| Sunday, 10th May 2020, 7:45 am

'വീട്ടിലിരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരം അറിയും'; എം.ലിജുവിനെതിരെ പി.വി അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് എം.ലിജുവിനെതിരെ വിമര്‍ശനവുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍.

നാക്കിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയരുതെന്നും മാന്യമായി രാഷ്ട്രീയം പറയുന്നെങ്കില്‍ അത് പറയണമെന്നും വീട്ടിലിരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ വിവരം അറിയുമെന്നും അന്‍വര്‍ പറഞ്ഞു.

ചാനല്‍ ചര്‍ച്ചക്കിടെ പി.വി അന്‍വറിനെതിരെ ലിജു പരാമര്‍ശം നടത്തിയിരുന്നു. ഇതിന് മറുപടിയുമായാണ് അന്‍വര്‍ രംഗത്തെത്തിയത്.

രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയായിരുന്നു അന്‍വറിന്റെ പ്രതികരണം.

കേരളത്തില്‍ 11 ലക്ഷം പ്രവാസികള്‍ സര്‍ക്കാരിന്റെ ഔദാര്യത്തില്‍ കഴിയുന്നുണ്ടെന്ന് പി.വി അന്‍വര്‍ പറഞ്ഞതായി ലിജു പറഞ്ഞിരുന്നു.

എന്നാല്‍, എം. ലിജുവല്ല ഇനി ഏത് ലിജുവാണെങ്കിലും നാക്കിനെല്ലില്ലെന്ന് കരുതി എന്തും വിളിച്ച് പറയരുതെന്നും ഔദാര്യത്തിന്റെ കാര്യം ആരും പറഞ്ഞിട്ടില്ലെന്നും അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ക്ലാസെടുക്കാന്‍ വരുന്നതിന് മുന്‍പ് സ്വയം മാന്യമായി സംസാരിക്കാന്‍ പഠിക്കണമെന്നും വായില്‍ തോന്നിയത് പറഞ്ഞാല്‍ പല്ലിന്റെ എണ്ണം കുറയുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.


”എം.ലിജുവല്ല ഇനി ഏത് ലിജുവാണെങ്കിലും നാക്കിനെല്ലില്ല എന്ന് കരുതി എന്തും വിളിച്ച് പറയരുത്.
ഔദാര്യത്തിന്റെ കാര്യം ഇവിടെ ആരും പറഞ്ഞിട്ടില്ല.കൃത്യമായി കാര്യം ഈ പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.വാലും മുറിയും ഏറ്റെടുത്ത് പ്രചരിപ്പിക്കാതെ രാഷ്ട്രീയം ആണെങ്കില്‍,അത് തന്നെ പറയണം. ക്ലാസ്സെടുക്കാന്‍ വരും മുന്‍പ് സ്വയം മാന്യമായി സംസാരിക്കാന്‍ പഠിക്കണം. വ്യക്തിപരമെങ്കില്‍ എന്നെ തന്നെ പറയണം. അല്ലാതെ,വായില്‍ തോന്നിയത് പാടരുത്.പല്ലിന്റെ എണ്ണം കുറയും.  എം.ലിജുവിന്റെ പാര്‍ട്ടി വരുത്തി വച്ച സോളാര്‍ കേസിന്റെ കമ്മിഷനുള്‍പ്പെടെ ഖജനാവില്‍ നിന്ന് ചിലവായ തുകയും എം.ലിജുവിന്റെ ഭാര്യവീട്ടില്‍ നിന്ന് അമ്മായി അപ്പന്‍ തന്നതല്ലല്ലോ!അന്നത്തെ ഓഡിയോ ക്ലിപ്പ് ഇപ്പോളും നന്നായി ഓടുന്നുണ്ട്,”
അന്‍വര്‍ ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more