Film News
ദുല്‍ഖറിന്റെ വാപ്പായോട് പറയട്ടെ പ്യാലിയെ ദുല്‍ഖറെക്കൊണ്ട് കെട്ടിക്കാന്‍; ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 24, 02:10 pm
Friday, 24th June 2022, 7:40 pm

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് അവതരിപ്പിക്കുന്ന പ്യാലിയുടെ ടീസര്‍ പുറത്ത്. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടയില്‍ ഒപ്പമുള്ളയാള്‍ പ്യാലി എന്ന് കുട്ടിയോട് ഇതിലാരെയാണ് ഇഷ്ടമെന്ന് ചോദിക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാനെന്നാണ് മറുപടി പറയുന്നത്. എങ്കില്‍ ദുല്‍ഖറിനെ പ്യാലിക്ക് കെട്ടിച്ച് തരാന്‍ ദുല്‍ഖറിന്റെ വാപ്പായോട് പറയട്ടെ എന്ന് പ്യാലിയോട് അയാള്‍ ചോദിക്കുന്നതും ടീസറില്‍ കാണാം.

അഞ്ചു വയസുകാരി ബാര്‍ബി ശര്‍മയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ബബിത- റിന്‍ ദമ്പതിമാരാണ് പ്യാലിയുടെ തിരക്കഥ എഴുതുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ശ്രീനിവാസന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു.

ജൂലൈ എട്ടിന് ആണ് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിന് എത്തിക്കുക. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ സാമൂഹ്യ മാധ്യമ പേജുകളിലൂടെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഊഷ്മളായ ഒരു കഥയാണ് ചിത്രം പറയുന്നത് എന്ന് ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു.

അന്തരിച്ച നടന്‍ എന്‍.എഫ്. വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസാണ് ചിത്രത്തിന്റെ നിര്‍മാണം. എന്‍. എഫ്. വര്‍ഗീസ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. സാഹോദര്യ സ്‌നേഹമാണ് പ്യാലിയുടെ ഇതിവൃത്തം. പ്യാലിയുടെ സഹോദരനായി ജോര്‍ജ് ജേക്കബാണ് അഭിനയിക്കുന്നത്.

മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിസാരണ, ആടുകളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആടുകളം മുരുഗദോസും പ്യാലിയില്‍ പ്രധാന കഥാപാത്രമായുണ്ട്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Content Highlight: pyali movie teaser out presenting wayfarer films