| Wednesday, 16th October 2024, 9:32 pm

'സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം'; പി. സരിനുമായി കൂടിക്കാഴ്ച നടത്തി പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് ഡോ. പി. സരിനുമായി കൂടിക്കാഴ്ച നടത്തി നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. തിരുവില്വാമലയിലെ സരിന്റെ ബന്ധുവീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പാലക്കാട് മണ്ഡലത്തില്‍ പി. സരിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തല്‍.

ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനത്തില്‍ പി. സരിന്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

അതേസമയം സര്‍ക്കാരിനും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന്റെ പേരില്‍ ഇടതുമുന്നണിയും പി.വി. അന്‍വറും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തുടര്‍ന്ന് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരില്‍ അന്‍വര്‍ ഒരു സോഷ്യല്‍ മൂവ്മെന്റ് (ഡി.എം.കെ) രൂപീകരിക്കുകയുണ്ടായി.

നിലവില്‍ ഡി.എം.കെയുടെ പിന്തുണയോടെ ചേലക്കര, പാലക്കാട് മണ്ഡലത്തില്‍ സ്വാതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ പി.വി. അന്‍വര്‍ ലക്ഷ്യമിടുന്നുണ്ട്. ചേലക്കരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുമെന്നും ഡി.എം.കെ പിന്തുണ നല്‍കുമെന്നും അന്‍വര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പി. സരിനുമായി അന്‍വര്‍ ചര്‍ച്ച നടത്തിയിരിക്കുന്നത്.

അതേസമയം സരിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്നും കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെങ്കില്‍ ഉന്നത നേതാക്കളുമായി കൂടിയാലോചിക്കുമെന്ന് സി.പി.ഐ.എം പാലക്കാട് ജില്ലാ നേതൃത്വം പ്രതികരിക്കുകയുമുണ്ടായി.

പാലക്കാട് മണ്ഡലത്തെ ഒറ്റയാളുടെ താത്പര്യത്തിന് വിട്ടുകൊടുക്കരുതെന്നും അങ്ങനെ ചെയ്യുന്നത് പാര്‍ട്ടിയെ ബലി കൊടുക്കുന്നതിന് തുല്യമാകുമെന്നുമാണ് സരിന്‍ പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം പുനഃപരിശോധിക്കണമെന്നും ഇല്ലെങ്കില്‍ ഹരിയാന അവര്‍ത്തിക്കുമെന്നും സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തെറ്റ് പറ്റിയെങ്കില്‍ തിരുത്തണമെന്നും എല്ലാവരും ആഗ്രഹിക്കുന്ന തീരുമാനങ്ങള്‍ എടുക്കണമെന്നും ചിലരെ മാത്രം തൃപ്തിപ്പെടുത്തുന്ന തീരുമാനങ്ങളാകരുത് പാര്‍ട്ടി എടുക്കേണ്ടതെന്നും സരിന്‍ പറയുകയുണ്ടായി.

തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനമാണെന്നും പാര്‍ട്ടിയുടെ നോമിനിയാണ് അല്ലാതെ വ്യക്തി നോമിനിയല്ല മാങ്കൂട്ടത്തിലെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

അഭിപ്രായ ഭിന്നതകള്‍ക്കിടയിലും പ്രചരണം കൊഴുപ്പിക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ (വ്യാഴാഴ്ച) പാലക്കാട് മണ്ഡലത്തില്‍ എത്തുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

Content Highlight: PV Anvar met with P. Sarin

Video Stories

We use cookies to give you the best possible experience. Learn more