Kerala News
'ഈ ഓഫീസില്‍ പൗഡര്‍ കുട്ടപ്പന്മാര്‍ ഇല്ല, ആ സഹോദരിമാര്‍ക്ക് കോണ്‍ഗ്രസ് ഓഫീസില്‍ കയറിനില്‍ക്കാനാവില്ലല്ലോ'; ട്രോളിനെതിരെ പി.വി അന്‍വര്‍
മലപ്പുറം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിലമ്പൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ട്രോളിനെതിരെ പി.വി അന്‍വര്‍ എം.എല്‍.എ. റോഡ് ഷോയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ പ്രദേശവാസികളായ സ്ത്രീകള്‍ എം.എല്‍.എ ഓഫീസിന് മുകളില്‍ കയറി നിന്നതായിരുന്നു ട്രോളിന് ആധാരമായത്.
‘തന്റെ ഓഫീസിനു മുകളില്‍ നിന്നും രാഹുല്‍ ഗാന്ധിക്കു അഭിവാദ്യം അര്‍പ്പിക്കുന്നത് കാണുന്ന അമ്പുക്ക’- ഇതായിരുന്നു ട്രോള്‍.
പുതിയ എം.പിയെ നേരില്‍ കാണാനെത്തിയ കോണ്‍ഗ്രസ് അനുഭാവികളായ സ്ത്രീകള്‍ എം.എല്‍.എ ഓഫീസിന് മുകളില്‍ കയറി നിന്നതില്‍ തെറ്റ് കാണുന്നില്ല. നിലമ്പൂരിലെ അവരുടെ സാഹചര്യം അതാണ്. അതുകൊണ്ട് തന്നെ ഈ ട്രോളിനെ ഞാന്‍ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ പറഞ്ഞു.
‘ആ സഹോദരിമാര്‍ക്ക് നിലമ്പൂരില്‍ ഇത്രയും സുരക്ഷിതമായി മറ്റ് എവിടെ നില്‍ക്കാനാവും? അവരുടെ പാര്‍ട്ടി ഓഫീസില്‍ പോകുന്നത് അവരില്‍ ജീവഭയം ജനിപ്പിക്കുന്ന കാര്യമാണ്. കോണ്‍ഗ്രസ് ഓഫീസിലെ സ്റ്റാഫായിരുന്ന രാധ എന്ന സ്ത്രീയെ ചില ആളുകളുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ മാനഭംഗം ചെയ്ത് കൊലപ്പെടുത്തി ചാക്കില്‍ കുളത്തില്‍ താഴ്ത്തിയത് അവരും മറക്കാനിടയില്ലല്ലോ’- അന്‍വര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകത്തിന്റെ പത്രവാര്‍ത്തയും ട്രോളിനൊപ്പം അന്‍വര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശ്രീ.രാഹുല്‍ ഗാന്ധി എം.പിയുടെ നിലമ്പൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എനിക്കെതിരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ട്രോളാണിത്. റോഡ് ഷോയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ പ്രദേശവാസികളായ കുറച്ച് സ്ത്രീകള്‍ എന്റെ എം.എല്‍.എ ഓഫീസിന് മുകളില്‍ കയറി നിന്നു എന്നതായിരുന്നു ട്രോളിന് ആധാരം.
പുതിയ എം.പിയെ നേരില്‍ കാണാനെത്തിയ സ്ത്രീകള്‍ (കോണ്‍ഗ്രസ് അനുഭാവികള്‍) അവിടെ കയറി നിന്നു എന്നതില്‍ ഞാന്‍ തെറ്റ് കാണുന്നില്ല. നിലമ്പൂരിലെ അവരുടെ സാഹചര്യം അതാണ്. അതുകൊണ്ട് തന്നെ ഈ ട്രോളിനെ ഞാന്‍ മുഖവിലയ്ക്ക് എടുക്കുന്നുമില്ല.
ആ സഹോദരിമാര്‍ക്ക് നിലമ്പൂരില്‍ ഇത്രയും സുരക്ഷിതമായി മറ്റ് എവിടെ നില്‍ക്കാനാവും? അവരുടെ പാര്‍ട്ടി ഓഫീസില്‍ പോകുന്നത് അവരില്‍ ജീവഭയം ജനിപ്പിക്കുന്ന കാര്യമാണ്. കോണ്‍ഗ്രസ് ഓഫീസിലെ സ്റ്റാഫായിരുന്ന രാധ എന്ന സ്ത്രീയെ ചില ആളുകളുടെ പേഴ്സണല്‍ സ്റ്റാഫുകള്‍, മാനഭംഗം ചെയ്ത് കൊലപ്പെടുത്തി ചാക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയത് അവരും മറക്കാനിടയില്ലല്ലോ!.
അവരുടെ സുരക്ഷിതത്വം, അതിന് തന്നെ എന്റെ ഓഫീസ് പ്രധാന്യം നല്‍കി. അവര്‍ക്ക് ടെറസില്‍ സൗകര്യം ഒരുക്കി നല്‍കി. കുറച്ച് ട്രോള്‍ എറ്റുവാങ്ങേണ്ടി വന്നെങ്കിലും, ഞാന്‍ ഇതില്‍ എന്നും അഭിമാനിക്കുന്നു. ഒരുകൂട്ടം സഹോദരിമാര്‍ക്ക് കുറച്ച് നേരത്തേക്ക് മരണഭയം ഇല്ലാതാക്കാനായി.
(പൗഡര്‍ കുട്ടപ്പന്മാര്‍ ഈ ഓഫീസില്‍ ഇല്ല)