പാലാരിവട്ടം മേല്‍പ്പാല അഴിമതിയെക്കുറിച്ച് നിങ്ങള്‍ക്കൊന്നും പറയാനില്ലേ: എക്സ് എം.എല്‍.എ ബോര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച എം.എല്‍.എമാരോട് പി.വി അന്‍വര്‍
Kerala News
പാലാരിവട്ടം മേല്‍പ്പാല അഴിമതിയെക്കുറിച്ച് നിങ്ങള്‍ക്കൊന്നും പറയാനില്ലേ: എക്സ് എം.എല്‍.എ ബോര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച എം.എല്‍.എമാരോട് പി.വി അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th June 2019, 9:44 am

കോഴിക്കോട്: എക്സ് എം.പി ബോര്‍ഡ് വിഷയത്തില്‍ എം.എല്‍.എ മാരായ വി.ടി.ബല്‍റാം, ഷാഫി പറമ്പില്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് എന്നിവര്‍ക്ക് കത്തെഴുതി പി.വി അന്‍വര്‍ എം.എല്‍.എ.

ഒരു വാഹനത്തിന്റെ ബോര്‍ഡിനെ സംബന്ധിച്ച വിഷയത്തേക്കാള്‍ എത്രയോ ഗൗരവമുള്ള വിഷയമാണ് പാലാരിവട്ടം മേല്‍പ്പാലം സംബന്ധിച്ചതെന്നും ഇതിനെ കുറിച്ച് മൂന്ന് പേരും പ്രതികരിച്ചത് കണ്ടില്ലെന്നും പി.വി അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കത്തില്‍ പറയുന്നു.

എല്ലാ വിഷയങ്ങളിലും ഇടപെടുന്ന ചെറുപ്പക്കാര്‍ എന്ന നിലയില്‍, പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തെ സംബന്ധിച്ചുള്ള നിങ്ങളുടെ നിലപാടുകള്‍ അറിയാന്‍ ഞാന്‍ ഉള്‍പ്പെടുന്ന പൊതുജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും പി.വി അന്‍വര്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ശ്രീ. MLA,
ശ്രീ. MLA,
ശ്രീ.പി.കെ.ഫിറോസ്,

ഒരു വാഹനത്തിലെ നിരുപദ്രവകരമായ ബോര്‍ഡിനേക്കാള്‍ എത്രയോ ഗൗരവമേറിയ വിഷയമാണ് പാലാരിവട്ടം മേല്‍പ്പാലത്തെ സംബന്ധിച്ചുള്ളത്. പൊതുജനങ്ങള്‍ക്ക് ജീവഹാനി വരെ സംഭവിക്കാമായിരുന്ന ഇത്ര ഗുരുതരമായ ഒരു പ്രശ്‌നത്തെ സംബന്ധിച്ച് ഇന്ന് വരെ നിങ്ങള്‍ മൂന്ന് പേരും പ്രതികരിച്ച് കണ്ടിട്ടില്ല. സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന ചെറുപ്പക്കാര്‍ എന്ന നിലയില്‍, പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തെ സംബന്ധിച്ചുള്ള നിങ്ങളുടെ നിലപാടുകള്‍ അറിയാന്‍ ഞാന്‍ ഉള്‍പ്പെടുന്ന പൊതുജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഈ നിര്‍മ്മാണത്തിലെ അഴിമതിയെ കുറിച്ച് നിങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും പറയാനുള്ളതെന്താണ്?

ഇന്ന് നിങ്ങള്‍ വലിയ ആഗോള വിഷയമാക്കി ഉയര്‍ത്തുന്ന ഒരു ബോര്‍ഡ് വിവാദം ഈ പാലാരിവട്ടം അഴിമതിയുടെ ഏഴയലത്ത് എത്തുന്നതാണോ? നിര്‍മ്മാണത്തിലെ അഴിമതി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നിര്‍ജ്ജീവമാക്കാനല്ലേ ശ്രമം? ഈ വിഷയത്തില്‍ പ്രതികരിക്കുന്നതിനായി നിങ്ങള്‍ക്ക് വിലക്കുകള്‍ നിലവിലുണ്ടോ?
മറുപടി പ്രതീക്ഷിച്ച് കൊണ്ട് നിര്‍ത്തുന്നു..

സ്‌നേഹപൂര്‍വ്വം,
പി.വി.അന്‍വര്‍