| Saturday, 19th February 2022, 9:18 am

ദീപുവിന്റെ കൊലപാതകത്തില്‍ എനിക്കെതിരെ തെളിവുണ്ടെങ്കില്‍ സാബു ജേക്കബ് പുറത്തുവിടട്ടെ; ആരോപണങ്ങള്‍ തള്ളി പി.വി. ശ്രീനിജന്‍ എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുന്നത്തുനാട്: ട്വന്റി-20 പ്രവര്‍ത്തകനായ ദീപുവിന്റെ കൊലപാതകത്തില്‍ സാബു എം. ജേക്കബിന്റെ ആരോപണങ്ങള്‍ തള്ളി എം.എല്‍.എ പി.വി. ശ്രീനിജന്‍. ഏതുതരം അന്വേഷണത്തെ നേരിടാന്‍ തയാറാണെന്ന് ശ്രീനിജന്‍ പറഞ്ഞു. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും ഫോണ്‍രേഖകള്‍ പരിശോധിക്കട്ടെയെന്നും ശ്രീനിജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

‘വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ് സാബു ജേക്കബ് നടത്തുന്നത്. യാതൊരു ബന്ധവുമില്ലാത്ത കേസില്‍ എന്നെക്കൂടി വലിച്ചിഴക്കുന്നതിനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. യാതൊരു പാടുമില്ലാതെ അതിവിദഗ്ദമായി മര്‍ദ്ദിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. അതില്‍ നിന്ന് തന്നെ വ്യക്തമാണ് അത്തരത്തിലൊരു സംഭവം അവിടെ നടന്നിട്ടില്ല എന്നത്. സാബു ജേക്കബ് പറഞ്ഞ ആരോപണങ്ങള്‍ പൊലീസ് അന്വേഷിക്കട്ടെ. അന്വേഷണം നേരായ ദിശയിലാണ് പോകുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്,’ ശ്രീനിജന്‍ പറഞ്ഞു.

‘പ്രതികള്‍ ഒളിവില്‍ പോയെന്നു പറയുന്നത് ശരിയല്ല. പരാതി കിട്ടി രാത്രിയില്‍ തന്നെ പ്രതികളെ പിടികൂടിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരട്ടെ. ഞാന്‍ കിറ്റക്‌സിനെതിരെയും സാബു എം. ജേക്കബിനെതിരെയും എടുക്കുന്ന നിലപാടുകള്‍ അദ്ദേഹത്തെ ഭയപ്പെടുത്തുന്നു. കിറ്റക്‌സിന്റെ ജനദ്രോഹനടപടികള്‍ക്കെതിരെ നിലപാടെടുത്തതാണ് ഞാന്‍ ചെയ്ത തെറ്റ്.

സാബു ജേക്കബ് പറയുന്നതുപോലെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലമല്ല കുന്നത്തുനാട്. ദീപു മരിച്ച സംഭവത്തില്‍ എനിക്കെതിരെ തെളുവുകളുണ്ടെങ്കില്‍ അദ്ദേഹം പുറത്തു വിടട്ടെ. പ്രതികളെ പാര്‍ട്ടിപ്രവര്‍ത്തകരെന്ന നിലയില്‍ എനിക്കറിയാം. എന്നാല്‍ സംഭവവുമായി ബന്ധമില്ല. എന്റെ ഫോണ്‍രേഖകള്‍ പൊലീസ് പരിശോധിച്ചോട്ടെ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീനിജന്റെ അറിവോടെ നടത്തിയതാണ് ദീപുവിന്റെ കൊലപാതകമെന്നാണ് സാബു എം. ജേക്കബ് ആരോപിച്ചത്. ദീപുവിനെ മര്‍ദ്ദിക്കാനാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ അവിടെയെത്തിയത് അല്ലാതെ ബക്കറ്റ് പിരിവിനല്ല. വിളക്കണക്കല്‍ സമരത്തെ കുറിച്ച് പറയാന്‍ കോളനിയിലെ വീടുകള്‍ കയറി നടക്കുമ്പോള്‍ പതിയിരുന്നാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നും സാബു പറഞ്ഞു.

പുറത്തേക്ക് യാതൊരു പരിക്കും ഏല്‍ക്കാതെ ആന്തരികമായ ക്ഷതമേല്‍പ്പിക്കുന്ന മര്‍ദ്ദനമാണ് നടത്തിയതെന്നും ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പറഞ്ഞു.

ശ്രീനിജന്‍ എം.എല്‍.എയാണ് കേസിലെ ഒന്നാം പ്രതി. രാഷ്ട്രീയ ബലവും, കോടതികളില്‍ ഉള്ള സ്വാധീനവും ഉപയോഗിച്ച് ശ്രീനിജന്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആര്‍ക്കും പരാതി പറയാന്‍ പോലും ധൈര്യം ഇല്ലെന്നും സാബു ആരോപിച്ചു.


Content Highlight:  PV sreenijan mla dismisses allegations of sabu m jacob

We use cookies to give you the best possible experience. Learn more