിക്ക് വേണ്ടെന്നായിരുന്നു പ്യാരെ ഖാന്‍ പറഞ്ഞത്. വിശുദ്ധ റംസാന്‍ മാസത്തില്‍ ഇത് ചെയ്യുകയെന്നത് തന്റെ കടമയാണെന്നും സക്കാത്തായാണ് താന്‍ ഇതിനെ കണക്കാക്കുന്നതെന്നും പ്യാരെ ഖാന്‍ പറയുന്നു.

മാനവികതയ്ക്കുള്ള തന്റെ സേവനമായി ഇതിനെ കണക്കാക്കണമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതൊരു പ്രതിസന്ധി ഘട്ടമാണ് എല്ലാ സമുദായത്തിലുള്ളവര്‍ക്കും ജീവവായു എത്തിക്കുകയെന്നത് ഒരു സേവനം കൂടിയാണ്, പ്യാരെ ഖാന്‍ പറയുന്നു. ആവശ്യം വരികയാണെങ്കില്‍ ബ്രസല്‍സില്‍ നിന്ന് എയര്‍ലിഫ്റ്റിലൂടെ ടാങ്കറുകള്‍ എത്തിക്കാമെന്നും അതിന് ശ്രമിക്കാമെന്നും പ്യാരെ ഖാന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

1995 ല്‍ നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് ഓറഞ്ച് വില്‍പ്പനക്കാരനായിട്ടായിരുന്നു പ്യാരെ ഖാന്റെ തുടക്കം. താജ്ബാഗിലെ ചേരിയില്‍ താമസിച്ചിരുന്ന പലചരക്ക് വ്യാപാരിയുടെ മകനായിരുന്ന പ്യാരെ ഖാന്‍ ഇന്ന് 400 കോടി മൂലധനം വരുന്ന കമ്പനികളുടെ ഉടമയാണ്.

നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള, ഇന്ത്യയിലുടനീളം 2,000 ട്രക്കുകളുടെ ശൃംഖലയുള്ള പ്യാരെ ഖാന് ബെംഗളൂരുവില്‍ നിന്ന് രണ്ട് ക്രയോജനിക് ഗ്യാസ് ടാങ്കറുകള്‍ അടിയന്തിരമായി വാടകയ്ക്ക് എടുക്കാന്‍ മൂന്ന് മടങ്ങ് കൂടുതല്‍ തുകയാണ് നല്‍കേണ്ടി വന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ അദ്ദേഹത്തിന് ഇത് ആവശ്യമായിരുന്നു.

ഓക്‌സിജന്‍ ലഭ്യത കുറവിനെ തുടര്‍ന്ന് നാഗ്പൂരില്‍ ആളുകള്‍ മരണത്തിന് കീഴടങ്ങേണ്ടി വന്ന ഘട്ടത്തിലായിരുന്നു ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ പ്യാരെ ഖാന്‍ ഇറങ്ങിത്തിരിച്ചത്.

ഓക്‌സിജന്‍ ടാങ്കറുകള്‍ ലഭിക്കാന്‍ ഇരട്ടി വില പറഞ്ഞപ്പോഴും വില പേശാന്‍ അദ്ദേഹം തയ്യാറായില്ല. ഓരോ യാത്രയ്ക്കും 14 ലക്ഷത്തിലധികം രൂപ നല്‍കിയാണ് അദ്ദേഹം ഓക്‌സിജന്‍ ടാങ്കറുകള്‍ വിവിധ ആശുപത്രികളില്‍ എത്തിച്ചത്.

ജില്ലാ ഭരണകൂടത്തിനും പൗരസമിതിക്കും വേണ്ടി മെഡിക്കല്‍ ലിക്വിഡ് ഓക്‌സിജന്റെ വിതരണവും ഗതാഗതവും ഇന്ന് നാഗ്പൂരില്‍ കൈകാര്യം ചെയ്യുന്നത് പ്യാരെ ഖാന്റെ നേതൃത്വത്തിലാണ്.

വിവിധ ആശുപത്രികളില്‍ അഞ്ഞൂറിലധികം സിലിണ്ടറുകള്‍ ഞങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. 360 സിലിണ്ടറുകള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വഴി ലഭ്യമാക്കിയിട്ടുണ്ട്. ടാങ്കറുകള്‍ ലഭ്യമാക്കുക എന്നതാണ് തങ്ങള്‍ ഇപ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് പ്യാരെ ഖാന്‍ പറയുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് ടാങ്കറുകള്‍ എത്തിച്ച് റായ്പൂര്‍, റൂര്‍ക്കേല, ഭിലായ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഓക്‌സിജന്‍ അയച്ചുകൊണ്ടിരിക്കുകയാണെന്നും പ്യാരെ ഖാന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pyare Khan donates Rs 1 cr oxygen to Nagpur medical college