World Badminton Championship
ഇന്ത്യയ്ക്ക് പ്രതീക്ഷ; ലോക ബാഡ്മിന്റണില്‍ പി.വി സിന്ധു സെമിഫൈനലില്‍
അലി ഹൈദര്‍
2018 Aug 03, 04:20 pm
Friday, 3rd August 2018, 9:50 pm

നാന്‍ജിങ്: ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു സെമി ഫൈനലില്‍ കടന്നു. ജപ്പാന്റെ നൊസോമി ഒകുഹാരെയെയാണ് സിന്ധു തോല്‍പ്പിച്ചത്( 21-17, 21-19). നാലാം തവണയാണ് സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തുന്നത്. സെമിയില്‍ ജപ്പാന്‍ താരം യെമാഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി.

നേരത്തെ ദക്ഷിണകൊറിയയുടെ സങ് ജി ഹ്യൂനെ തോല്‍പ്പിച്ചായിരുന്നു സിന്ധു ക്വാര്‍ട്ടറില്‍ എത്തിയത്.


Read Also : അഞ്ചുവിക്കറ്റ് നേട്ടവുമായി ഇഷാന്ത്; ഇംഗ്ലണ്ടിന്റെ മാനം കാത്ത് കറന്‍; ഇന്ത്യയ്ക്ക് ജയിക്കാന്‍ 194 റണ്‍സ്


 

അതേസമയം ചാംപ്യന്‍ഷിപ്പില്‍ നിന്ന് സൈന നേഹ്വാള്‍ പുറത്തായി. ഒളിംപിക് ചാമ്പ്യന്‍ സ്പെയിനിന്റെ കരോലിന മാരിനാണ് ക്വാര്‍ട്ടറില്‍ സൈനയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-21, 11-21.

മാരിനോട് തീര്‍ത്തും നിറംമങ്ങിയ പ്രകടനമായിരുന്നു സൈനയുടേത്. അരമണിക്കൂറില്‍ അടിയറവ് പറഞ്ഞ സൈന പൊരുതാന്‍പോലുമാകാതെ കീഴടങ്ങുകയായിരുന്നു.

ഇതുവരെ നേര്‍ക്കുനേരെത്തിയ പത്തു പോരാട്ടങ്ങളില്‍ ഇതോടെ ഇരുവര്‍ക്കും അഞ്ചു വിജയങ്ങള്‍ വീതമായി.

തുടര്‍ച്ചയായി എട്ടുതവണ ലോക ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ താരമെന്ന നിലയില്‍ റെക്കോര്‍ഡ് കുറിച്ചതിനു പിന്നാലെയാണ് സൈനയുടെ നിരാശപ്പെടുത്തുന്ന തോല്‍വി. 2015, 2017 വര്‍ഷങ്ങളില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുള്ള താരമാണ് സൈന.

അലി ഹൈദര്‍
മാധ്യമപ്രവര്‍ത്തകന്‍