| Thursday, 30th December 2021, 6:09 pm

'രാഹുല്‍ ഗാന്ധി പട്ടായ ജയിലിലെന്ന് അഭ്യൂഹം'; 'പക വീട്ടി' പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയില്‍ പരിഹാസവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. രാഹുല്‍ ഗാന്ധി പട്ടായ ജയിലിലെന്ന് അഭ്യൂഹം, ഞങ്ങടെ എം.പീനേ പട്ടായ ജയിലില്‍ നിന്ന് വിട്ട് തരൂ പ്രസിഡന്റേ. ആരും അഭ്യൂഹങ്ങള്‍ പരത്തരുതെന്നാണ് അന്‍വറിന്റെ പോസ്റ്റ്.

അന്‍വറിന്റെ സിയാറാ ലിയോണ്‍ യാത്രയെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രചാരണത്തിന് സമാനമായാണ് അന്‍വറിന്റെ ട്രോള്‍ പോസ്റ്റ്. തായ്ലന്‍ഡ് നാഷണല്‍ അസംബ്ലിയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ടാണ് അന്‍വറിന്റെ പരിഹാസം.

‘ആരും അഭ്യൂഹങ്ങള്‍ പരത്തരുത്. അദ്ദേഹം മിക്കവാറും പട്ടായയിലുണ്ടാവും. തായ്ലന്‍ഡ് നാഷണല്‍ അസംബ്ലിയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലിങ്ക് ഇവിടെ ഷെയര്‍ ചെയ്യുന്നു.

ഇന്ത്യക്കാരനായ ഒരു യുവാവിനെ കാണാനില്ല, പട്ടായയില്‍ ആണെന്ന് അഭ്യൂഹം, അദ്ദേഹം അവിടെ ജയിലിലാണെന്ന് പറയപ്പെടുന്നു, അദ്ദേഹത്തെ മോചിപ്പിക്കണം എന്ന സൈബര്‍ കോണ്‍ഗ്രസ് നിലവാരത്തിലുള്ള കമന്റുകള്‍ ആരും ആ പേജില്‍ പോയി ഇട്ടേക്കരുത്..പതുക്കെ..പതുക്കെ..പൊങ്കാല ഇട്ടാല്‍ മതി,’ അന്‍വര്‍ ഫേസ്ബുക്കില്‍ എഴുതി.

ബിസിനസ് ആവശ്യത്തിനായി പി.വി. അന്‍വര്‍ ആഫ്രിക്കയിലെ സിയാറ ലിയോണില്‍ പോയപ്പോള്‍ കോണ്‍ഗ്രസ് സൈബര്‍ അണികളുടെ ഭാഗത്ത് നിന്ന് സമാനമായ രീതിയിലുള്ള പരിഹാസം നേരിട്ടിരുന്നു. അതിന് അതേ രീതിയില്‍ തിരിച്ചടിക്കുകയാണ് പിവി അന്‍വര്‍.

അതേസമയം, രാഹുലിന്റേത് വ്യക്തിപരമായ സന്ദര്‍ശനമാണെന്നും ഇത് സംബന്ധിച്ച് അഭ്യഹങ്ങള്‍ പരത്തരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

‘രാഹുല്‍ ഗാന്ധി ഹ്രസ്വമായ ഒരു സ്വകാര്യ സന്ദര്‍ശനത്തിലാണ്, ബി.ജെ.പിയും അവരുടെ മാധ്യമ സുഹൃത്തുക്കളും അനാവശ്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത,്’ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം.

അതേസമയം, പാര്‍ലമെന്റ് ശീതകാല സമ്മേളന കാലത്തും രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു. സമ്മേളനം തുടങ്ങിയതിന് പിറ്റെ ദിവസം വിദേശത്തേക്ക് പോയ രാഹുല്‍ സമ്മേളനം കഴിയുന്നതിന് തലേ ദിവസമാണ് തിരിച്ചെത്തിയത്. രാഹുലിന്റെ തുടര്‍ച്ചയായ വിദേശ സന്ദര്‍ശനങ്ങള്‍ ബി.ജെ.പി വളരെ ശക്തമായി ഉപയോഗിക്കാറുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: PV Anvar MLA Mocks Wayanad MP Rahul Gandhi’s trip abroad

We use cookies to give you the best possible experience. Learn more