കക്കാനോ ഇഞ്ചികൃഷിക്കോ വന്നതല്ല; ഉപജീവനത്തിനായി ആഫ്രിക്കയിലെത്തിയതാണ്; യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് അന്‍വറിന്റെ മറുപടി
Kerala News
കക്കാനോ ഇഞ്ചികൃഷിക്കോ വന്നതല്ല; ഉപജീവനത്തിനായി ആഫ്രിക്കയിലെത്തിയതാണ്; യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് അന്‍വറിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th February 2021, 11:08 am

സിയെറ ലിയോണ്‍: ഘാനയിലെ ജയിലിലാണെന്ന പ്രചരണങ്ങള്‍ക്ക് ഫേസ്ബുക്ക് വീഡിയോയിലൂടെ മറുപടി നല്‍കി നിലമ്പൂര്‍ എം.എല്‍.എ പി. വി അന്‍വര്‍. താന്‍ ‘കാനയിലും കനാലിലുമൊന്നുമല്ല’, ആഫ്രിക്കയിലാണെന്നും ഉപജീവനത്തിനായി എത്തിയതാണെന്നുമാണ് അന്‍വര്‍ വീഡിയോയിലൂടെ പറയുന്നത്.

ഇപ്പോഴുള്ളത് ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണെന്നും അദ്ദേഹം പറയുന്നു.

രാഷ്ട്രീയം എന്റെ ഉപജീവന മാര്‍ഗമല്ല.അതിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല. ജീവിതമാര്‍ഗം എന്ന നിലയില്‍ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണ്. പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടുകൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ടെന്നും അന്‍വര്‍ പോസ്റ്റ് ചെയ്ത വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ വ്യക്തമാക്കുന്നു.

പി. വി അന്‍വര്‍ ഘാനയില്‍ ജയിലിലാണെന്ന തരത്തില്‍ വീക്ഷണം പത്രം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വീഡിയോയുമായി അന്‍വര്‍ തന്നെ രംഗത്തെത്തിയത്.

ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നതിങ്ങനെ,

പ്രിയമുള്ള സുഹൃത്തുക്കളെ, സഖാക്കളെ, കഴിഞ്ഞ കുറെ ദിവസങ്ങളായി പി. വി അന്‍വര്‍ എം.എല്‍എയെ കാണ്മാനില്ല എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് എന്നെ കാണാന്‍ കഴിയാത്ത സങ്കടത്താല്‍ നിലമ്പൂര്‍ പൊലീസില്‍ കേസുകൊടുത്തിരിക്കുകയാണ്.

ജനങ്ങള്‍ എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം പരമാവധി പൂര്‍ത്തീകരിച്ച്, എന്റെ ജീവിത മാര്‍ഗ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതൃത്വത്തെയും അറിയിച്ച് സമ്മതം വാങ്ങിയശേഷമാണ് ഞാന്‍ പോന്നത്. എനിക്ക് നാട്ടിലുണ്ടായിരുന്ന എല്ലാ വരുമാനമാര്‍ഗങ്ങളും അടപ്പിക്കാന്‍ പരിപൂര്‍ണമായി പരിശ്രമിച്ച്, ഒരുരൂപ പോലും വരുമാനമില്ലാത്ത അവസ്ഥയിലേക്ക് എന്നെ എത്തിക്കാന്‍ പരമാവധി ശ്രമിച്ചതും ഒരു പരിധിവരെ അങ്ങനെ ആക്കിയവരുമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍. നാടിന്റെ നാനാഭാഗത്തുമുള്ള എന്റെ വ്യവസായങ്ങളും കച്ചവടങ്ങളും എല്ലാം പൂട്ടിച്ച് എല്ലാറ്റിന്റേയും പേരില്‍ കള്ളക്കേസുകള്‍ കൊടുത്ത് നാടാകെ കയ്യേറ്റക്കാരനും കള്ളക്കച്ചവടക്കാരനുമാക്കി എന്നെ മാറ്റി, പൊതുസമൂഹത്തിനുമുന്നില്‍ എന്നെ അവഹേളിക്കാന്‍ പറ്റുന്നതൊക്കെ ചെയ്തവരാണിവര്‍.

