നിലമ്പൂര്‍: കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ പിണറായി വിജയന്‍ എന്ന ഭരണാധികാരി നേടിയ അംഗീകാരം പ്രതിപക്ഷത്തേയും ബി.ജെ.പിയേയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി കേസിലെ പ്രതികളിലൊരാളായ സ്വപ്‌ന സുരേഷ് രംഗത്തെത്തിയതിന് പിന്നാലെയാണ് പി.വി. അന്‍വറിന്റെ പോസ്റ്റ്. ഒരു ചുക്കും ചെയ്യില്ലെന്ന് എഴുതിയ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു അന്‍വറിന്റെ കുറിപ്പ്.
പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യപ്പെട്ട തൊണ്ണൂറ്റി ഒന്‍പത് ശതമാനം കാര്യങ്ങളും നടപ്പിലാക്കി കാണിച്ച് കൊടുത്ത ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവ് ജനങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.
തുടര്‍ഭരണം എന്ന ചരിത്രനേട്ടവുമായി ആ മനുഷ്യന്‍ നടന്ന് കയറിയത് ജനങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. ഓഖി, നിപ്പ, രണ്ട് പ്രളയങ്ങള്‍ എന്നിങ്ങനെ നമ്മുടെ സംസ്ഥാനം പ്രതിസന്ധികളെ നേരിട്ട വേളകളിലൊക്കെ അയാള്‍ ജനങ്ങള്‍ ഏല്‍പ്പിച്ച ക്യാപ്റ്റന്‍സിക്ക് ഒപ്പം തന്നെ ഉയര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചു.
ക്ഷേമ-വികസന പ്രവര്‍ത്തനങ്ങളില്‍ മറ്റൊരിക്കലും കാണാനാകാത്ത പുരോഗതിയുമായാണ് രണ്ടാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നത്.
കിഫ്ബി, ഗെയില്‍, കൊച്ചി-ഇടമണ്‍ പവര്‍ ലൈന്‍, ദേശീയ പാതാ വികസനം എന്നിങ്ങനെ ഒരിക്കലും നടപ്പിലാക്കാന്‍ കഴിയില്ലെന്ന് പലരും കണക്കാക്കിയ നിരവധി പദ്ധതികള്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പിലായി.