കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന്റെ ഫോട്ടോ എടുത്തെന്ന് ആരോപിച്ച് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.
തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരും പ്രദേശവാസികളായ 12 പേരുമടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. താമരശേരി സി.ഐക്കാണ് കേസിന്റെ അന്വേഷണചുമതലയെന്ന് കോഴിക്കോട് റൂറല്‍ എസ്.പി അറിയിച്ചു.
പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന്റെ ഫോട്ടോയെടുത്തതിന് ഇന്നലെയാണ് വിനോദസഞ്ചാരികളായ യുവാക്കളെ ഒരുസംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പാര്‍ക്കിന്റെ ഫോട്ടോ എടുത്തെന്ന് ആരോപിച്ചാണ് നാട്ടുകാരും യുവാക്കളും ചേര്‍ന്ന് തങ്ങളെ മര്‍ദിച്ചതെന്ന് യുവാക്കള്‍ പറഞ്ഞിരുന്നു.
മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂക്കിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
പരിസ്ഥിതി ദുര്‍ബലമേഖലയില്‍ അന്‍വര്‍ എം.എല്‍.എ നിര്‍മിച്ച പാര്‍ക്ക് വിവാദമായിരുന്നു. വിവാദമായതോടെ പ്രദേശത്ത് എത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.
അതേസമയം മര്‍ദനത്തിനെതിരെ പരാതി നല്‍കിയതിന് പൊലീസും തങ്ങളെ മര്‍ദിച്ചതായി മര്‍ദനമേറ്റവര്‍ പറഞ്ഞിരുന്നു. പൊലീസ് തങ്ങളെ റോഡില്‍ കുനിച്ചു നിര്‍ത്തിയെന്നും ആവശ്യമായ നടപടി സ്വീകരിക്കാനോ, ആക്രമിച്ചവരെ പിടികൂടാനോ പോലീസ് തയാറായില്ലെന്നുമായിരുന്നു യുവാക്കളുടെ ആരോപണം.