കൊച്ചി: ഇന്‍കം ടാക്‌സ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജന് നേരെ സമൂഹ മാധ്യമങ്ങളില്‍ ജാതിയുടെ പേരില്‍ സൈബറാക്രമണം. നിരവധി വ്യാജ പ്രൊഫൈലുകളില്‍ നിന്ന് തനിക്ക് നേരെ അസഭ്യ വര്‍ഷം നടക്കുന്നുണ്ടെന്ന് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.
ദളിത് പിന്നാക്ക വിഭാഗക്കാരനായ എം.എല്‍.എയെ ഫേസ്ബുക്കില്‍ നിരവധി പേരാണ് ജാതിയുടെ പേരില്‍ അസഭ്യം വിളിക്കുന്നത്. ഫേക്ക് ഐ.ഡികളില്‍ നിന്ന് തന്നെ അസഭ്യം പറയുന്നവരെ തിരികെ ട്രോളാനും എം.എല്‍.എ മറന്നില്ല. അവര്‍ക്കായി ഒരു കടുവയുടെ ചിത്രം പോസ്റ്റ് ചെയ്ത് ആഭാസം പറയുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്നും ശ്രീനിജന്‍ കുറിച്ചു.
മറുനാടന്‍ മലയാളിയുടെ ഉടമയും മാധ്യമ പ്രവര്‍ത്തകനുമായ ഷാജന്‍ സ്‌കറിയക്കെതിരെ പി.വി. ശ്രീനിജന്‍ എം.എല്‍.എ പരാതി നല്‍കിയിരുന്നു. ഇതില്‍ പൊലീസ് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയുമാണ്. ഈ ഘട്ടത്തിലാണ് സിനിമാ നിര്‍മാതാവില്‍ നിന്ന് പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സിയായ ഇന്‍കം ടാക്‌സ് എം.എല്‍.എയെ ഇന്നലെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന്റെ വിവരങ്ങള്‍ എം.എല്‍.എ രാവിലെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. സിനിമ നിര്‍മാതാവ് ആന്റോ ജോസഫില്‍ നിന്ന് വാങ്ങിയ തുകയെ സംബന്ധിച്ചാണ് പ്രധാനമായും ചോദ്യമുണ്ടായതെന്നും വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്നും ശ്രീനിജന്‍ എഫ്.ബിയില്‍ കുറിച്ചു.
‘ഇന്നലെ എന്നെ ഇന്‍കം ടാക്‌സ് വിളിപ്പിച്ചിരുന്നു എന്നത് സത്യമാണ്. സിനിമ നിര്‍മാതാവ് ആന്റോ ജോസഫില്‍ നിന്ന് ഞാന്‍ വാങ്ങിയ തുകയെ സംബന്ധിച്ചാണ് പ്രധാനമായും ചോദ്യമുണ്ടായത്. അതിന് കൃത്യമായ ഉത്തരം നല്‍കിയിട്ടുണ്ട്.
2015ല്‍ ലോണായി വാങ്ങിയ തുക ഞാന്‍ തിരികെ നല്‍കിയിട്ടുള്ളതാണ്. ഇതെല്ലാം എന്റെ ഐ.ടി. റിട്ടേണിലും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും വെളിപ്പെടുത്തിയിട്ടുണ്ട്. എന്റെ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ എതിരാളികള്‍ ഇത് പ്രചരണ ആയുധമാക്കിയതാണ്.
അതിനെയെല്ലാം അതിജീവിച്ചാണ് കുന്നത്തുനാട്ടില്‍ ഞാന്‍ വിജയിച്ചത്. പിന്നെ ഞാന്‍ ഒരിടത്തും ഒളിച്ചുപോകാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടെ തന്നെ കാണും,’ ശ്രീനിജന്‍ പറഞ്ഞു.