Kerala News
'തന്തയ്ക്ക് വിളിച്ചൂന്ന് പറഞ്ഞ് വൈറലാകാനല്ലേ, അങ്ങനിപ്പം വേണ്ട'; മൂരിയെന്ന് വിളിച്ചയാള്‍ക്ക് മറുപടി നല്‍കി പി.വി. അന്‍വര്‍ എം.എല്‍.എ.
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 21, 04:09 pm
Wednesday, 21st July 2021, 9:39 pm

മലപ്പുറം: തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ മൂരിയെന്ന് പരിഹസിച്ച് കമന്റിട്ടയാള്‍ക്ക് മറുപടി നല്‍കി പി.വി. അന്‍വര്‍ എം.എല്‍.എ. മഴയത്ത് കുട ചൂടി പാര്‍ലമെന്റിലെത്തി മാധ്യമങ്ങളെ കണ്ട മോദിയുടെ ചിത്രത്തെ പരിഹസിച്ചു കൊണ്ട് അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് കീഴിലായിരുന്നു അന്‍സാരി എന്ന യുവാവ് മൂരി പരാമര്‍ശവുമായി എത്തിയത്.

‘മോദി ഒറ്റയ്ക്ക് കുടപിടിക്കുന്നത് മാത്രം കാണുന്ന..ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി സാധാരണക്കാരുടെ കഴുത്തിന് പിടിക്കുന്നത് മാത്രം കാണാത്ത..പ്രത്യേക തരം കണ്ണടയാണ് ഈ കഴുത ധരിച്ചിരിക്കുന്നത്,’ എന്നായിരുന്നു അന്‍വറിന്റെ പോസ്റ്റ്.

‘മൂരി അന്‍വറിന് നല്ല മാച്ചാണ് ഇത്’ എന്നായിരുന്നു ചിത്രത്തിന്റെ കീഴെ അന്‍സാരി മുതുവല്ലൂരിന്റെ കമന്റ്.

‘കള്ളാ എം.എല്‍.എ. തന്തയ്ക്ക് വിളിച്ചൂന്ന് പറഞ്ഞ് വൈറലാകാനല്ലേ! അങ്ങനിപ്പം സുഖിക്കണ്ട’, എന്നാണ് അന്‍വര്‍ മറുപടി നല്‍കിയത്.

മഴയത്ത് സ്വയം കുട പിടിച്ച് പാര്‍ലമെന്റിലെത്തി മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സംവിധായകന്‍ പ്രിയദര്‍ശന്‍ അടക്കമുള്ളവര്‍ മോദിയെ പുകഴ്ത്തിയും രംഗത്ത് വന്നിരുന്നു.

‘നമ്മുടെ പ്രധാനമന്ത്രിയുടെ ലാളിത്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു’ എന്നായിരുന്നു പ്രിയദര്‍ശന്‍ ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയത്. എന്നാല്‍ പ്രിയദര്‍ശന്റെ പോസ്റ്റിന് കീഴില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ട്രോള്‍ രൂപത്തിലാണ് മിക്ക കമന്റുകളും.

ഇതിന് പിന്നാലെയാണ് പി.വി. അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. അന്‍വറിന്റെ പോസ്റ്റിന് താഴെ പ്രിയദര്‍ശന്റെ ചിത്രവും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. അന്‍വറിന്റെ പോസ്റ്റിനും പ്രിയദര്‍ശന്റെ ചിത്രത്തിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

അതേസമയം പ്രിയദര്‍ശനെ പരോക്ഷമായി പരിഹസിച്ച് മറ്റൊരു പോസ്റ്റും അന്‍വര്‍ എം.എല്‍.എ. പോസ്റ്റ് ചെയ്തിട്ടുണ്ട്. കുടപിടിച്ച് നടന്നു പോകുന്ന തന്റെ ഒരു ചിത്രമാണ്‍ അന്‍വര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘#ട്രെന്റിനൊപ്പം. ഒറ്റയ്ക്ക് കുട പിടിച്ച് പോകുന്ന ലാളിത്യത്തിന്റെ നിറകുടമായ പി.വി. അന്‍വര്‍ എന്ന ഞാന്‍,’ എന്നാണ് അന്‍വര്‍ ചിത്രത്തിനൊപ്പം ഫേസ്ബുക്കിലെഴുതിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PV Anvar reply to the person who responded badly to him