സോള്‍: ബാഡ്മിന്റണ്‍ ലോകത്ത് ഇന്ത്യയുടെ സിന്ധൂരശോഭയായി മാറിയിരിക്കുകയാണ് പി.വി സിന്ധു. ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും അവസാന നിമിഷം കിരീടം കൈവിട്ട സിന്ധു ഇന്നലെ കൊറിയന്‍ സൂപ്പര്‍ സീരിസ് സ്വര്‍ണ്ണത്തിളക്കവുമായാണ് അവസാനിപ്പിച്ചത്.
കലാശപ്പോരാട്ടത്തില്‍ തന്റെ പ്രധാന എതിരാളിയായ ജപ്പാന്റെ ലോക ചാമ്പ്യന്‍ നൊസാമി ഒകുഹാരയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ഏറെ നാളുകള്‍ക്ക് ശേഷം അര്‍ഹിച്ച കിരീടം സിന്ധുവിനെ തേടിയെത്തിയപ്പോള്‍ ഇന്ത്യയത് മതിമറന്ന് ആഘോഷിക്കുകയും ചെയ്തു.
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചലച്ചിത്ര താരങ്ങളും കായിക താരങ്ങളുമെല്ലാം സിന്ധുവിനു അഭിനന്ദനമറിയിച്ച് രംഗത്തെത്തുകയും ചെയ്തു. രാജ്യം തന്റെ വിജയം ആഘോഷിച്ചപ്പോള്‍ രാജ്യത്തിനൊപ്പം ആ സന്തോഷത്തില്‍ പങ്കുചേരുകയായിരുന്നു സിന്ധു. ട്വിറ്ററില്‍ ആശംസയറിച്ചവര്‍ക്കെല്ലാം നന്ദിയുമായി സിന്ധുവും രംഗത്തെത്തി.
അഭിനന്ദനങ്ങള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ താരം ഓരോരുത്തരുടെയും കമന്റുകള്‍ക്ക് മറുപടിയും നല്‍കിയിട്ടുണ്ട്. സിന്ധു ഒരു ഇതിഹാസമാണെന്ന പറഞ്ഞ വിരേന്ദര്‍ സെവാഗിനോട് നിങ്ങളുടെ യോര്‍ക്കറിനു മുന്നില്‍ ഞാന്‍ ബൗള്‍ഡായെന്നായിരുന്നു സിന്ധുവിന്റെ പ്രതികരണം. തന്റെ കരിയര്‍ മികച്ചതാവാന്‍ ശ്രമിക്കുമെന്നും സിന്ധു താരത്തോടായി പറഞ്ഞു.
ആശംസയറിയിച്ച ക്രിക്കറ്റ് ദൈവത്തോട് നിങ്ങളുടെ ആശംസ എന്നെ സ്പര്‍ശിച്ചതായും ഈ പ്രചോദനത്തിനു പുറത്ത് എന്റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും സിന്ധു പറഞ്ഞു.
ആശംസയറിയിച്ച മോഹന്‍ ലാലിനും നയന്‍ താരയ്ക്കും നന്ദി പറഞ്ഞ താരം തമാശ രൂപേണ തപ്‌സി പന്നുവിനോട് നിങ്ങള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നില്ലലോയെന്നും ചോദിക്കുന്നുണ്ട്.