| Monday, 25th July 2022, 1:19 pm

ഇടത് വിരുദ്ധതക്ക് മാത്രമായൊരു ശിബിര്‍: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസമായി കോഴിക്കോട് നടന്ന കെ.പി.സി.സിയുടെ ചിന്തന്‍ ശിബിറില്‍ ഇടത് വിരുദ്ധ ചിന്ത മാത്രമാണ് നടപ്പിലായതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.  ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മന്ത്രി ചിന്തന്‍ ശിബിറിനെതിരെ വിമര്‍ശനമുന്നയിച്ചത്.

രണ്ടു ദിവസം ചിന്തിച്ച് ചിന്തിച്ച് ശിബിരം കണ്ടെത്തിയത് തീവ്ര വലതുപക്ഷ സര്‍ക്കാരായി എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറുന്നു എന്ന അസംബന്ധമാണ്. ഇതാണോ ശിബിരം കണ്ടെത്തിയ കേരളത്തിലെ കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നമെന്നും മന്ത്രി റിയാസ് ചോദിച്ചു.

വിലക്കയറ്റം, തൊഴില്ലായ്മ പോലുള്ള ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ അല്ല കേരള സര്‍ക്കാരാണെന്ന് വരുത്തി തീര്‍ക്കാന്‍ എപ്പോഴും വ്യഗ്രത കാണിക്കുന്ന കെ.പി.സി.സി നേതൃത്വത്തിന്റെ സങ്കുചിത നിലപാട് തിരുത്തണമെന്ന് എന്ത് കൊണ്ട് ശിബിരം ചിന്തിച്ചില്ല.

അധികാരത്തില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റുക എന്നതിനെ കുറിച്ചുള്ള ചിന്തകള്‍ കൊണ്ട് വീര്‍പ്പുമുട്ടിയ ശിബിരത്തിന് അപകടത്തിലാണ്ടു പോകുന്ന കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാനാകുമോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ കോണ്‍ഗ്രസ് ചരിത്രത്തിലാദ്യമായി തുടര്‍പ്രതിപക്ഷമായതിന്റെ ഭാഗമായി രൂപം കൊണ്ട അന്ധമായ ഇടതു വിരോധം സംഘപരിവാര്‍ രാഷ്ട്രീയത്തെയാണ് സഹായിക്കുന്നതെന്നും റിയാസ് ആരോപിച്ചു.

അന്ധമായ ഇടതുപക്ഷ വിരോധം, നിയന്ത്രിക്കാനാവാത്ത അധികാരക്കൊതി, തുടര്‍ പ്രതിപക്ഷം സൃഷ്ടിച്ച നിരാശ എന്നീ ചിന്തകളാണ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ നയിക്കുന്നത്. ചിന്തന്‍ ശിബിര്‍ അതുകൊണ്ട് തന്നെ അധികാരക്കൊതി മൂത്ത ചിന്തകളുടെ ശിബിരമായി മാത്രം സമാപിച്ചെന്നും റിയാസ് പറയുന്നു.

Content Highlight: PWD Miniter PA Muhammed Riyas against KPCC’s Chintan Shivir

Latest Stories

We use cookies to give you the best possible experience. Learn more