സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ എറണാകുളം ജില്ലയിലെ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളില്‍, കൊവിഡ് പ്രതിരോധത്തില്‍ വലിയ വീഴ്ചയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ മത്സരിച്ച് പരാജയപ്പെട്ട ട്വന്റി 20 രാഷ്ട്രീയ പ്രതികാരം മൂലം മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നില്ല എന്നതായിരുന്നു ഉയര്‍ന്ന ആരോപണം. ഈ സാഹചര്യത്തില്‍ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ നിയുക്ത എം.എല്‍.എ അഡ്വ. പി.വി ശ്രീനിജന്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.
ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലത്ത് രോഗവ്യാപനം രൂക്ഷമായിട്ടും ഡൊമിസിലറി കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടില്ല എന്ന ആരോപണമുണ്ടല്ലോ. എന്താണ് അതിന്റെ സത്യാവസ്ഥ?
രോഗം വ്യാപിക്കുന്ന സമയത്ത് കിഴക്കമ്പലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍(ഡി.സി.സി) ആരംഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരു ഡി.സി.സി ആരംഭിച്ചിട്ടുണ്ട്. 25 ബെഡുകളാണ് അവിടെയുള്ളത് എന്നാണ് ഞാന്‍ മനസിലാക്കിയത്.
കിഴക്കമ്പലത്തെ രോഗികളുടെ എണ്ണം വെച്ച് നോക്കുമ്പോള്‍ അത് കുറവാണ്. അതുകൊണ്ട് ബ്ലോക്ക് പഞ്ചായത്തിനോട് കൂടി ഒരെണ്ണം തുടങ്ങാന്‍ പറഞ്ഞിട്ടുണ്ട്. താമരച്ചാലില്‍ 50 ബെഡിന്റെ ഡി.സി.സിയാണ് അടിയന്തരമായി ആരംഭിക്കുന്നത്. അതിന്റെ ഒരുക്കങ്ങള്‍ നടക്കുകയാണ്.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ എന്തുകൊണ്ടാണ് ഇത്തരത്തിലൊരു അനാസ്ഥയുണ്ടാകുന്നതെന്ന് പരിശോധിച്ചിരുന്നോ?
അനാസ്ഥ കാണിച്ചുവെന്ന് പറയുന്നില്ല. ഒരു ഏകീകരണം നടത്താനാണ് ശ്രമിക്കുന്നത്. പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ രണ്ട് പഞ്ചായത്തുകളെക്കുറിച്ച് പരാമര്‍ശം വന്നതിന്റെ പിറ്റേദിവസം പഞ്ചായത്ത് പ്രസിഡണ്ടുമാരെയെല്ലാം വിളിച്ചുചേര്‍ത്ത് ഒരു മീറ്റിംഗ് ഞാന്‍ സംഘടിപ്പിച്ചിരുന്നു. അതില്‍ ട്വന്റി 20യുടെ നാല് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുത്തില്ല. ഞാന്‍ മനസിലാക്കുന്നത് അവര്‍ക്ക് എന്തോ അസൗകര്യം ഉണ്ടായതാണ് എന്നാണ്. പക്ഷെ പങ്കെടുക്കില്ല എന്ന കാര്യം എന്നെ അറിയിച്ചില്ല. എന്തായാലും പങ്കെടുത്തില്ല എന്നത് വസ്തുതയാണ്.
കിഴക്കമ്പലത്തെ രോഗികളുടെയും മരണങ്ങളുടെയും കണക്കുകളില്‍ ആശങ്കാജനകമായ സാഹചര്യം നിലനില്‍ക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്താണ് അതിന്റെ സത്യാവസ്ഥ?
കഴിഞ്ഞ ആഴ്ച നടന്ന പഞ്ചായത്ത് അവലോകന യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞ കണക്ക് പ്രകാരം ഏകദേശം 750 രോഗികളുണ്ടെന്നും 75 മരണങ്ങള്‍ നടന്നുവെന്നുമാണ് പറയുന്നത്. തുടക്കം മുതല്‍ നമ്മള്‍ പറയുന്നതാണ് പഞ്ചായത്തുകള്‍ അടിയന്തരമായി ഡി.സി.സികള്‍ സ്ഥാപിച്ച് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം എന്നുള്ളത്. പക്ഷെ അതിലൊരു കാലതാമസം വന്നു എന്നത് വസ്തുതയാണ്. സാഹചര്യം മുന്‍കൂട്ടി കാണുവാന്‍ പഞ്ചായത്തുകള്‍ക്ക് കഴിഞ്ഞില്ല.
