| Thursday, 29th April 2021, 7:55 am

'അവിശ്വസനീയം'; വി. വി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പി. വി അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.സി.സി പ്രസിഡന്റുമായ വി. വി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നിലമ്പൂര്‍ എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ പി. വി അന്‍വര്‍.

‘അവിശ്വസനീയം…പ്രിയ സുഹൃത്ത് ശ്രീ വി.വി പ്രകാശിന് കണ്ണീരോടെ വിട…ആദരാഞ്ജലികള്‍’ എന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു വി. വി പ്രകാശ് അന്തരിച്ചത്. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, എടക്കര പഞ്ചായത്ത് അംഗം, ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എടക്കര സഹകരണ ആശുപത്രി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

കോഴിക്കോട് ഗവ. ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്ദര ബിരുദവും കരസ്ഥമാക്കി.

എടക്കര പരേതനായ കുന്നുമ്മല്‍ കൃഷ്ണന്‍ നായരുടെയും സരോജിനിയമ്മയുടെയും മകനാണ് പ്രകാശ്.

വി. വി പ്രകാശിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം നിരവധി രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് ചെന്നിത്തല ഫേസ്ബുക്കിലെഴുതിയത്.

‘നിലമ്പൂരില്‍ യു.ഡി.എഫിന് വന്‍ വിജയം ഉണ്ടാകുമെന്ന വിശ്വാസം കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും പ്രകാശ് പറഞ്ഞിരുന്നു . ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ വിട പറയേണ്ടി വന്നു എന്നത് വളരെ ദു:ഖകരമാണ്. കെ.എസ്.യു കാലം മുതല്‍ക്കേ ആരംഭിച്ച ഊഷ്മളമായ ബന്ധം യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഭാരവാഹി ആയപ്പോഴും ഞങ്ങള്‍ക്കിടയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു,’ചെന്നിത്തല പറഞ്ഞു.

വാശിയേറിയ മത്സരം നടന്ന മണ്ഡലമായരുന്നു നിലമ്പൂര്‍. പി. വി അന്‍വറിന്റെ സിറ്റിംഗ് മണ്ഡലമായിരുന്ന നിലമ്പൂര്‍ പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ്. വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് വി. വി പ്രകാശിന്റെ വിയോഗം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PV Anwar records condolences V V Prakash

We use cookies to give you the best possible experience. Learn more