മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി. അന്‍വര്‍ എം.എല്‍.എ.
ഗവര്‍ണര്‍ ആര്‍.എസ്.എസ് മേധാവിയെ അങ്ങോട്ട് പോയി സന്ദര്‍ശിച്ചതിന്റെ ആവശ്യകത എന്തായിരുന്നു എന്ന് കേരളത്തിലെ ജനങ്ങളോട് വെളിപ്പെടുത്താനുള്ള ബാധ്യത രാജ്ഭവനുണ്ടെന്ന് പി.വി. അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മോഹന്‍ ഭാഗവതിനെ ഭരണഘടനാ പദവിയുള്ള ഗവര്‍ണര്‍ അങ്ങോട്ട് ചെന്ന് കണ്ട് കുമ്പിടേണ്ട അവസ്ഥ ഇന്നിവിടെയില്ലെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
രാജ്ഭവന്റെ നിത്യനിദാന ചെലവുകള്‍ വഹിക്കുന്നത് ‘നാഗ്പൂരില്‍’ നിന്നല്ലെന്നും, ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത്, ആര്‍.എസ്.എസ് മേധാവിയെ സ്വകാര്യമായി സന്ദര്‍ശിച്ച ഗവര്‍ണര്‍ ഈ ചിലവൊക്കെ സ്വന്തം ശമ്പളത്തില്‍ നിന്നെടുത്ത് ചിലവാക്കണം, എന്നിട്ട് മതി സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ക്ലാസെടുക്കുന്നതെന്നും പി.വി. അന്‍വര്‍ വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസമാണ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച രാത്രി എട്ടിനാണ് തൃശൂര്‍ ആനക്കല്ല് അവണിശ്ശേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തിയത്. രണ്ട് ദിവസമായി ആര്‍.എസ്.എസ് മേധാവി തൃശൂരിലുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഞ്ഞടിച്ചു. ഗവര്‍ണര്‍ക്ക് മറുപടി പറയണം എന്ന സി.പി.ഐ.എം തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവര്‍ണറുടെ ആരോപണം അസംബന്ധമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ പറഞ്ഞതില്‍പ്പരം അസംബന്ധം പറയാന്‍ ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം നോക്കാതെ എന്തും പറയാന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
ഗവര്‍ണര്‍ ആര്‍.എസ്.എസ് മേധാവിയെ അങ്ങോട്ട് പോയി സന്ദര്‍ശിച്ചതിന്റെ ആവശ്യകത എന്തായിരുന്നു എന്ന് കേരളത്തിലെ ജനങ്ങളോട് വെളിപ്പെടുത്താനുള്ള ബാധ്യത രാജ് ഭവനുണ്ട്.
മോഹന്‍ ഭാഗവത് തെരഞ്ഞെടുക്കപ്പെട്ട ഒരു അധികാരസ്ഥാനങ്ങളും ഉള്ളയാളല്ല. ഭരണഘടനാ പദവിയുള്ള ഗവര്‍ണര്‍ ഒരു തീവ്ര നിലപാടുള്ള സംഘടനയുടെ നേതാവിനെ അങ്ങോട്ട് ചെന്ന് കണ്ട് കുമ്പിടേണ്ട അവസ്ഥ ഇന്നിവിടെയില്ല.
രാജ് ഭവന്റെ നിത്യനിദാന ചെലവുകള്‍ വഹിക്കുന്നത് ‘നാഗ്പൂരില്‍’ നിന്നല്ല. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന കേരളത്തിലെ പൊതുസമൂഹത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത്, ആര്‍.എസ്.എസ് മേധാവിയെ സ്വകാര്യമായി സന്ദര്‍ശിച്ച ഗവര്‍ണര്‍ ഈ ചെലവൊക്കെ സ്വന്തം ശമ്പളത്തില്‍ നിന്നെടുത്ത് ചിലവാക്കണം. എന്നിട്ട് മതി സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ക്ലാസെടുക്കുന്നത്.