| Thursday, 10th October 2019, 10:03 pm

'അവര്‍ സംഘടിച്ച് നിങ്ങളെ ചോദ്യംചെയ്‌തെങ്കില്‍ ഞാന്‍ ഉത്തരവാദിയല്ല'; സംസ്‌കാരിക പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പി.വി അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കക്കാടംപൊയിലില്‍ അനധികൃത തടയണ പരിശോധിക്കാനെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണമുണ്ടായ സംഭവത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ വിശദീകരണം. നാട്ടുകാര്‍ സംഘടിച്ച് സംഘത്തെ ആക്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു.

അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന തടയണ പരിശോധിക്കാനാണ് എം.എന്‍ കാരശ്ശേരി, ഡോ. ആസാദ്, സി.ആര്‍ നീലകണ്ഠന്‍, കുസുമം ജോസഫ്, കെ. അജിത, ടി.വി രാജന്‍ തുടങ്ങിയവരെത്തിയത്.

തനിക്കോ ബന്ധുക്കള്‍ക്കോ കക്കാടംപൊയിലില്‍ പാറമടയില്ലെന്നും ആരോപണമുന്നയിക്കുന്നവര്‍ക്ക് അതു തെളിയിക്കാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിലമ്പൂരിലെ രാഷ്ട്രീയ അന്തരീക്ഷം മാറിയതില്‍ അസ്വസ്ഥതയുള്ള ആളുകള്‍ എഴുതുന്ന തിരക്കഥയാണിതെന്നും അതില്‍ കാരശ്ശേരി മാഷിനെ പോലെയുള്ളവര്‍ വീണുപോയതില്‍ അത്ഭുതം തോന്നുന്നുണ്ടെന്നും അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കൊല്ലത്തും നിലമ്പൂരിലുമുള്ള ചിലരാണ് ഇത് സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പി.വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പി.വി.അന്‍വറിനോ, ബന്ധുക്കള്‍ക്കോ കക്കാടുംപൊയിലില്‍ പാറമട ഇല്ല. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അത് തെളിയിക്കാനുള്ള ബാധ്യതയുമുണ്ട്.

നിലമ്പൂരിലെ രാഷ്ട്രീയ അന്തരീക്ഷം മുന്‍കാലങ്ങളേക്കാള്‍,ഒരുപാട് മാറിയിട്ടുണ്ട്. ചിലര്‍ക്ക് ഇക്കാര്യത്തിലെ അസ്വസ്ഥത മൂലം, ഉറക്കം ലഭിക്കാത്ത സാഹചര്യം സംജാതമായിട്ടുണ്ട്. അവര്‍ എഴുതുന്ന തിരക്കഥയില്‍, കാരശേരി മാഷിനെ പോലെയുള്ളവര്‍ വീണു പോയതില്‍ അത്ഭുതം തോന്നുന്നുണ്ട്. സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് നിലമ്പൂരില്‍ കഴിഞ്ഞ കുറച്ച് നാളുകളായി നടന്ന് കൊണ്ടിരിക്കുന്നത്.

അതിലൊക്കെ, നേതൃത്വം നല്‍കുന്ന എന്നെ പരമാവധി തേജോവധം ചെയ്യുക എന്ന ലക്ഷ്യത്തോടെ പുതിയതായി ആരംഭിച്ച പരിപാടികള്‍ എവിടെ നിന്ന് പ്ലാന്‍ ചെയ്തതാണെന്നും അതിന് ആരൊക്കെ നേതൃത്വം നല്‍കിയിട്ടുണ്ടെന്നും വ്യക്തമായ ധാരണയുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കക്കാടുംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് മാസങ്ങളായി പൂട്ടിയിട്ടിരിക്കുന്നു. അതോടെ പാര്‍ക്കിലെ ജോലിക്കാരായ 42-ഓളം ആളുകളുടെ കുടുംബങ്ങളും പട്ടിണിയിലാണ്. അവിടെ, ആരെന്ത് സംരംഭം തുടങ്ങിയാലും അതെല്ലാം പി.വി. അന്‍വറിന്റേതാണെന്ന വാര്‍ത്ത സൃഷ്ടിച്ച്, രംഗം കൊഴുപ്പിക്കുന്നവര്‍ അവിടുത്തെ നാട്ടുകാരുടെ വികാരത്തേയും മാനിക്കണം.

