| Saturday, 22nd June 2019, 8:10 am

പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഭൂമിയിലെ തടയണ പൊളിച്ചു മാറ്റാന്‍ നേതൃത്വം നല്‍കുന്ന തഹസില്‍ദാര്‍ക്ക് സ്ഥലംമാറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഭൂമിയിലെ തടയണ പൊളിച്ചു മാറ്റാന്‍ നേതൃത്വം നല്‍കുന്ന ഏറനാട് തഹസില്‍ദാരെ സ്ഥലംമാറ്റി.

ഹൈക്കോടതി ഉത്തരവു പ്രകാരം ജില്ല ഭരണകൂടത്തിനു വേണ്ടി തടയണ പൊളിച്ചു മാറ്റുന്ന ജോലികള്‍ക്ക് നേതൃത്വം നല്‍കുന്ന തഹസീല്‍ദാര്‍ പി.ശുഭനേയാണ് സ്ഥലം മാറ്റിയത്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ സ്ഥലംമാറ്റമെന്നാണ് റവന്യൂ കമ്മീഷ്ണറുടെ ഉത്തരവിലുള്ളത്.

കോഴിക്കോട് റവന്യൂ റിക്കവറി തഹസില്‍ദാരായാണ് ശുഭന്റെ പുതിയ നിയമനം. ശുഭന് പകരം പി. സുരേഷിനാണ് ഏറനാട് തഹസില്‍ദാരുടെ ചുമതല.

തടയണ പൊളിക്കുന്നതിന്റെ ഭാഗമായി മണ്ണു നീക്കി വെള്ളം ഒഴുക്കി വിടാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്. തുടര്‍ന്ന് ബോട്ടുജെട്ടിക്ക് വേണ്ടി നിര്‍മിച്ച കോണ്‍ക്രീറ്റ് തുണുകളും റോപ്പ് വേയുടെ ഭാഗങ്ങളും പൊളിച്ചു നീക്കും.

മലപ്പുറം കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലാണ് അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണയുള്ളത്. അരുവിയുടെ സ്വാഭാവിക ഒഴുക്ക് സാധാരണ ഗതിയിലാക്കി തടയണ സ്ഥിതി ചെയ്യുന്ന സ്ഥലം പഴയ നിലയിലാക്കിയ ശേഷം റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ശാസ്ത്രീയമായ പഠനങ്ങളൊന്നും നടത്താതെ നിര്‍മിച്ച തടയണ ദുരന്തം ക്ഷണിച്ചു വരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. തടയണ സ്വയം പൊളിച്ചു മാറ്റണമെന്ന് പലവട്ടം ഉടമക്ക് നോട്ടീസ് നല്‍കിയിട്ടും നിര്‍ദേശം പാലിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.

We use cookies to give you the best possible experience. Learn more