| Tuesday, 11th July 2023, 2:18 pm

പി.വി അന്‍വറിന്റെ അനധികൃത ഭൂമി ഉടന്‍ തിരിച്ചുപിടിക്കണം: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഭൂപരിധി ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. ഭൂമി തിരിച്ചുപിടിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജി സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. പി.വി അന്‍വറും കുടുംബവും കൈവശം വെച്ചിരിക്കുന്ന അനധികൃത ഭൂമി തിരിച്ചുപിടിക്കാന്‍ 2022 ജനുവരിയില്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതില്‍ നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

അടുത്ത തിങ്കളാഴ്ച സത്യവാങ്മൂലം നല്‍കണമെന്നാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. 10 ദിവസത്തെ സാവകാശം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. 2017ല്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡിനും താമരശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും പി.വി അന്‍വറും കുടുംബവും കൈവശം വെച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി വൈകിയിരുന്നു. തുടര്‍ന്നാണ് 2022ല്‍ ഹരജിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചത്. ഭൂമി ആറ് മാസത്തിനകം തിരിച്ചുപിടിക്കാനായിരുന്നു കോടതി അന്ന് ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവും നടപ്പാകാതെ വന്നതോടെയാണ് കോടതി അലക്ഷ്യഹരജിയുമായി കെ.വി. ഷാജി വീണ്ടും കോടതിയെ സമീപിച്ചത്.

Content Highlight: PV Anwar’s illegal land should be recovered immediately: High Court

We use cookies to give you the best possible experience. Learn more