ആലുവ: പി.വി അന്‍വര്‍ എം.എല്‍.എയുടെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ റവന്യൂ വകുപ്പ് സമയം അനുവദിച്ചു. എടത്തലയിലെ പാട്ടഭൂമി സ്വന്തമാക്കിയെന്ന പരാതിയിലാണ് നടപടി.
വ്യാഴാഴ്ച രാവിലെ 11ന് രേഖകള്‍ ഹാജരാക്കാനായിരുന്നു ഭൂരേഖ അസിസ്റ്റന്‍ഡ് തഹസില്‍ദാര്‍ പി.എന്‍ അനി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ മാസം 13നു രേഖകള്‍ ഹാജരാക്കിയാല്‍ മതിയാകും.
കാക്കനാട് സ്വദേശി ജോയ് മാത്യു പാട്ടത്തിന് നല്‍കിയ എടത്തലയിലെ 11.46 ഏക്കര്‍ ഭൂമി പോക്കുവരവ് നടത്തി തണ്ടപ്പേരില്ലാതെ കരം അടച്ച് പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയെന്നാണ് പരാതി.
ജോയ്മാറ്റ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്‌സിന് ഭൂമി 99 വര്‍ഷത്തെ പാട്ടത്തിന് നല്‍കിയിരുന്നു. ഈ സ്ഥാപനത്തിന് വായ്പ കുടിശ്ശിക വന്നതോടെ പാട്ടാവകാശം ലേലം ചെയ്തു. പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പാട്ടാവകാശം ലേലത്തില്‍ വാങ്ങിയിരുന്നു.
ആലുവ സബ് രജിസ്ട്രാര്‍ ഓഫിസിലടക്കം ഭൂമിയുടെ ഉടമസ്ഥന്റെ പേര് ജോയി മാത്യുവെന്നാണ്. പാട്ടകാലാവധി കഴിയുമ്പോള്‍ ഉടമക്ക് തിരികെ ലഭിക്കേണ്ട ഭൂമി അന്‍വര്‍ സ്വന്തമാക്കിയതിനെതിരെ ഗ്രേസി മാത്യു ജില്ല കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ ഭൂമിയുടെ കരം സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.