പ്രദേശത്ത് വ്യാപകമായിരുന്ന കവുങ്ങ് കൃഷി നശിച്ചതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന അവര്‍ ഇന്ന് അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. അവര്‍ സംഘടിച്ച്,നിങ്ങളെ ചോദ്യം ചെയ്‌തെങ്കില്‍ ഞാന്‍ അതിന് ഉത്തരവാദിയല്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബിസിനസ് ആവശ്യത്തിനായി ശ്രീലങ്കയിലാണ്. ഈ വിഷയങ്ങള്‍ ഒക്കെ മാധ്യമങ്ങളില്‍ കൂടിയാണ് അറിഞ്ഞത്.

ഈ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍, ഇപ്പോള്‍ തന്നെ ഇങ്ങനെ ഒരു വിവാദവുമായി ഇറങ്ങി പുറപ്പെട്ടതിന്റെ പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. അഞ്ച് നിയമസഭാ സീറ്റുകളില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പാണ് ഷാജഹാന്‍ ഉള്‍പ്പെടെയുള്ളവരുടെ ലക്ഷ്യം.

അതിനൊപ്പം, ഈ നാടകത്തിന്റെ പിന്നിലെ ചിലരുടെ രാഷ്ട്രീയ ലാഭങ്ങള്‍ നിലമ്പൂരിലെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ആലോചിച്ചാല്‍, ആര്‍ക്കും കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്നലത്തെ പരിപാടി സ്‌പോണ്‍സര്‍ ചെയ്തത്, കൊല്ലത്തും നിലമ്പൂരിലുമുള്ള ചില തല്‍പ്പരകക്ഷികളാണ്. കാരശേരി മാഷ്, അദ്ദേഹം പോലും അറിയാതെ, തിരക്കഥ എഴുതിയവരുടെ നാടകത്തിലെ കഥാപാത്രമായി മാറുകയാണുണ്ടായത്.

ഇല്ലാത്ത പാറമട, ഉണ്ടെന്ന പേരില്‍ ക്രൂശിക്കാന്‍ ശ്രമിക്കുന്ന മാധ്യമസുഹൃത്തുകള്‍ വസ്തുതകള്‍ കൃത്യമായി അന്വേഷിക്കണം. നിങ്ങള്‍ നടത്തുന്ന ഈ പെയ്ഡ് സമരങ്ങളെ ജനം വകവെയ്ക്കില്ല. കഴിഞ്ഞ മൂന്നര കൊല്ലങ്ങളായി, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത്, വെള്ളത്തില്‍ വരയ്ക്കുന്ന വര പോലെ, ഇടതുപക്ഷത്തെ കരിവാരി തേക്കുന്നവര്‍ എന്നതിനപ്പുറം, സി.ആര്‍.നീലകണ്ഠനും ഷാജഹാനും എന്ത് പ്രസക്തിയാണുള്ളത്?

61 പേര്‍ മരണമടഞ്ഞ നിലമ്പൂരിലേക്ക്,ഒരു തുണ്ട് തുണി എത്തിക്കാന്‍ ഇവരില്‍ ഒരാള്‍ക്കും ഇന്ന് വരെ കഴിഞ്ഞിട്ടില്ല. എല്ലാം കഴിഞ്ഞ ശേഷം, പണം പറ്റിയുള്ള നീലകണ്ഠന്റെ എഴുന്നള്ളത്ത് ജനം വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ശ്രീ. വി.എം.സുധീരനൊപ്പം, പാതാര്‍ സന്ദര്‍ശ്ശിച്ച നീലകണ്ഠനും കേട്ടതാണ് അവിടുത്തെ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍. ആ പോരായ്മ പരിഹരിക്കാന്‍ ഇറങ്ങിയ നിങ്ങള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കി.അതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല.

ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും എന്റെ ഗുണ്ടകളായി ചിത്രീകരിക്കുന്നവര്‍,അതില്‍ കോണ്‍ഗ്രസ്-ലീഗ് നേതാക്കളും ഉണ്ടെന്ന് പറയുന്നതോടെ തന്നെ, രാഷ്ട്രീയത്തിനും അതീതമായി അത് നാട്ടുകാരുടെ പ്രതിഷേധമാണെന്ന് നിങ്ങളും സമ്മതിക്കുന്നുണ്ട്. എന്തൊക്കെ കുപ്രചരണങ്ങള്‍ സൃഷ്ടിച്ചാലും തളരില്ല. കഴിയുന്നതിന്റെ പരമാവധി അത് പലരും നടത്തിയിട്ടുണ്ട്. ഇനിയും തുടര്‍ന്നാലും വിരോധമില്ല.

നിലമ്പൂരിലെ ചിന്താശേഷിയുള്ള ജനങ്ങള്‍ എനിക്കൊപ്പമുണ്ട്. എന്നെ വിലയിരുത്തേണ്ടത് അവരാണ്. എനിക്ക് അവരുടെ അംഗീകാരം മാത്രം മതി.

We use cookies to give you the best possible experience. Learn more