|

പി.വി. അന്‍വര്‍ എം.എല്‍.എ സ്ഥാനത്ത് നിന്ന് രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ പി.വി. അന്‍വര്‍ രാജിവെച്ചു. സ്പീക്കര്‍ എ.എന്‍. ഷംസീറിനെ കണ്ട് രാജി കത്ത് കൈമാറുകയായിരുന്നു. തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന്റെ പശ്ചാത്തലത്തിൽ അയോഗ്യത ഒഴിവാക്കുന്നതിനായാണ് രാജി.

കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം ബാക്കിനിൽക്കേയാണ് പി.വി. അൻവറിന്റെ രാജി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ നിയമസഭയിലെത്തിയ സ്വതന്ത്ര എം.എല്‍.എയാണ് പി.വി. അന്‍വര്‍.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കാന്‍ പി.വി. അന്‍വര്‍ തീരുമാനിച്ചിരുന്നു.

ഇന്നലെ (ഞായറാഴ്ച) കൊല്‍ക്കത്തയിലെത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അന്‍വര്‍ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയും ചെയ്തിരുന്നു.

അതേസമയം ടി.എം.സിയില്‍ ഔദ്യോഗികമായി അദ്ദേഹം അംഗത്വം സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. എന്നാൽ രാജിവെച്ച് ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ മമത നിർദേശം നൽകിയതായാണ് സൂചന.

വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതിന് ശേഷമാണ് പി.വി. അന്‍വര്‍ എം.എല്‍.എ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. എ.ഡി.ജി.പി അജിത് കുമാര്‍, എസ്.പി സുജിത് ദാസ് എന്നീ ഉന്നത ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സെക്രട്ടറി പി. ശശി തുടങ്ങിയവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി. അന്‍വര്‍ ഉന്നയിച്ചിരുന്നത്.

അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് മേല്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ഉണ്ടായി. പിന്നാലെ പി.വി. അന്‍വറിന് നല്‍കിയിരുന്ന പിന്തുണ ഇടതുപക്ഷം പിന്‍വലിക്കുകയും ചെയ്തിരുന്നു.

അടുത്തിടെ നിലമ്പൂര്‍ മണ്ഡലത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച പി.വി. അന്‍വറിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. നിലമ്പൂരിലെ ഡി.എം.ഒ ഓഫീസില്‍ തകര്‍ത്തത്തിലായിരുന്നു അറസ്റ്റ്.

പിന്നാലെ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നേതാവ് പി.കെ. ഫിറോസ് എന്നിവര്‍ അന്‍വറിന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. അറസ്റ്റ് ഇടതുസര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.

ഇതോടെ പി.വി. അന്‍വറിന് യു.ഡി.എഫിന്റെ പിന്തുണ വീണ്ടും ലഭിക്കുന്ന കാഴ്ചയാണ് കേരള രാഷ്ട്രീയം കണ്ടത്. പി.വി. അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനവും സാധ്യതയിലുണ്ടായിരുന്നു. പക്ഷെ പി.വി. അന്‍വറിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വിഷയങ്ങളില്‍ യു.ഡി.എഫ് പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ അപ്രതീക്ഷിതമായി അന്‍വര്‍ ടി.എം.സി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. പിന്നാലെയാണ് രാജി.

Content Highlight: PV Anvar resigned from the post of MLA