പൊന്നാനി: പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി. തെരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന കണക്കുള്ളത്.
അന്‍വറിന് മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. തൃത്താല, തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളാണവ.
പൊന്നാനിയില്‍ 11000 വോട്ടിന്റെ ലീഡാണ് പ്രതീക്ഷിക്കുന്നത്. തവനൂരില്‍ 5000 വോട്ടും ത്യത്താലയില്‍ 4000 വോട്ടും ഭൂരിപക്ഷം കിട്ടുമെന്ന് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്.
നാല് നിയോജക മണ്ഡലങ്ങളില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ ഭൂരിപക്ഷം നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്. തിരൂരങ്ങാടിയില്‍ ഇ.ടിക്ക് 22000 വോട്ടാണ് സി.പി.ഐ.എം പ്രതീക്ഷിക്കുന്ന ലീഡ്. കോട്ടക്കലില്‍ 15000, തിരൂരില്‍ 12000, താനൂരില്‍ 6000 വോട്ടിന്റെ ലീഡും ഇ.ടിക്കുണ്ടാകുമെന്നാണ് കണക്ക്.
അതേസമയം, ഇ.ടി മുഹമ്മദ് ബഷീര്‍ ലീഡ് നേടുമെന്ന് സി.പി.ഐ.എം പറയുന്ന താനൂരിലും തിരൂരിലും ഭൂരിപക്ഷം നേടുമെന്ന് പി.വി അന്‍വര്‍ പറഞ്ഞിരുന്നു.