എനിക്ക് രാഷ്ട്രീയം കച്ചവടമല്ല. രാഷ്ട്രീയം പൊതുനന്മയ്ക്കുവേണ്ടിയുള്ള സാമൂഹികപ്രവര്‍ത്തനമാണ്. എന്നെപ്പോലുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് രാഷ്ട്രീയപ്രവര്‍ത്തനം സാമൂഹ്യപ്രവര്‍ത്തനമായി മാറുമ്പോള്‍ വളരെയധികം ചെലവ് ഓരോ ദിവസവും വരും. പാവങ്ങളായ അനവധി ആളുകള്‍ പലതരത്തിലുള്ള സഹായത്തിന് എന്നെ വന്ന് കാണാറുണ്ട്. പറ്റുന്ന രീതിയില്‍ അവരെ സഹായിക്കാറുണ്ട്. എന്റെ സാമ്പത്തിക സ്രോതസുകള്‍ ഇല്ലാതായശേഷം ഇതിനൊന്നും കഴിയാത്തവിധം മാനസികമായി ഞാന്‍ വളരെ പ്രയാസത്തിലായി എന്ന വസ്തുത എന്റെ കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കുമറിയാം. അങ്ങനെ ദൈവാനുഗ്രഹം കൊണ്ട് ഒരു മൈനിങ് ആക്ടിവിറ്റിയുമായി ആഫ്രിക്കയിലെത്തിയതാണ് ഞാന്‍.

ഇവിടെ കക്കാന്‍ വന്നതോ, ഇഞ്ചിക്കൃഷി നടത്താന്‍ വന്നതോ കടലക്കൃഷി നടത്താന്‍ വന്നതോ അല്ല. നിങ്ങള്‍ക്കറിയാവുന്നതുപോലെ മാന്യമായ ബിസിനസ് ചെയ്ത് എന്റെ ഈ ബാധ്യതകളും പ്രശ്‌നങ്ങളും തീര്‍ത്ത് നാട്ടിലെ സാധാരണക്കാരായ ജനങ്ങളെ സഹായിക്കാനും എന്റെ കുടുംബം പോറ്റാനുമുള്ള ഒരു വഴിതേടി വന്നതാണ് ഞാന്‍. ഈ യാഥാര്‍ഥ്യം നിങ്ങള്‍ അറിയണം.

 

ഈ വിവാദം ഗൗരവമായി ഞാന്‍ എടുത്തിരുന്നില്ല. പക്ഷേ വീക്ഷണം എന്ന കോണ്‍ഗ്രസ് പത്രത്തിന്റെ പ്രധാനവാര്‍ത്ത പി.വി.അന്‍വര്‍ ഘാന ജയിലിലാണ് എന്ന രീതിയിലാണ്. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിഡിയോ അയക്കുന്നത്.

എന്നെ കേരളത്തിലെ ജയിലിലാക്കാന്‍ അന്ന് തുടങ്ങിയ ശ്രമം ഇന്നുവരെ വിജയിച്ചിട്ടില്ല. ഈ ആഫ്രിക്കയില്‍ വന്ന് ജയിലിലാക്കാന്‍ മാത്രം ശേഷി അവര്‍ക്ക് ഉണ്ട് എന്ന അഭിപ്രായം എനിക്കില്ല. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട സഖാക്കളോട്, നാട്ടുകാരോട്, എനിക്ക് വോട്ടുചെയ്ത വോട്ടര്‍മാരോട്, എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയസുഹൃത്തുക്കളോട് ഒന്നേ എനിക്ക് പറയാനുള്ളൂ. നിങ്ങള്‍ക്ക് പി.വി.അന്‍വറിനെ അറിയാം. നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം നിലനിര്‍ത്തിക്കൊണ്ട്, കഴിഞ്ഞ നാലരവര്‍ഷക്കാലം ഒരാള്‍ക്കും ചെയ്യാന്‍ കഴിയാത്ത വിധമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി.

നാടിന്റെ നാനാഭാഗത്തുമുള്ള വികസനം, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പാര്‍ട്ടിയും വിവിധമന്ത്രിമാരും ജനങ്ങളുമൊക്കെ ആ വിഷയത്തില്‍ എന്നോട് പരിപൂര്‍ണമായി സഹകരിച്ചു. നാട്ടില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനങ്ങള്‍ നടന്ന്‌കൊണ്ടിരിക്കുകയാണ്. അതിലൊന്നും പങ്കെടുക്കാന്‍ കഴിയാതെ പോയി. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ 139 എംഎല്‍എമാരും അതത് മണ്ഡലങ്ങളില്‍ പരമാവധി ആളുകളോടൊപ്പം നിന്ന്, ജനങ്ങളുമായി ഒരുമിച്ച് നിന്നുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍പ്പോലും നിങ്ങളോടൊപ്പം വരാന്‍ കഴിയാത്തതില്‍ എനിക്ക് ഖേദമുണ്ട്.

കഴിഞ്ഞവര്‍ഷം ആരംഭിക്കാനിരുന്ന ബിസിനസാണ് കൊറോണ കാരണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയത്. ദൈവം അനുഗ്രഹിച്ച് ഈ മൈനിങ് ആക്ടിവിറ്റിക്കുവേണ്ടിയുള്ള മെഷിനറികളുടെ ക്രമീകരണം പൂര്‍ത്തിയാകുന്നതോടെ ഞാന്‍ ഇവിടെ നിന്ന് പുറപ്പെടും.

നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ച് പരിശ്രമിക്കുന്നതിനിടെയാണ് ഫ്‌ളൈറ്റില്‍ കയറുന്നതിന് മുന്‍പുള്ള കോവിഡ് ടെസ്റ്റില്‍ കൊവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് യാത്രചെയ്യാന്‍ സാധിക്കാതെ വരികയും പത്തുപതിനഞ്ച് ദിവസത്തോളം ഇവിടെ റസ്റ്റെടുക്കേണ്ടിവരികയും ചെയ്തത്. അതുകാരണമാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്.

യൂത്ത് കോണ്‍ഗ്രസ് എന്ന പേരില്‍ നടക്കുന്നവരും അവരെ സഹായിക്കുന്ന ആര്യാടന്മാരും മനസിലാക്കുക, ആര്യാടന്റെ പെര്‍മിഷനോടെയല്ല ഞാന്‍ നിലമ്പൂരിലേക്ക് വന്നത്. ആര്യാടന്റെ വീട്ടില്‍ വന്ന് ആര്യാടനോട് പെര്‍മിഷന്‍ വാങ്ങി കേരളം വിടേണ്ട ഗതികേടൊന്നും പി.വി.അന്‍വറിന് ഉണ്ടായിട്ടില്ല.

ഇനിയും ഈ രാഷ്ട്രീയപോരാട്ടത്തില്‍ ജനങ്ങളോടൊപ്പം സഹായിക്കാന്‍ പി.വി.അന്‍വറുണ്ടാകും. എത്രയും പെട്ടെന്ന് കഴിയാവുന്നത്ര പരമാവധി വേഗത്തില്‍ നാട്ടില്‍ ഞാന്‍ തിരിച്ചെത്തും. അതിന് ദൈവം അനുഗ്രഹിക്കട്ടെ. എന്നെ സ്‌നേഹിച്ച, എന്നെ പ്രതീക്ഷിക്കുന്ന, എന്നെ കാംക്ഷിക്കുന്ന നല്ലവരായ മുഴുവന്‍ സഹോദരീസഹോദരന്മാരോടും പ്രിയപ്പെട്ട എന്റെ സഖാക്കളോടും എല്ലാവിധ നന്ദിയും സ്‌നേഹവും അറിയിക്കുന്നു.

ഘാനയിലെ ജയിലിലാണ് എന്ന വീക്ഷണം പത്രത്തിലെ വാര്‍ത്തയ്‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഈ കാണുന്ന പാവപ്പെട്ട മനുഷ്യരുടെ കൂടെയാണ് (ഖനി തൊഴിലാളികളുടെ ദൃശ്യങ്ങള്‍) ഞാന്‍ അധ്വാനിച്ച് ജീവിക്കുന്നത്. നിങ്ങള്‍ക്ക് കണ്ടാല്‍ മനസിലാക്കാവുന്നതേയുള്ളു. ഈ ഇരിക്കുന്ന പാവങ്ങളാണ് ഇവിടെ മൈനിങ് ആക്ടിവിറ്റിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടേയും ഇവിടത്തെ ഗവണ്‍മെന്റിന്റേയും സഹായത്തോടെയാണ് ഈ പ്രവര്‍ത്തനം. ഏറ്റവും നിയമപരമായ എല്ലാ ലൈസന്‍സുകളും പൂര്‍ത്തീകരിച്ചാണ് ഖനനം നടത്തുന്നത്.

സര്‍ക്കാര്‍ നല്‍കിയ സുരക്ഷാജീവനക്കാരാണ് ഇവിടെ നില്‍ക്കുന്നത്. കള്ളവാര്‍ത്തകള്‍ മാത്രം കൊടുത്ത് മാനഹാനി മാത്രം ഉണ്ടാക്കുന്ന ഇവരുടെ നിലപാട് നാട്ടിലെ ജനങ്ങള്‍ തിരിച്ചറിയണം. അതിന് നിങ്ങള്‍ക്ക് സാധിക്കണം. ആ വിഷയത്തില്‍ സത്യസന്ധമായി നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുകയാണ്. അതുകൊണ്ട് ഈ സത്യാവസ്ഥ നിങ്ങള്‍ മനസിലാക്കി, കഴിയുന്നത്ര വേഗത്തില്‍ നാട്ടിലെത്തി നിങ്ങളോടൊപ്പം ഒരുമിച്ച് കൂടാനും നാട്ടിലെ പൊതുപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനും എനിക്ക് സാധിക്കട്ടെ. അതിന് നിങ്ങള്‍ പ്രാര്‍ഥിക്കണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PV Anwar MLA says he is in Africa and working for daily needs; facebook video