| Thursday, 21st October 2021, 10:29 am

'ഇന്നത്തെ പ്രതിപക്ഷ നേതാവ് തീവെട്ടി കൊള്ളക്കാരനാണ്'; സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണം കടുപ്പിച്ച് പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ കൂടുതല്‍ തെളിവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. മണി ചെയിന്‍ തട്ടിപ്പ് മാത്രമല്ല,നല്ല ഒന്നാന്തരം തീവെട്ടി കൊള്ളയാണ് നടന്നിരുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ 1024 ആളുകളില്‍ നിന്നും സതീശന്‍ സ്വരൂപിച്ചത് 20 ലക്ഷം രൂപയ്ക്ക് മുകളിലാണെന്നും അന്‍വര്‍ ആരോപിച്ചു.

‘സതീശന്‍ ആളെ ചേര്‍ത്ത കമ്പനിയുടെ പേരു കൃത്യമാണ്.1990-ല്‍ രൂപീകരിക്കപ്പെട്ട ആ കമ്പനിയുടെ പേരില്‍ ആളെ ചേര്‍ത്തപ്പോള്‍ അതില്‍ രജിസ്‌ട്രേഡ് അഡ്രസ്സായി നല്‍കിയിരുന്നത് മുംബൈ കാലഘോടയിലെ ഒരു അഡ്രസ്സാണ്. എന്നാല്‍ മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സില്‍ നിന്ന് ലഭ്യമായ രേഖകള്‍ പ്രകാരം ഈ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മുംബൈ അല്ല, ഗുജറാത്തിലെ അഹമ്മദാബാദിലാണ്.

ഒരാളില്‍ നിന്ന് 2000 രൂപ വീതം പിരിച്ചെടുത്തത് അവരെ കൊണ്ട് എടുപ്പിച്ച ഡി.ഡി പോയിട്ടുള്ളത് മുംബൈയിലെ ഒരു വ്യാജ അഡ്രസ്സിലേക്കാണ്. സതീശന്‍ ചേര്‍ത്ത ആളുകള്‍ 1024 പേരുണ്ട്.അവര്‍ രണ്ട് പേരേ വീതം ചേര്‍ത്തതും,പിന്നീട് ആ ആളുകള്‍ രണ്ട് പേരേ വീതം ചേര്‍ത്തതും കൂട്ടിയാല്‍ തന്നെ ആയിരങ്ങള്‍ തട്ടിപ്പിനിരയായിട്ടുണ്ട്. തങ്ങള്‍ മുടക്കിയ പണം തിരിച്ചുപിടിക്കാന്‍ ഉറപ്പായും ഇതിലെ ഓരോ അംഗങ്ങളും ശ്രമിച്ചിട്ടുണ്ടാവും.

സതീശന്‍ 1024 ആളുകള്‍ വഴി സ്വരൂപിച്ചത് തന്നെ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വരും,’ അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ ഭാഗമായി കോടികളുടെ തട്ടിപ്പ് അന്ന് നടന്നിട്ടുണ്ടെന്നും കേരളത്തിന്റെ ഇന്നത്തെ പ്രതിപക്ഷ നേതാവ് വെറും കൊള്ളക്കാരനല്ലെന്നും തീവെട്ടി കൊള്ളക്കാരനാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

വി.ഡി. സതീശന്‍ മണി ചെയിന്‍ തട്ടിപ്പു നടത്തിയതായി പി.വി. അന്‍വര്‍ എം.എല്‍.എ. പറഞ്ഞത് ശരിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പറഞ്ഞ വാര്‍ത്ത പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പുതിയ വിമര്‍ശനം.

അതേസമയം, വി.ഡി. സതീശനെതിരെ നേരത്തെയും ഫേസ്ബുക്കിലൂടെ അന്‍വര്‍ തെളിവുകള്‍ പുറത്ത് വിട്ടിരുന്നു.650 രൂപ വച്ചാല്‍ 6,65600 രൂപ കിട്ടുന്ന ആ അത്ഭുത ധനകാര്യ വിദ്യ എല്ലാവര്‍ക്കും ഒന്ന് പറഞ്ഞ് കൊടുക്കണം.

ഇത് കൈയ്യില്‍ ഉള്ളപ്പോള്‍ ആണോ ന്യായ് പദ്ധതിയും കൊണ്ടിറങ്ങിയത്. ഇന്‍കം പ്രൂഫായി ഇത് വിതരണം ചെയ്തവര്‍ ഇന്നും സഭയിലുണ്ട്. ജനങ്ങള്‍ കടുത്ത ദുരിതത്തിലും ബുദ്ധിമുട്ടിലുമാണ്. അതൊക്കെ കഴിഞ്ഞ് കാണാമെന്നുമായിരുന്നു നേരത്തെ അന്‍വര്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  PV Anwar MLA with further evidence in the money chain fraud allegation against V.D. Satheesan. 

We use cookies to give you the best possible experience. Learn more