| Saturday, 7th May 2022, 2:44 pm

യു.ഡി.എഫ് കുത്തക വോട്ട് ബാങ്കായി കണക്കാക്കിയിരുന്ന ക്രിസ്ത്യാനികള്‍ ഇടതിന്റെ മുന്‍നിരയില്‍ വരുന്നതിന്റെ പ്രയാസമാണ് തൃക്കാരയിലെ വിവാദങ്ങള്‍ക്ക് പിന്നില്‍: പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി പി.വി. അന്‍വര്‍ എം.എല്‍.എ.

കാലങ്ങളായി യു.ഡി.എഫ് അവരുടെ കുത്തക വോട്ട് ബാങ്കായി കണക്കാക്കിയിരുന്ന ക്രിസ്ത്യന്‍ മേഖലയില്‍ നിന്ന് നിരവധി ആളുകള്‍ ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ മുന്‍നിരയില്‍ എത്തിയിട്ടുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി.വി. അന്‍വറിന്റെ പ്രതികരണം.

‘ഒരു കാലത്ത് കമ്മ്യൂണിസ്റ്റായാല്‍ അവനെ ദൈവ നിഷേധിയും തെമ്മാടിയുമായി ഇടവകകളില്‍ മുദ്രകുത്തുന്ന ഒരു കീഴ്വഴക്കം തന്നെ നിലനിന്നിരുന്നു. അല്ലെങ്കില്‍ അവിടങ്ങളിലെ കോണ്‍ഗ്രസുകാര്‍ സമര്‍ത്ഥമായി ആ രീതിയില്‍ കാര്യങ്ങള്‍ എത്തിച്ചിരുന്നു. അപ്രഖ്യാപിത വിലക്ക് വരെ അവര്‍ക്ക് നേരേ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം എതിര്‍പ്പ് മറികടന്നും ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ച ആയിരക്കണക്കിന് സഖാക്കള്‍ അക്കാലത്ത് പോലുമുണ്ടായിട്ടുണ്ട്.

ഇന്ന് കാലം മാറി. ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലകളില്‍ കാര്യമായ വേരോട്ടം ഇന്ന് ഇടതുപക്ഷത്തിനുണ്ട്. പുരോഹിതന്മാര്‍ പോലും ഇന്ന് ഇടതുപക്ഷമാണെന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ട്. യേശുദേവന്റെ വചനങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കും കമ്മ്യൂണിസവുമായി ഏറെക്കുറേ സാമ്യമുണ്ടെന്ന് വിശ്വാസികള്‍ മനസിലാക്കി തുടങ്ങി. അതോടെ കുത്തക അവകാശക്കാര്‍ക്ക് വേവലാതിയായി തുടങ്ങിയിട്ടുണ്ട്. ഈ കുത്തകവല്‍ക്കരണത്തിനൊക്കെ ചെറുതല്ലാത്ത പങ്കുവഹിച്ച മനോരമയ്ക്കും ഇരിക്കപ്പൊറുതി ഇല്ലാതെയായിട്ടുണ്ട്,’ അന്‍വര്‍ പറഞ്ഞു.

ആറന്മുളയിലെ അതേഅച്ചില്‍ വാര്‍ത്തെടുത്ത തന്ത്രങ്ങള്‍ തന്നെയാണിപ്പോള്‍ തൃക്കാക്കരയിലും യു.ഡി.എഫ് പയറ്റുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

‘ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി സഖാവ് വീണാ ജോര്‍ജ് ആദ്യമായി മത്സര രംഗത്ത് എത്തിയപ്പോള്‍ നേരിടേണ്ടി വന്നത് ഇതിലും വലിയ എതിര്‍പ്പുകളും വ്യാജപ്രചരണങ്ങളുമായിരുന്നു.
ആറന്മുളയില്‍ അവര്‍ നടത്തിയ സഭ സ്ഥാനാര്‍ത്ഥി ചാപ്പയടി തൃക്കാക്കരയില്‍ എത്തിയപ്പോളും അതേ പോലെ തുടരുന്നുണ്ട്. ലിസി ഹോസ്പിറ്റലിന്റെ ഡയറക്ടറായ പുരോഹിതനെയടക്കം ഇന്നവര്‍ ക്രിസംഘിയായി ചിത്രീകരിച്ച് അപമാനിക്കുന്നു. യു.ഡി.എഫിനോളം വര്‍ഗീയത പരസ്യമായി പ്രകടിപ്പിക്കുന്ന മറ്റാരുമില്ല. അള്ളാഹു അക്ബര്‍-വിളികളോടെ ലീഗ് അവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നന്നത് നമ്മള്‍ സ്ഥിരം കാണാറുള്ളതാണല്ലോ.

ആറന്മുളയിലെ അതേഅച്ചില്‍ വാര്‍ത്തെടുത്ത തന്ത്രങ്ങള്‍ തന്നെയാണിപ്പോള്‍ തൃക്കാക്കരയിലും യു.ഡി.എഫ് പയറ്റുന്നത്. ഒരു കാര്യവുമില്ല. ഇന്നിപ്പോള്‍ പഴയ കുത്തകയൊന്നുമില്ല. നിങ്ങളുടെ കാല്‍ചുവട്ടിലെ മണ്ണൊക്കെ എന്നേ ഒലിച്ച് പോയിട്ടുണ്ട്.

വീണാ ജോര്‍ജ്ജ് വരും. ഡോ:ജോ ജോസഫ് വരും. അങ്ങനെ ആയിരങ്ങള്‍ ഇനിയും വരും.
തടയാനുള്ള ഉറപ്പൊന്നും കേരളത്തിലെ യു.ഡി.എഫിനോ കോണ്‍ഗ്രസിനോ ഇപ്പോളില്ല.
തൃക്കാക്കരയില്‍ യുഡിഫ് നല്ലോണം പതറിയിട്ടുണ്ട്. അവിടെനിന്ന് ഇത്തവണ ഡോ. ജോ ജോസഫ് നിയമസഭയിലെത്തുക തന്നെ ചെയ്യും,’ അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: PV Anvar responds to controversy over LDF candidate selection in Thrikkakara by-election

We use cookies to give you the best possible experience. Learn more