| Tuesday, 23rd May 2023, 2:24 pm

സ്‌ക്രിപ്റ്റിലെ ഒരു വാക്ക് പോലും മാറ്റാതെ ഏഷ്യാനെറ്റും ജയ്ഹിന്ദും; വി.ഡി. സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചനയെന്ന് പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ക്രിമിനല്‍ മാധ്യമ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. സര്‍ക്കാരിനെതിരെ ഈ കേന്ദ്രത്തില്‍ നിന്നാണ് വാര്‍ത്തകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നതെന്നും ഇതിന് കൃത്യമായ മാസപ്പടി വാങ്ങുന്ന മുതിര്‍ന്ന മാപ്രകള്‍ ഈ നാട്ടിലുണ്ടെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആരൊക്കെ, എത്രയൊക്കെ വെച്ച് മാസപ്പടി വാങ്ങുന്നുണ്ടെന്ന കൃത്യമായ വിവരം ഉടന്‍ പുറത്തുവിടുമെന്നും എം.എല്‍.എ പറയുന്നു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക വേളയില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചാനലായ ജയ്ഹിന്ദും എഷ്യാനെറ്റ് ന്യൂസും നല്‍കിയ സമാനമായ വാര്‍ത്തകള്‍ സഹിതം പങ്കുവെച്ചാണ് എം.എല്‍.എയുടെ ഈ പോസ്റ്റ്. വി.ഡി. സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചനയുടെ തെളിവുകളാണ് ഈ വീഡിയോയില്‍ പങ്കുവെച്ചിരിക്കുന്നതെന്നും അന്‍വര്‍ പറയുന്നു.

പി.വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘വി.ഡി. സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന; തെളിവുകള്‍ പുറത്ത് വിടും’ എന്ന് പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ക്രിമിനല്‍ മാധ്യമ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിനെതിരെ ഈ കേന്ദ്രത്തില്‍ നിന്നാണു വാര്‍ത്തകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നത്. ഇതിന് കൃത്യമായ മാസപ്പടി വാങ്ങുന്ന മുതിര്‍ന്ന മാപ്രകള്‍ ഈ നാട്ടിലുണ്ട്. ഏഷ്യാനെറ്റില്‍, മനോരമയില്‍, മാതൃഭൂമിയില്‍, എന്ന് വേണ്ട കേരള കൗമുദിയില്‍ വരെ ഈ മാഫിയാ സംഘം വേരുറപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത്, പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച ഒരു അവിശ്വാസ പ്രമേയം പോലും എഴുതികൊടുത്തത് ഹൗസിങ് ബോര്‍ഡ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിലെ അന്തിചര്‍ച്ച മാപ്രയും കണ്ണാടി വച്ച അദ്ദേഹത്തിന്റെ ഗുരുനാഥനും കൂടിയാണ്.
അങ്ങനെ അനവധി നിരവധി വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ആരൊക്കെ, എത്രയൊക്കെ വെച്ച് മാസപ്പടി വാങ്ങുന്നുണ്ടെന്നും കൃത്യമായ വിവരം കൈയ്യിലുണ്ട്. അത് പിന്നാലെ പുറത്ത് വിടുകയും ചെയ്യും.

ഒരു സാമ്പിള്‍ ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.. സര്‍ക്കാരിനെതിരെ ഏഷ്യാനെറ്റും, ജയ്ഹിന്ദ് ചാനലും തയ്യാറാക്കി സംപ്രേക്ഷണം ചെയ്ത പരിപാടികളുടെ വീഡിയോ നമ്മള്‍ക്കൊന്ന് താരതമ്യം ചെയ്യാം.

സ്‌ക്രിപ്റ്റിലെ ഒരു വാക്ക് പോലും മാറിയിട്ടില്ല.. നാലഞ്ച് ദിവസം മുമ്പ്, സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ വേളയില്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം സര്‍ക്കാരിനെതിരെ ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കി അതാത് മാധ്യമ സ്ഥാപനങ്ങളിലുള്ള തങ്ങളുടെ മാഫിയാ സംഘാംഗങ്ങളെ ഏല്‍പ്പിക്കുന്നു.

പലരും ഡയലോഗുകള്‍ മാറ്റി എഴുതി വായിച്ചെങ്കിലും, ഏഷ്യാനെറ്റും ജയ്ഹിന്ദും അതിന് പോലും ശ്രമിച്ചില്ല. (വാങ്ങുന്ന കാശിന് മാന്യമായി പണിയെടുക്കണം മാപ്രകളെ. ഇങ്ങനെ ഈച്ച കോപ്പി ഇറക്കി പറയിപ്പിക്കരുത്.) മറുപടി പറയേണ്ടത് ഏഷ്യാനെറ്റിന്റെയും ജയ്ഹിന്ദിന്റെയും മാനേജ്മെന്റാണ്.. പ്രതിപക്ഷ നേതാവിന്റെ ഓഫീസും.

content highlights: pv anwar mla criticizes vd satheeshan and media
We use cookies to give you the best possible experience. Learn more