| Monday, 1st August 2022, 9:31 pm

ശ്രീറാം വിഷയത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് കത്തയച്ച് പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്ററാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പി.വി. അന്‍വര്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് കത്തയച്ചു.

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തെ ചിലര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ മുന്‍ നിര്‍ത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പി.വി. അന്‍വര്‍ കത്തില്‍ ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് കത്തയച്ച വിവരം എം.എല്‍.എ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ ആക്കി നിയമിച്ചത് പൊതുസമൂഹത്തില്‍ വ്യാപകമായ പരാതികള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. മത- ജാതി ഭേദമന്യേ ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ എതിരഭിപ്രായം ഉയരുന്നുണ്ട്.

ഈ സാഹചര്യം മുതലാക്കി വ്യാപകമായി സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി ചിലര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി വിഷയത്തില്‍ ഇടപെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പി.വി. അന്‍വര്‍ ഇ.പി. ജയരാജനയച്ച കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി പുനപരിശേധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടതു സഹയാത്രികനും മുന്‍ എം.എല്‍.എയുമായ കാരാട്ട് റസാഖും രംഗത്തെത്തയിരുന്നു. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും ഇടതുപക്ഷത്തെ എക്കാലത്തും സഹായിച്ച പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു റസാഖിന്റെ പ്രതികരണം.

2019 ഓഗസ്റ്റ് മൂന്നിനാണ് കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചായിരുന്നു ബഷീറിന്റെ മരണം.

റോഡില്‍ തെറിച്ചുവീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. പിന്നീട് വകുപ്പില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ഇയാളെ ആരോഗ്യവകുപ്പില്‍ തിരിച്ചെടുത്തിരുന്നു.

ഇതിന് പിന്നാലെയായിരുന്നു വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്. തുടര്‍ന്ന് വിവിധ സംഘടനകളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വലിയ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

Content Highlight: PV Anvar MLA writes letter to LDF Convener EP Jayarajan about Sreeram Venkitaraman’s appointment

We use cookies to give you the best possible experience. Learn more