കിഴക്കമ്പലത്ത് തന്നെ ഒരു വീട്ടില്‍ മൂന്ന് പേര്‍ മരിച്ചു. എന്നിട്ടുപോലും ഡി.സി.സികള്‍ തുടങ്ങാന്‍ വൈകിയത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. കേരളം മുഴുവന്‍ ഇത്തരം കേസുകള്‍ വര്‍ധിക്കുമ്പോഴും സ്വന്തം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളേയും വിശ്വാസത്തിലെടുത്തുകൊണ്ട് മുന്നോട്ടുപോകാനാണ് എം.എ.എല്‍ എന്ന നിലയില്‍ ശ്രമിക്കുന്നത്.
കൊവിഡ് ബാധിച്ച് മരിച്ച സാബുവിന്റെ കുടുംബം കിഴക്കമ്പലം പഞ്ചായത്തിനെതിരെ എം.എല്‍.എയ്ക്ക് പരാതി നല്‍കിയിട്ടുണ്ടല്ലോ? എന്താണ് അവര്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍?
ആ പരാതിയില്‍ ഒട്ടനവധി പരാമര്‍ശങ്ങള്‍ ഉണ്ട്. സാബുവിന്റെ ഭാര്യയാണ് പരാതി തന്നത്. പഞ്ചായത്ത് അധികാരികളില്‍ നിന്നും ആശാ വര്‍ക്കറില്‍ നിന്നും സഹായങ്ങളൊന്നും കിട്ടിയില്ലെന്ന് അവര്‍ ഉന്നയിക്കുന്നുണ്ട്. അന്വേഷണത്തിനായി പരാതി എസ്.പിയ്ക്ക് കൈമാറുകയും അദ്ദേഹം സി.ഐയോട് അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പരാതിയുടെ ഒരു പകര്‍പ്പ് മുഖ്യമന്ത്രിയ്ക്കും അയച്ചുകൊടുക്കും.
സാബു
കൊവിഡ് പ്രതിരോധങ്ങള്‍ക്കായി എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നല്ലോ. പ്രസ്തുത യോഗത്തില്‍ ട്വന്റി 20യെ വിളിച്ചിരുന്നോ?
തീര്‍ച്ചയായും. എല്ലാ കക്ഷികളേയും വിളിച്ചിരുന്നു. ട്വന്റി 20, കോണ്‍ഗ്രസ്, ബി.ജെ.പി എന്നിങ്ങനെ വേര്‍തിരിച്ചല്ലല്ലോ നമ്മള്‍ കൊവിഡിനെ നേരിടുന്നത്. എല്ലാവരേയും വിളിച്ചിരുന്നു. അതില്‍ ട്വന്റി 20യേയും ഉള്‍പ്പെടുത്തണമല്ലോ. അവരെ വിളിച്ചെങ്കിലും പങ്കെടുത്തില്ല.
കിഴക്കമ്പലത്തെ കിറ്റക്സിന്റെ ഉദ്പാദനശാലകളില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്നു എന്ന തരത്തില്‍ ഒരു ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ട്. അതിന്റെ നിജസ്ഥിതി അന്വേഷിച്ചിരുന്നോ?
ഒരു വോയ്‌സ് ക്ലിപ്പ് എനിക്കൊരാള്‍ അയച്ചുതന്നിരുന്നു. അതില്‍ പറയുന്നത് കിറ്റക്‌സില്‍ കൊവിഡ് വ്യാപനം കൂടുതലാണ്, ശരിയായ ചികിത്സയോ ടെസ്റ്റിംഗോ നടക്കുന്നില്ല എന്നാണ്. ഇക്കാര്യം ജില്ലാ കളക്ടറുടേയും എറണാകുളം കൊവിഡ് സെന്ററിന്റേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഉചിതമായ നടപടികള്‍ ഉണ്ടാകും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നാണ് ട്വന്റി 20യ്ക്കെതിരായ ആരോപണം. ശരിയാണോ?
തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. പക്ഷെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഒരിടത്ത് പോലും ഒരാളുടെ പേര് പറയുകയോ ഒരു രാഷ്ട്രീയ കക്ഷിയുടെ പേര് പറയുകയോ ചെയ്തിട്ടില്ല, ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ പഞ്ചായത്തിന്റെ പേര് പറഞ്ഞന്നേ ഉള്ളൂ. അത് വ്യക്തിഹത്യ ചെയ്യാനല്ല.
എന്നാല്‍ പുറമെയുള്ളവര്‍ പഞ്ചായത്ത് ഭരിക്കുന്ന കക്ഷികളുടേയും വ്യക്തികളുടേയും പേര് പറഞ്ഞ് അത്തരമൊരു വ്യാഖ്യാനം നല്‍കുന്നുണ്ട്. എം.എല്‍.എ എന്ന നിലയില്‍ എല്ലാവരേയും ഉള്‍പ്പെടുത്തിക്കൊണ്ട് കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്‍കാനാണ് ശ്രമിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PV Sreenijan Interview Kizhakkambalam Covid 19 Kunnathunad 20-20 Kizhakkambalam