അന്ന് വിമര്‍ശിച്ചവര്‍ക്ക് ഇതാണ് എന്റെ മറുപടി: പി.വി സിന്ധു
World Badminton Championship
അന്ന് വിമര്‍ശിച്ചവര്‍ക്ക് ഇതാണ് എന്റെ മറുപടി: പി.വി സിന്ധു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th August 2019, 1:23 pm

ബേസല്‍: കഴിഞ്ഞ രണ്ട് തവണയും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെട്ടപ്പോള്‍ തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ ലോകകിരീടമെന്ന് ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ പി.വി സിന്ധു. റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ നേട്ടത്തിന് ശേഷം എല്ലാവര്‍ക്കും തന്നില്‍ പ്രതീക്ഷ വര്‍ധിച്ചെന്നും സിന്ധു പറഞ്ഞു.

‘എന്നോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചവര്‍ക്കുള്ള മറുപടിയാണിത്. റാക്കറ്റുകൊണ്ട് മറുപടി കൊടുക്കണമെന്നാണ് ഞാന്‍ കരുതിയത്.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി ഫൈനലില്‍ തോറ്റപ്പോള്‍ സങ്കടം തോന്നിയെന്നും രണ്ടാം വര്‍ഷം തോറ്റപ്പോള്‍ ദേഷ്യം വന്നുവെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

‘സിന്ധു… എന്താണ് നിങ്ങള്‍ക്ക് ഈ ഒരു മത്സരം മാത്രം ജയിക്കാന്‍ പറ്റാത്തതെന്ന് എന്നോട് ഞാന്‍ തന്നെ ചോദിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷെ ഇന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു ആശങ്കകളിലാതെ സ്വന്തം കളിയില്‍ വിശ്വസിക്കൂ.’

ഓരോ തവണയും ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കുമ്പോഴും സ്വര്‍ണ്ണത്തില്‍ കുറഞ്ഞതൊന്നും തന്നില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്നും സിന്ധു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘മറ്റുള്ളവരെക്കുറിച്ച് എന്തിനാണ് ചിന്തിക്കുന്നതെന്ന് ഞാന്‍ കരുതാറുണ്ട്. അത് എന്നില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു. പിന്നീട് ഞാന്‍ മനസിലാക്കി സ്വന്തം കളിയില്‍ വിശ്വസിച്ച് മത്സരത്തിനിറങ്ങിയാലെ 100 ശതമാനവും കളിക്കളത്തില്‍ പുറത്തെടുക്കാനാവൂ എന്ന്.’

ടോക്കിയോയില്‍ നടക്കുന്ന 2020 ലെ ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടുമോയെന്ന് ആളുകള്‍ ഇപ്പോള്‍ തന്നെ ചോദിച്ച് തുടങ്ങിയെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു. ബാഡ്മിന്റണാണ് തന്റെ ശ്വാസമെന്നും സിന്ധു പറഞ്ഞു.

ജപ്പാന്റെ നസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ലോകചാമ്പ്യനായത്. കഴിഞ്ഞ രണ്ട് വര്‍ഷവും ഫൈനലില്‍ സിന്ധു പരാജയപ്പെട്ടിരുന്നു. 2017 ല്‍ ഒകുഹാരയും 2018 ല്‍ കരോളിന മാരിനുമായിരുന്നു സിന്ധുവിനെ തോല്‍പ്പിച്ചത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ അഞ്ചാം മെഡലാണിത്. 2013,2014 വര്‍ഷങ്ങളില്‍ സിന്ധു വെങ്കലം നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയവരുടെ പട്ടികയില്‍ ചൈനയുടെ സാംഗ് നിംഗിനൊപ്പം ഒന്നമതാണ് സിന്ധു.

2001 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഒരു സ്വര്‍ണ്ണവും രണ്ട് വീതവും വെള്ളിയും വെങ്കലവും സാംഗ് നിംഗ് നേടിയിരുന്നു.

WATCH THIS VIDEO: