ലീഡറോടെ ബഹുമാനമുള്ളൂ, അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടതില്ല; പി.വി. അന്‍വര്‍
Kerala News
ലീഡറോടെ ബഹുമാനമുള്ളൂ, അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടതില്ല; പി.വി. അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd August 2021, 8:17 pm

നിലമ്പൂര്‍: കെ.മുരളീധരന്‍ എം.പിയുടെ വിമര്‍ശനത്തിന് മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. ലീഡറോടെ ബഹുമാനമുള്ളെന്നും  അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടതില്ലെന്ന് അന്‍വര്‍ പറഞ്ഞു.

‘ഇവിടെ കിങ്ങിണികുട്ടന്മാരില്ല.. ജീവിക്കാനായി മണ്ണില്‍ പണിയെടുക്കുന്ന കുറച്ച് ജീവിതങ്ങളാണിവിടെയുള്ളത്. ഇനി അവിടുത്തെ കാര്യം.. ലീഡറോടെ ബഹുമാനമുള്ളൂ. അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടതില്ല. രാമനിലയത്തിലെ ഗീതോപദേശത്തിന്റെ കഥ പറയാന്‍ ഞാന്‍ ഉണ്ണിത്താനല്ല. പി.വി.അന്‍വറാണ്.. പറയാനുള്ളത് നേരിട്ട് തന്നെ പറയും’ എന്നായിരുന്നു പി.വി. അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തത്ര തിരക്കുള്ളവര്‍ ഈ പണിക്ക് വരരുതെന്നായിരുന്നു കെ. മുരളീധരന്‍ പി.വി. അന്‍വറിനോട് പറഞ്ഞത്.

‘സ്വന്തം ബിസിനസ് വേണം, എം.എല്‍.എയായി ഇരിക്കണം, ഭരണത്തിന്റെ പങ്കും പറ്റണം… എല്ലാം കൂടി നടക്കില്ല. ഇത് പൊതുപ്രവര്‍ത്തകന് പറ്റിയതല്ല. ജനപ്രതിനിധി സഭയിലെത്താതെ സ്വന്തം കാര്യത്തിന് പോകുന്നത് വോട്ട് ചെയ്ത ജനങ്ങളോട് കാണിക്കുന്ന അപരാധമാണ്. അതിന്റെ ധാര്‍മിക ഉത്തരവാദിത്തം അന്‍വര്‍ ഏറ്റെടുക്കണം,’ എന്നും കെ.മുരളീധരന്‍ പറഞ്ഞിരുന്നു.

പി.വി. അന്‍വര്‍ എം.എല്‍.എയെ കാണാനില്ലെന്ന പ്രചാരണം ശക്തമായതോടെയാണ് വിമര്‍ശനവുമായി കെ. മുരളീധരന് രംഗത്ത് എത്തിയത്.
നിയമസഭാ അധ്യക്ഷനെ അറിയിച്ചാണോ വിദേശത്ത് പോയതെന്ന് അന്‍വര്‍ വ്യക്തമാക്കണമെന്നും അന്‍വറിന്റെ ചെയ്തികള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ. മുരളീധരന്‍ പറഞ്ഞിരുന്നു.

അതേസമയം തന്നെ കാണാനില്ലെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി അന്‍വര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. താന്‍ ആഫ്രിക്കയിലേക്ക് പോയത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്നായിരുന്നു അന്‍വര്‍ പറഞ്ഞത്. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ആഫ്രിക്കയിലെ സിയറ ലിയോണില്‍ സ്വര്‍ണഖനനത്തിലാണ് താനെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

‘നാട്ടില്‍ അത്യാവശ്യം കച്ചവടവുമായി ജീവിച്ച് പോയിരുന്ന ഒരാളാണ് ഞാന്‍. നിരന്തരം കള്ള വാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങള്‍ അത് പൂട്ടിച്ചു. അതുകൊണ്ടാണ് എനിക്ക് അവിടെ നിന്ന് ആഫ്രിക്കയില്‍ വരേണ്ടി വന്നത്,’ അന്‍വര്‍ പറഞ്ഞു.

മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഞായറാഴ്ച പോലും പ്രര്‍ത്തിക്കുന്ന എം.എല്‍.എ ഓഫീസാണ് തന്റേത്. ഒരു മാസത്തിന് ശേഷമേ മടങ്ങി വരുകയുള്ളൂവെന്നും പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കല്യാണങ്ങള്‍ക്ക് പോകലും വയറുകാണലും നിശ്ചയത്തിന് പോയി ബിരിയാണി കഴിക്കലും അല്ല എം.എല്‍.എയുടെ പണി. വോട്ട് നേടാന്‍ വേണ്ടി ഒരു കല്യാണത്തിനും ഞാന്‍ പോയിട്ടില്ല. പോവുകയുമില്ല,’ അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കിലും മണ്ഡലവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു എം.എല്‍.എ ആയാല്‍ ആര്‍ക്കും കുതിര കയറാമെന്ന ധാരണയുള്ള പത്രക്കാര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂര്‍ എം.എല്‍.എയായ പി.വി. അന്‍വര്‍ വീണ്ടും മണ്ഡലത്തില്‍ നിന്നും അപ്രത്യക്ഷനായതായി വാര്‍ത്തകള്‍ വന്നിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് പി.വി. അന്‍വര്‍ ആഫ്രിക്കയിലേക്ക് തിരികെ പോയത്.

നിയമസഭാ സമ്മേളനത്തിലടക്കം പി.വി. അന്‍വര്‍ പങ്കെടുത്തിരുന്നില്ല. എം.എല്‍.എയെ കാണാനില്ലെന്ന പരാതി പ്രതിപക്ഷ കക്ഷികളടക്കം ഉയര്‍ത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് മുമ്പും മണ്ഡലത്തിലെ എം.എല്‍.എയുടെ അസാന്നിധ്യം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

PV Anwar MLA Replying to K Muraleedharan MP,