Kerala News
പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകള്‍ ഇനി പീപ്പിള്‍സ് റസ്റ്റ് ഹൗസുകള്‍: റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 25, 10:41 am
Monday, 25th October 2021, 4:11 pm

തിരുവനന്തപുരം: പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് മുറികള്‍ ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ബുക്കിംഗ് സൗകര്യം നവംബര്‍ ഒന്നിന് നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

ഇനി സാധാരണക്കാര്‍ക്കും പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ മുറികള്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകും. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കുക.

ഇതിലൂടെ റസ്റ്റ് ഹൗസ് കൂടുതല്‍ ജനസൗഹൃദമാക്കി പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുകയാണ് ലക്ഷ്യം.

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കമഡേഷന്‍ സൗകര്യം സ്വന്തമായി ഉള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികള്‍ ഉണ്ട്.

റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കി കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

മുറികളുടെ നവീകരണം, ആധുനികവല്‍ക്കരണം, ഫര്‍ണ്ണിച്ചര്‍, ഫര്‍ണിഷിഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി നടത്തുന്നത്.

ഇതിനായി കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

റസ്റ്റ് ഹൗസുകളുടെ ഭാഗമായി ഭക്ഷണശാലകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ശുചിത്വം ഉറപ്പു വരുത്തും. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ടോയ്ലറ്റ് ഉള്‍പ്പെടെയുളള കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നല്ല ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തി റസ്റ്റ് ഹൗസുകള്‍ ജനകീയമാക്കുമെന്നും മന്ത്രി അറിയിച്ചു. മലമ്പുഴ ഗസ്റ്റ് ഹൗസ്, ചെറുതുരുത്തി ഗസ്റ്റ് ഹൗസ്, എറണാകുളം യാത്രി നിവാസ് എന്നിവിടങ്ങളിലെ ബുക്കിംഗ് വിനോദ സഞ്ചാരികള്‍ക്ക് നേരിട്ട് ഓണ്‍ലൈനായി നടത്താന്‍ കഴിയുന്ന സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ജോബ് മൈക്കിള്‍, ഡോ എന്‍. ജയരാജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന്‍ എന്നിവരുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PWD Rest House as Peoples Rest House