| Thursday, 10th September 2020, 7:48 am

പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടതിന് വീട് കയറി മര്‍ദ്ദനം; പി.വി അന്‍വര്‍ എം.എല്‍.എ പ്രതികളെ സംരക്ഷിക്കുന്നതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിനെതിരെ പ്രകടനം നടത്തിയതിന്റെ പേരില്‍ പുറത്താക്കിയ സി.പി.ഐ.എം പ്രവര്‍ത്തകനെ തിരിച്ചെടുക്കണമെന്ന് ആവശ്യപെട്ടതിന്റെ പേരില്‍ വീടുകയറി ആക്രമിച്ചെന്ന് പരാതി. മലപ്പുറം പോത്തുകല്ല് സ്വദേശി മുജീബ് റഹ്മാനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പി.വി.അന്‍വര്‍ എം.എല്‍.എയുടെ സ്വാധീനത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റുചെയ്യുന്നില്ലെന്നും മുജീബ് ആരോപിച്ചു.

പാര്‍ട്ടി നേതാക്കളെ തഴഞ്ഞ് നിയമസഭാ തെരെഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ പി.വി അന്‍വറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിനെതിരെ മുജീബിന്റെ സുഹൃത്ത് ഷംസുദ്ദീന്‍ അടക്കമുള്ള സി.പി.ഐ.എം പ്രവര്‍ത്തകര്‍ പോത്തുകല്ലില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പുറത്താക്കിയ മൂന്നു പേരില്‍ ഷംസുദ്ദീന്‍ ഒഴികെയുള്ളവരെ പിന്നീട് സി.പി.ഐ.എം തിരിച്ചെടുത്തു.

ഷംസുദ്ദീനെ മാത്രം തിരിച്ചെടുക്കാത്തത് ചോദ്യം ചെയ്തതിനാണ് സി.പി.ഐ.എം അനുഭാവിയായ തന്നെ വീടു കയറി ആക്രമിച്ചതിനു കാരണമെന്ന് മുജീബ് ആരോപിച്ചു. ആക്രമണത്തില്‍ ഭാര്യക്കും മക്കള്‍ക്കും പരിക്കേറ്റു.

അക്രമികള്‍ക്കെതിരെ പരാതി നല്‍കിയിട്ടും എം.എല്‍.എയുടെ സ്വാധീനം കൊണ്ട് പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോത്തുകല്ല് പൊലീസ് സ്വീകരിക്കുന്നതെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.

സംഭവത്തില്‍ മലപ്പുറം എസ്.പിക്കും മുജീബ്‌റഹ്മാന്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം പി.വി.അന്‍വര്‍ എം.എല്‍.എയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന് സി.പി.ഐ.എം പോത്തുകല്ല് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. സഹീര്‍ പറഞ്ഞു. വീട് കയറി ആക്രമിച്ചത് തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ഉത്തരവാദികളായ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PV Anwar MLA CPIM

We use cookies to give you the best possible experience. Learn more