മുംബൈ: രണ്ട് ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് അഭിനന്ദനങ്ങള്‍ ഒഴുകുകയാണ്.
തന്റെ വിജയം കായിക മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവേശമാകുമെന്നാണ് പ്രതീക്ഷയെന്നും കായികരംഗത്ത് മികച്ച നേട്ടമാണ് വനിതകള്‍ ഇത്തവണ നേടിയതെന്നും സിന്ധു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സിന്ധുവിന്റെ പ്രതികരണം.
വിജയയാത്രയില്‍ കേരളത്തില്‍ നിന്ന് ലഭിച്ച പ്രചോദനങ്ങളെപ്പറ്റിയും സിന്ധു മനസ്സുതുറന്നു. തനിക്ക് കേരളത്തില്‍ ധാരാളം സുഹൃത്തുക്കളുണ്ടെന്നും പിന്തുണയ്ക്ക് വലിയ നന്ദിയെന്നും സിന്ധു പറഞ്ഞു.
‘മെഡലുകള്‍ ലഭിക്കുന്നത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. ഒട്ടും എളുപ്പമല്ല ഇത്. ഈ യാത്രയില്‍ നേട്ടങ്ങളും വീഴ്ചകളുമുണ്ടാകും. ഈ വിജയം ഒരുപാട് പേര്‍ക്ക് പ്രചോദനമാകുമെന്നതില്‍ സന്തോഷം. കേരളത്തില്‍ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. മലയാളത്തില്‍ ചില വാക്കുകള്‍ ഒക്കെ അറിയാം. കേരളത്തില്‍ നിന്ന് ലഭിച്ച വലിയ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു,’ സിന്ധു പറഞ്ഞു.
പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുമെന്നും അഭിമാനകരമായ വിജയം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും സിന്ധു പറഞ്ഞു.
ടോകിയോ ഒളിംപിക്‌സില്‍ സിന്ധുവിന് വെങ്കല മെഡല്‍ ലഭിച്ചിരിക്കുകയാണ്. ചൈനീസ് താരമായ ഹീ ബിന്‍ജാവോയും സിന്ധുവും തമ്മിലുള്ള വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയ്മുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം.
തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലാണ് സിന്ധു മെഡല്‍ നേടുന്നത്. ഇതോടെ രണ്ട് ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി സിന്ധു. കഴിഞ്ഞ റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് പി.വി. സിന്ധു.
ടോകിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. വെയ്റ്റ്‌ലിഫ്റ്റിങില്‍ 49 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മീരാബായി ചനു വെള്ളി സ്വന്തമാക്കിയിരുന്നു.
സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനോടായിരുന്നു സിന്ധു പരാജയപ്പെട്ടാണ്. നേരിട്ടുള്ള ഗെയ്മുകള്‍ക്കായിരുന്നു സെമിയില്‍ സിന്ധുവിന്റെ തോല്‍വി. ക്വാര്‍ട്ടറില്‍ ജപ്പാന്‍ താരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് വീഴ്ത്തിയായിരുന്നു സിന്ധു സെമിയില്‍ കടന്നിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights; PV Sindhu About The Support She Get From Kerala