| Thursday, 9th May 2019, 10:22 pm

പി.വി.എസ് മെമ്മോറിയല്‍ ആശുപത്രിയിലെ ജീവനക്കാരുടെ സമരം; ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി : പി.വി.എസ് മെമ്മോറിയല്‍ ആശുപത്രിയിലെ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഐ.എം.എയുടെയും, യു.എന്‍.എയുടെയും നേതൃത്വത്തില്‍ ആശുപത്രി മാനേജ്മെന്റ് രാത്രി വൈകിയും നടത്തിയ ചര്‍ച്ചയില്‍ മാനേജ്മെന്റിന്റെ തീരുമാനം ശനിയാഴ്ച്ച) പ്രഖ്യാപിക്കും.

മാനേജ്മെന്റിന്റെ തീരുമാനം അറിഞ്ഞതിനുശേഷം ഭാവി പരിപാടികള്‍ക്ക് തീരുമാനിക്കുമെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ. എം.ഐ.ജുനൈദ് റഹ്മാന്‍ പ്രതികരിച്ചു.

ചര്‍ച്ചയില്‍ ആശുപത്രിയെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയറക്ടര്‍ പി.വി.മിനി, ഡയറക്ടര്‍ പി.വി.നിധീഷ്, മാതൃഭൂമി ദിനപത്രം മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എന്നിവരും, ഐ.എം.എയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഡോ. എം.ഐ.ജുനൈദ് റഹ്മാന്‍, സെക്രട്ടറി ഡോ. ഹനീഷ് മീരാസ, ഡോ.മാത്യൂ ഫിലിപ്പ്, ഡോ.സുനില്‍ മത്തായി എന്നിവരും, യു.എന്‍.എയെ പ്രതിനിധീകരിച്ച് സെക്രട്ടറി ഹാരിസ് മണലംപാറ, ആശുപത്രി ജീവനക്കാരായ കെ.രാജന്‍ , പി.നിധിന്‍ എന്നിവരും പങ്കെടുത്തു.

ഒരുവര്‍ഷത്തിലേറെയായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ശമ്പളവും, ജോലിസ്ഥിരതയും ആവശ്യപ്പെട്ടാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 500-ല്‍ പരം ജീവനക്കാര്‍ മെയ് ഒന്നുമുതല്‍ സമരത്തിലാണ്.

25 വര്‍ഷത്തിലധികമായി ഈ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള അഞ്ഞൂറില്‍പ്പരം ജീവനക്കാരാണു സമരത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് എട്ടുമാസമായി ശമ്പളം ലഭിച്ചിട്ട്. മൂന്നുവര്‍ഷമായി ഇ.എസ്.ഐയും രണ്ടുവര്‍ഷമായി പി.എഫും അടച്ചിട്ടില്ല.

ശമ്പളവും കുടിശ്ശികയും മാര്‍ച്ച് 31-നകം കൊടുത്തുതീര്‍ക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പി.വി മിനി ജില്ലാ കളക്ടര്‍ക്കു രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഔട്ട് പേഷ്യന്റ് വിഭാഗവും ഐ.സി.സി.യു, സി.സി.യു, മറ്റ് അനുബന്ധ യൂണിറ്റുകളും ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയിരിക്കുകയാണ്.

DoolNews Video

We use cookies to give you the best possible experience. Learn more